Skip to content
Opens in a new window
Listen to this chapter • 5:13

[1] പിന്നീട് തിബെര്യാസ് കടല്‍പ്പുറത്തു വച്ച് യേശു വീണ്ടും ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയാണതു സംഭവിച്ചത്:

[2] ചില ശിഷ്യന്മാര്‍ അവിടെ കൂടിയിരുന്നു. ശിമോന്‍ പത്രൊസ്, തോമസ് എന്നു വിളിക്കുന്ന ദിദിമൊസ്, ഗലീലയിലെ കാനാക്കാരനായ നഥനയേല്‍, സെബെദിയുടെ രണ്ടു പുത്രന്മാര്‍ കൂടാതെ മറ്റു രണ്ടു ശിഷ്യന്മാരും.

[3] ശിമോന്‍ പത്രൊസ് പറഞ്ഞു, “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു.” മറ്റു ശിഷ്യന്മാര്‍ പറഞ്ഞു, “ഞങ്ങളും നിന്നോടൊത്തു വരുന്നു.” അവര്‍ ഒരു വഞ്ചിയില്‍ കയറിപ്പോയി. ആ രാത്രി മുഴുവന്‍ വലയെറിഞ്ഞുവെങ്കിലും ഒന്നിനേയും കിട്ടിയില്ല.

[4] പിറ്റേന്ന് പുലര്‍ച്ചയ്ക്കു യേശു തീരത്തു നിന്നു. എന്നാല്‍ അത് യേശുവാണെന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല.

[5] അപ്പോള്‍ യേശു ശിഷ്യന്മാരോടു ചോദിച്ചു, “സ്നേഹിതരേ നിങ്ങള്‍ക്കു മീന്‍ വല്ലതും കിട്ടിയോ?” ശിഷ്യന്മാര്‍ പറഞ്ഞു, “ഇല്ല.”

[6] യേശു പറഞ്ഞു, “നിങ്ങളുടെ വഞ്ചിയുടെ വലതുവശത്തു വലയെറിയുക. അവിടെ നിന്നു നിങ്ങള്‍ മീന്‍ പിടിക്കും.” ശിഷ്യന്മാര്‍ അങ്ങനെ ചെയ്തു. അവര്‍ക്കു വലവലിച്ചെടുക്കാന്‍ പറ്റാത്തവിധം മത്സ്യം വലയില്‍ കുരുങ്ങി.

[7] യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ പത്രൊസിനോടു പറഞ്ഞു, “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അയാള്‍ പറയുന്നതു പത്രൊസ് കേട്ടു. “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അപ്പോള്‍ തന്നെ പത്രൊസ് വസ്ത്രമെടുത്തിട്ടു. അവന്‍ വെള്ളത്തിലേക്കെടുത്തു ചാടി.

[8] മറ്റു ശിഷ്യന്മാര്‍ വഞ്ചിയില്‍ തന്നെ തീരത്തേക്കു പോയി. മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ട് അവര്‍ തീരത്തു നിന്നും വെറും നൂറുവാര അകലെയായിരുന്നു.

[9] അവര്‍ വഞ്ചിയില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ തീക്കനല്‍ കൂട്ടിയിരിക്കുന്നതു കണ്ടു. ഏതാനും മീനും അപ്പവും അതിന്മേല്‍ വച്ചിരുന്നു.

[10] അപ്പോള്‍ യേശു പറഞ്ഞു, “നിങ്ങള്‍ പിടിച്ചതില്‍ കുറെ മീന്‍ കൂടി കൊണ്ടുവരിക.”

[11] ശിമോന്‍ പത്രൊസ് വഞ്ചിയില്‍ ചെന്ന് മീന്‍ നിറഞ്ഞ വല കരയ്ക്കടുപ്പിച്ചു. അതു നിറയെ വലിയ മീനായിരുന്നു. നൂറ്റമ്പത്തിമൂന്നെണ്ണം. മീനിന് വലിയ ഭാരം ഉണ്ടായിരുന്നെങ്കിലും വല കീറിയിരുന്നില്ല.

[12] യേശു അവരോടു പറഞ്ഞു, “വന്നു കഴിക്കുക.” ശിഷ്യന്മാരിലാരും അവനോട്, “ആരാണു നീ” എന്നു ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. കര്‍ത്താവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

[13] യേശു ചെന്ന് അപ്പമെടുത്ത് അവര്‍ക്കു നല്‍കി. മീനും യേശു അവര്‍ക്കു കൊടുത്തു.

[14] മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിട്ട് യേശു ഇതു മൂന്നാം തവണയാണ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്.

[15] എല്ലാവരും കഴിച്ചുകഴിഞ്ഞപ്പോള്‍ യേശു ശിമോന്‍ പത്രൊസിനോടു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീ മറ്റുള്ള ഈ മനുഷ്യരേക്കാള്‍ കൂടുതല്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?” പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക.”

[16] യേശു പത്രൊസിനോടു രണ്ടാമതും ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക.”

[17] മൂന്നാമതും യേശു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീയെന്നെ സ്നേഹിക്കുന്നുവോ?” മൂന്നു തവണ യേശു തന്നോടിങ്ങനെ ചോദിച്ചതില്‍ പത്രൊസിനു സങ്കടമായി. പത്രൊസ് പറഞ്ഞു, “നിനക്കെല്ലാമറിയാമല്ലോ കര്‍ത്താവേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക.

[18] ഞാന്‍ നിന്നോടു സത്യമായി പറയാം. ചെറുപ്പത്തില്‍ നീ അരമുറുക്കി ഇഷ്ടമുള്ളിടത്തു പോയിരുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ നീ കൈകള്‍ നീട്ടുകയും വേറൊരാള്‍ നിന്‍റെ അരകെട്ടി നിനക്കിഷ്ടമില്ലാത്തിടത്തേയ്ക്കു കൊണ്ടുപോവുകയും ചെയ്യും.”

[19] (പത്രൊസ് എപ്രകാരമുള്ള മരണത്താല്‍ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് യേശു പറയുകയായിരുന്നു.) അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്നെ അനുഗമിക്കുക.”

[20] പത്രൊസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍ പുറകേ വരുന്നതു കണ്ടു. (ഈ ശിഷ്യനാണ് അത്താഴസമയത്ത് യേശുവിനോടു ചാഞ്ഞുനിന്ന് “കര്‍ത്താവേ, ആരാണു നിനക്കെതിരെ തിരിയുക?” എന്നു ചോദിച്ചത്.)

[21] അയാള്‍ പിന്നാലെ വരുന്നതു കണ്ട് പത്രൊസ് ചോദിച്ചു, “ഇയാളുടെ കാര്യമോ കര്‍ത്താവേ?”

[22] യേശു മറുപടി പറഞ്ഞു, “ഞാന്‍ വരുന്നതുവരെ ഇയാള്‍ ജീവനോടെ ഇരിക്കണം എന്നെനിക്ക് താല്പര്യമുണ്ടാകാം. അതു നീ കാര്യമാക്കേണ്ടതില്ല. നീ എന്നെ അനുഗമിക്കുക.”

[23] അങ്ങനെ സഹോദരന്മാരുടെ ഇടയില്‍ ഒരു കഥ പ്രചരിച്ചു. യേശു സ്നേഹിച്ച ആ ശിഷ്യന്‍ മരിക്കയില്ല എന്നവര്‍ പറഞ്ഞു പരത്തി. എന്നാല്‍ അവന്‍ മരിക്കയില്ലെന്ന് യേശു പറഞ്ഞില്ല. ഞാന്‍ വരും വരെ അവന്‍ ജീവിച്ചിരിക്കണമെന്ന് ഞാനാഗ്രഹിച്ചേക്കാം. അതിനു നിനക്കെന്ത്? എന്നു മാത്രമേ അവന്‍ പറഞ്ഞുള്ളൂ.

[24] ആ ശിഷ്യനാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. ഇതെല്ലാം ഇപ്പോഴെഴുതിയതും അയാളാണ്. അവന്‍ പറയുന്നതു സത്യമാണെന്നും നമുക്കറിയാം.

[25] യേശു ചെയ്ത ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. അതെല്ലാം എഴുതപ്പെട്ടുവെങ്കില്‍ ഈ ലോകം മുഴുവനും ആ എഴുതപ്പെട്ട പുസ്തകങ്ങള്‍ വെക്കാന്‍ മതിയാകയില്ല എന്നു ഞാന്‍ കരുതുന്നു.

യോഹന്നാന്‍ — Chapters