[1] ബേഥാന്യയില്‍ ലാസര്‍ എന്നൊരാള്‍ ദീനമായി കിടന്നിരുന്നു. ഇവിടെത്തന്നെയാണ് മറിയയും സഹോദരി മാര്‍ത്തയും താമസിച്ചിരുന്നത്.
[2] (ഇതേ മറിയയാണ് പിന്നീട് യേശുവിനെ തൈലാഭിഷേകം ചെയ്തതും അവന്‍റെ കാലുകളെ തലമുടികൊണ്ട് തുടച്ചതും.) മറിയയുടെ സഹോദരനാണ് ഇപ്പോള്‍ രോഗിയായ ലാസര്‍.
[3] അതുകൊണ്ട് മറിയയും മാര്‍ത്തയും സന്ദേശവുമായി ഒരാളെ യേശുവിന്‍റെയടുത്തേക്കു അയച്ചു പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ പ്രിയ സുഹൃത്ത് ലാസര്‍ രോഗിയായിരിക്കുന്നു.”
[4] ഇതു കേട്ട് യേശു പറഞ്ഞു, “ഈ രോഗത്തിന്‍റെ അന്ത്യം മരണമല്ല. ഇതു ദൈവത്തിന്‍റെ മഹത്വത്തിന്‍റേതാണ്. മനുഷ്യ പുത്രനു മഹത്വമുണ്ടാകാനാണു ഇതു വന്നത്.”
[5] (യേശു മാര്‍ത്തയെയും സഹോദരിയെയും ലാസറെയും സ്നേഹിച്ചിരുന്നു).
[6] ലാസര്‍ രോഗിയാണെന്നു കേട്ടപ്പോള്‍ യേശു താന്‍ പാര്‍ത്തിരുന്നിടത്തു രണ്ടു ദിവസം കൂടി തങ്ങി.
[7] അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നമുക്ക് യെഹൂദ്യയിലേക്കു മടങ്ങണം.”
[8] ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ ഗുരോ, യെഹൂദ്യയിലെ യെഹൂദര്‍ അങ്ങയെ കല്ലെറിയാന്‍ ശ്രമിച്ചവരാണ്. അതും ഈയിടെ. എന്നിട്ടും അങ്ങയ്ക്കു അവിടെ പോകണമെന്നോ?”
[9] യേശു മറുപടി പറഞ്ഞു, “ദിവസം പന്ത്രണ്ടു മണിക്കൂര്‍ പ്രകാശമുണ്ടെന്നതു ശരിയല്ലേ? പകല്‍ നടക്കുന്നവന്‍ തട്ടിമറിഞ്ഞു വീഴുന്നില്ല. കാരണമെന്തെന്നാല്‍ ഈ ലോകത്തിന്‍റെ വെളിച്ചത്തില്‍ അവനു കാണാം.
[10] പക്ഷേ രാത്രിയില്‍ നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം? അവന്‍റെ കാഴ്ചയ്ക്കു വേണ്ട പ്രകാശമില്ല.”
[11] യേശു ഇതെല്ലാം പറഞ്ഞതിനു ശേഷം പറഞ്ഞു, “നമ്മുടെ സുഹൃത്ത് ലാസര്‍ ഉറങ്ങുന്നു. അവനെ ഉണര്‍ത്താനാണു ഞാന്‍ പോകുന്നത്.”
[12] ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ കര്‍ത്താവേ, അവന്‍ ഉറങ്ങുകയാണെങ്കില്‍ സുഖം പ്രാപിക്കും.”
[13] ലാസര്‍ മരിച്ചുവെന്നാണ് യേശു അര്‍ത്ഥമാക്കിയത്. എന്നാല്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ലാസര്‍ സ്വാഭാവികമായി ഉറങ്ങുന്നുവെന്ന് യേശു പറഞ്ഞുവെന്നാണ്.
[14] അതിനാല്‍ യേശു വ്യക്തമാക്കി, “ലാസര്‍ മരിച്ചു.
[15] ഞാനവിടെ ഇല്ലായിരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ കരുതി ഞാന്‍ സന്തോഷിക്കുന്നു. കാരണം ഇപ്പോള്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമല്ലോ. നമുക്കിപ്പോള്‍തന്നെ അവന്‍റെയടുത്തു പോകാം.”
[16] അപ്പോള്‍ ദിദിമൊസ് എന്നു വിളിക്കപ്പെടുന്ന തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു, “നമ്മള്‍ക്കും പോകാം. യെഹൂദ്യയില്‍ യേശുവിനോടൊപ്പം നമുക്കും മരിക്കാം.”
[17] യേശു ബേഥാന്യയിലെത്തി. അപ്പോഴേക്കും ലാസര്‍ മരിച്ചുവെന്നും കല്ലറയിലായിട്ടു തന്നെ നാലു ദിവസമായെന്നും യേശു അറിഞ്ഞു.
[18] യെരൂശലേമില്‍നിന്നും രണ്ടു നാഴിക മാറിയായിരുന്നു ബേഥാന്യ.
[19] അനേകം യെഹൂദര്‍ മാര്‍ത്തയേയും മറിയയേയും കാണാന്‍ വന്നു. സഹോദരനെക്കുറിച്ച് അവരെ സമാധാനിപ്പിക്കാനാണ് യെഹൂദര്‍ വന്നത്.
[20] യേശു വരുന്നെന്നു മാര്‍ത്ത അറിഞ്ഞു. അവള്‍ ചെന്ന് അവനെ കണ്ടു. എന്നാല്‍ മറിയ വീട്ടില്‍ തങ്ങി.
[21] മാര്‍ത്ത യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു.
[22] എങ്കിലും ദൈവത്തോട് ഇപ്പോഴും നീ ആവശ്യപ്പെടുന്നത് എന്തുതന്നെയായാലും നിനക്കവന്‍ തരുമെന്ന് എനിക്കറിയാം.”
[23] യേശു പറഞ്ഞു, “നിന്‍റെ സഹോദരന്‍ എഴുന്നേറ്റു വീണ്ടും ജീവിക്കും.”
[24] മാര്‍ത്ത പറഞ്ഞു, “അന്ത്യ നാളില്‍ ആളുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എനിക്കറിയാം.”
[25] യേശു അവളോടു പറഞ്ഞു, “ഞാനാകുന്നു പുനരുത്ഥാനം. ഞാനാണ് ജീവന്‍. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും വീണ്ടും ജീവിക്കും.
[26] എന്നില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ഒരിക്കലും മരിക്കില്ല. നീയിതു വിശ്വസിക്കുന്നുവോ മാര്‍ത്തേ?”
[27] മാര്‍ത്ത മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ദൈവപുത്രനായ ക്രിസ്തു നീയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലേക്കു വരുന്നവന്‍ നീയാണ്.”
[28] ഇത്രയും പറഞ്ഞ് മാര്‍ത്ത മറിയയുടെ അടുത്തേക്കു പോയി. അവള്‍ മറിയയോട് ഒറ്റയ്ക്കു സംസാരിച്ചു. മാര്‍ത്ത പറഞ്ഞു, “ഗുരു ഇവിടെയുണ്ട്. അവന്‍ നിന്നെ അന്വേഷിക്കുന്നു.”
[29] അതു കേട്ടയുടനെ മറിയ എഴുന്നേറ്റ് യേശുവിന്‍റെ അടുത്തേക്ക് ഓടി.
[30] യേശു ഇതുവരെ ഗ്രാമത്തിലെത്തിയിരുന്നില്ല. അവനപ്പോഴും മാര്‍ത്ത അവനെ കണ്ട സ്ഥലത്തു തന്നെയായിരുന്നു.
[31] മറിയയെ വീട്ടില്‍ വച്ചു ആശ്വസിപ്പിച്ചു കൊണ്ടിരുന്ന യെഹൂദരും അവളോടൊപ്പം പോയി. അവള്‍ പെട്ടെന്നു പുറത്തേക്കു പോകുന്നതവര്‍ കണ്ടിരുന്നു. അവള്‍ ലാസറിന്‍റെ കല്ലറയില്‍ കരയാന്‍ പോകുകയാണെന്ന് അവര്‍ കരുതി.
[32] അവള്‍ യേശുവുണ്ടായിരുന്ന സ്ഥലത്തെത്തി. മറിയ യേശുവിനെ കണ്ടപ്പോള്‍ അവന്‍റെ കാല്‍ക്കല്‍ വീണു. മറിയ പറഞ്ഞു, “കര്‍ത്താവേ, നീയിവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു.”
[33] മറിയ കരയുന്നത് യേശു കണ്ടു. അവളോടൊപ്പം വന്ന യെഹൂദരെയും യേശു കണ്ടു. അവരും കരയുകയായിരുന്നു. യേശുവിനു കടുത്ത ദുഃഖം തോന്നി. അവന്‍റെ ഹൃദയം കലങ്ങി മറിഞ്ഞു.
[34] യേശു ചോദിച്ചു, “എവിടെയാണു നിങ്ങളവനെ സംസ്കരിച്ചത്?” അവര്‍ പറഞ്ഞു, “കര്‍ത്താവേ, വന്നു കണ്ടാലും.”
[35] യേശു കരഞ്ഞു.
[36] യെഹൂദര്‍ പറഞ്ഞു, “നോക്കൂ, യേശു ലാസറിനെ എത്രമാത്രം സ്നേഹിച്ചിരുന്നു.”
[37] പക്ഷേ ചില യെഹൂദര്‍ പറഞ്ഞു, “യേശു ഒരന്ധനു കാഴ്ച നല്‍കി. ലാസര്‍ മരിക്കുന്നതില്‍ നിന്നു തടയാന്‍ എന്തുകൊണ്ട് അവനൊന്നും ചെയ്തില്ല?”
[38] വീണ്ടും യേശുവിന്‍റെ മനസ്സില്‍ ദുഃഖം നിറഞ്ഞു. ലാസറിനെ അടക്കം ചെയ്ത കല്ലറയിലേക്കവന്‍ പോയി. വാതില്‍ വലിയൊരു കല്ലുകൊണ്ടടച്ച ഒരു ഗുഹയായിരുന്നു അത്.
[39] യേശു കല്പിച്ചു, “കല്ല് എടുത്തു മാറ്റൂ.” മാര്‍ത്ത പറഞ്ഞു, “പക്ഷേ കര്‍ത്താവേ, ലാസര്‍ മരിച്ചിട്ടു നാലു ദിവസമായി. അതു തുറന്നാല്‍ ദുര്‍ഗന്ധമുണ്ടാവും.” മരിച്ച ആളുടെ സഹോദരിയായിരുന്നു മാര്‍ത്ത.
[40] അപ്പോള്‍ യേശു മാര്‍ത്തയോടു പറഞ്ഞു, “ഞാന്‍ നിന്നോടു പറഞ്ഞത് ഓര്‍മ്മിക്കുക. വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ മഹത്വം നിനക്കു കാണാമെന്നു ഞാന്‍ പറഞ്ഞില്ലേ?”
[41] അതിനാലവര്‍ കല്ല് ഉരുട്ടി മാറ്റി. അപ്പോള്‍ യേശു മുകളിലേക്കു നോക്കി പറഞ്ഞു, “പിതാവേ, എന്നെ ശ്രവിച്ചതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു.
[42] അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്‍റെ ചുറ്റുമുള്ള ആളുകളെ കരുതിയാണ് ഞാനതൊക്കെ പറഞ്ഞത്. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.”
[43] ഇതു പറഞ്ഞതിനു ശേഷം യേശു വലിയ ഉച്ചത്തില്‍ വിളിച്ചു, “ലാസറേപുറത്തു വരൂ.”
[44] മരിച്ചവന്‍ പുറത്തു വന്നു. അവന്‍റെ കൈകാലുകള്‍ തുണിക്കഷണങ്ങള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. മുഖം തൂവാലയില്‍ പൊതിഞ്ഞിരുന്നു. യേശു ആളുകളോടു പറഞ്ഞു, “അവന്‍റെമേല്‍ നിന്ന് വസ്ത്രങ്ങളെടുത്ത് അവനെ പോകാനനുവദിക്കുക.”
[45] മറിയയെ സന്ദര്‍ശിക്കാന്‍ വളരെയധികം യെഹൂദര്‍ എത്തിയിരുന്നു. യേശു ചെയ്തത് അവര്‍ കണ്ടു. അവരിലധികംപേരും യേശുവില്‍ വിശ്വസിച്ചു.
[46] എന്നാല്‍ ചില യെഹൂദര്‍ പരീശന്മാരുടെ അടുത്തേക്ക് ചെന്നു. യേശു ചെയ്തതെല്ലാം അവര്‍ പരീശന്മാരോടു വിവരിച്ചു.
[47] അപ്പോള്‍ പരീശന്മാരും മഹാപുരോഹിതന്മാരും ചേര്‍ന്ന് യെഹൂദസഭ വിളിച്ചുകൂട്ടി. അവര്‍ ചോദിച്ചു, “നാമെന്തു ചെയ്യാന്‍ ഈ മനുഷ്യന്‍ വളരെ അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യുന്നു.
[48] അവനെ ഈ വഴിയില്‍ തുടരാന്‍ നമ്മള്‍ അനുവദിച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ ദൈവാലയവും രാജ്യവും കൈയടക്കും.”
[49] ആ വര്‍ഷത്തെ മഹാ പുരോഹിതനായ കയ്യാഫാവും അവിടെയുണ്ടായിരുന്നു. കയ്യാഫാവ് പറഞ്ഞു, “നിങ്ങള്‍ക്കൊന്നും അറിയുകയില്ല.
[50] ദേശം മുഴുവനും നശിക്കുന്നതിലും ഒരു മനുഷ്യന്‍ ജനത്തിനു വേണ്ടി മരിക്കുന്നതു നിങ്ങളുടെ നന്മയ്ക്കാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നില്ല.”
[51] ഇതു കയ്യാഫാവ് സ്വയം ചിന്തിച്ചുണ്ടാക്കിയതല്ല. അവനായിരുന്നു ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍. ആ നിലയില്‍ പ്രവചിക്കുകയായിരുന്നു അയാള്‍. യേശു രാജ്യത്തിനുവേണ്ടി മരിക്കുമെന്ന് അയാള്‍ പറഞ്ഞു.
[52] അതെ, യെഹൂദ ജനതയ്ക്കുവേണ്ടി യേശു മരിക്കണം. ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന ദൈവത്തിന്‍റെ മറ്റു മക്കള്‍ക്കു വേണ്ടിയും കൂടിയാണ് അവന്‍ മരിക്കുന്നത്. അവരെയെല്ലാം സംഘടിപ്പിച്ച് ഒന്നാക്കുന്നതിന് അവന്‍ മരിക്കണം.
[53] അന്ന് യെഹൂദാനേതാക്കള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചു,
[54] അതിനാലവന്‍ യെഹൂദരുടെയിടയില്‍ സ്വതന്ത്രമായി നടക്കുന്നതു നിര്‍ത്തി. അവന്‍ യെരൂശലേംവിട്ട് മരുഭൂമിയ്ക്കടുത്തൊരിടത്തേക്കു പോയി. യേശു എഫ്രയീമിലെ നഗരത്തിലേക്കു പോയി ശിഷ്യന്മാരോടൊത്ത് അവിടെ തങ്ങി.
[55] യെഹൂദരുടെ പെസഹ ഉത്സവം അടുത്തിരുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്ന് അനവധിയാളുകള്‍ പെസഹായ്ക്ക് യെരൂലേമിലേക്കു പോയി. ശുദ്ധീകരണത്തിനുള്ള പ്രത്യേക കര്‍മ്മങ്ങള്‍ക്കാണവര്‍ പോയത്.
[56] അവര്‍ യേശുവിനെ തിരഞ്ഞു. ദൈവാലയത്തില്‍ അവര്‍ പരസ്പരം ചോദിച്ചു, “യേശു ഉത്സവത്തിനു വരുമോ? നിനക്കെന്തു തോന്നുന്നു.”
[57] മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെപ്പറ്റി ഒരു പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ആരെങ്കിലും യേശുവിനെ കണ്ടാലുടന്‍ തങ്ങളെ വിവരമറിയിക്കണം. അപ്പോള്‍ മഹാപുരോഹിതന്മാര്‍ക്കും പരീശന്മാര്‍ക്കും യേശുവിനെ പിടിക്കാമല്ലോ.