Skip to content
Opens in a new window
Listen to this chapter • 7:35

[1] യേശു പിന്നീട് ഒരു പ്രത്യേക യെഹൂദ ഉത്സവത്തിനായി യെരൂശലേമിലേക്കു പോയി.

[2] അവിടെ അഞ്ചു മണ്ഡപങ്ങളുള്ള ഒരു കുളം ഉണ്ടായിരുന്നു. യെഹൂദ ഭാഷയില്‍ അതിനെ ബെഥെസ്ദാ എന്നു വിളിച്ചിരുന്നു. ആട്ടുവാതിലിനു അരികിലായിരുന്നു ഈ കുളം.

[3] കുളക്കരയിലെ മണ്ഡപങ്ങളില്‍ ധാരാളം രോഗികള്‍ കിടന്നിരുന്നു. അവരില്‍ അന്ധരും മുടന്തരും തളര്‍വാതക്കാരും ഉണ്ടായിരുന്നു.

[4]

[5] അവിടെ മുപ്പത്തെട്ടു വര്ഷങ്ങളായി രോഗം ബാധിച്ച ഒരാളുണ്ടായിരുന്നു.

[6] അയാളവിടെ കിടക്കുന്നത് യേശു കണ്ടു. വളരെക്കാലമായി അയാള്‍ രോഗിയാണെന്ന് യേശുവിന് മനസ്സിലായി. യേശു അയാളോടു ചോദിച്ചു, “നിനക്കു സുഖമാകണമെന്നുണ്ടോ?”

[7] രോഗി മറുപടി പറഞ്ഞു, “പ്രഭോ, വെള്ളം ഇളകി തുടങ്ങുമ്പോള്‍ എന്നെ വെള്ളത്തിലിറക്കാന്‍ ആരുമില്ല. ആദ്യം ഇറങ്ങാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ അപ്പോഴേക്കും എന്നെക്കാള്‍ മുമ്പേ മറ്റാരെങ്കിലും വെള്ളത്തില്‍ ഇറങ്ങിയിരിക്കും.”

[8] അപ്പോള്‍ യേശു പറഞ്ഞു, “എഴുന്നേല്‍ക്കൂ, നിന്‍റെ കിടക്കയുമെടുത്ത് നടന്നുപോകൂ.”

[9] ഉടന്‍ തന്നെ അയാളുടെ രോഗം ഭേദമായി. അയാള്‍ തന്‍റെ കിടക്കയുമെടുത്ത് നടക്കാന്‍ തുടങ്ങി. ഒരു ശബ്ബത്തു ദിവസമായിരുന്നു ഇതു സംഭവിച്ചത്.

[10] അതിനാല്‍ സുഖപ്പെട്ടവനോട് യെഹൂദര്‍ പറഞ്ഞു, “ഇന്നു ശബ്ബത്താണ്. ഇന്നു കിടക്കയെടുക്കുന്നതു ന്യായപ്രമാണത്തിനു വിരുദ്ധമാണ്.”

[11] പക്ഷേ അയാള്‍ മറുപടി പറഞ്ഞു, “എന്നെ സുഖപ്പെടുത്തിയവന്‍ എന്നോടു പറഞ്ഞു, ‘നിന്‍റെ കിടക്കയുമെടുത്ത് നടക്കുക’ എന്ന്.”

[12] യെഹൂദര്‍ അയാളോടു ചോദിച്ചു, “കിടക്കയുമെടുത്ത് നടക്കുവാന്‍ ആരാണു നിന്നോടു പറഞ്ഞത്?”

[13] എന്നാല്‍ അത് ആരാണെന്നു തിരിച്ചറിയുവാന്‍ അയാള്‍ക്കായില്ല. അവിടെ ഒട്ടേറെപ്പേരുണ്ടായിരുന്നു. യേശു അവിടം വിട്ടുപോവുകയും ചെയ്തു.

[14] പിന്നീട് യേശു അയാളെ ദൈവാലയത്തില്‍ വച്ചു കണ്ടു. യേശു അയാളോടു പറഞ്ഞു, “നോക്കൂ, നിനക്കിപ്പോള്‍ സുഖമായി. എന്നാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാപങ്ങള്‍ ചെയ്യാതിരുക്കുക.”

[15] അനന്തരം അയാള്‍ യെഹൂദരുടെ അടുത്തേക്ക് മടങ്ങി. യേശുവാണ് തന്‍റെ രോഗം ഭേദമാക്കിയതെന്ന് അയാള്‍ അവരോട് പറഞ്ഞു.

[16] യേശു ഇതെല്ലാം ചെയ്തത് ശബ്ബത്തു ദിവസമായിരുന്നു. അതുകൊണ്ട് യെഹൂദര്‍ യേശുവിനെ പീഢിപ്പിക്കാന്‍ തുടങ്ങി.

[17] എന്നാല്‍ യേശു യെഹൂദരോടു പറഞ്ഞു, “എന്‍റെ പിതാവ് ഒരിക്കലും പ്രവൃത്തികള്‍ നിര്‍ത്തിയിട്ടില്ല. അതിനാല്‍ ഞാനും ജോലി ചെയ്യുന്നു.”

[18] ഇതുകൊണ്ടാണ് യെഹൂദര്‍ കുറെക്കൂടി രൂക്ഷമായി യേശുവിനെ കൊല്ലാന്‍ ശ്രമിച്ചത്. അവര്‍ പറഞ്ഞു, “ആദ്യം യേശു ശബ്ബത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നു. പിന്നെ പറഞ്ഞു, ദൈവമാണ് തന്‍റെ പിതാവെന്ന്. അവന്‍ സ്വയം ദൈവത്തിനു തുല്യനാക്കുകയാണ്.”

[19] പക്ഷേ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. പുത്രന് സ്വയം ഒന്നും ചെയ്യാനാവില്ല. പിതാവ് ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രന്‍ ചെയ്യൂ. അപ്പന്‍ ചെയ്യുന്നതു തന്നെ മകനും ചെയ്യുന്നു.

[20] പിതാവ് പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇയാള്‍ സുഖപ്പെട്ടു. ഇതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ പിതാവ് പുത്രനു കാണിച്ചുകൊടുക്കും. അപ്പോള്‍ നിങ്ങളെല്ലാവരും അത്ഭുതപ്പെടും.

[21] മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിച്ച് പിതാവ് അവര്‍ക്കു ജീവന്‍ നല്‍കുന്നു. അതേപോലെ പുത്രനും തനിക്കു വേണ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കുന്നു.

[22] “പിതാവ് ആരെയും വിധിക്കുന്നില്ല. എന്നാല്‍ എല്ലാ വിധിയ്ക്കുമുള്ള ശക്തി പിതാവ് പുത്രനു നല്‍കിയിരിക്കുന്നു.

[23] പിതാവിനെ ആദരിക്കുമ്പോലെ തന്നെ പുത്രനെയും ആളുകള്‍ ആദരിക്കുംവിധമാണ് ദൈവം ഇതു ചെയ്തിരിക്കുന്നത്. ഒരാള്‍ പുത്രനെ ആദരിക്കാതിരുന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ പിതാവിനെയും ആദരിക്കുന്നില്ല. പിതാവാണ് പുത്രനെ അയച്ചത്.

[24] “ഞാന്‍ നിങ്ങളോട് സത്യമായി പറയാം. എന്‍റെ വാക്കുകള്‍ കേള്‍ക്കുകയും എന്നെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആള്‍ക്ക് നിത്യജീവന്‍ ലഭിക്കും. അയാള്‍ കുറ്റക്കാരനായി വിധിക്കപ്പെടുകയില്ല. അയാള്‍ മരണത്തെ വിട്ട് ജീവനില്‍ പ്രവേശിച്ചു കഴിഞ്ഞു.

[25] ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഒരു പ്രധാന സമയമിതാ വരുന്നു. അത് എത്തിക്കഴിഞ്ഞിരിക്കുന്നു. പാപത്തില്‍ മരിച്ചവര്‍ മനുഷ്യ പുത്രന്‍റെ സ്വരം കേള്‍ക്കും. അവന്‍റെ വാക്കുകള്‍ സ്വീകരിച്ചവര്‍ നിത്യജീവന്‍ നേടുകയും ചെയ്യും.

[26] ജീവന്‍ പിതാവില്‍നിന്നു തന്നെ വരുന്നതാണ്. അതിനാല്‍ പിതാവ് ജീവന്‍ നല്‍കുന്നതിനും പുത്രനെ അനുവദിച്ചിട്ടുണ്ട്.

[27] എല്ലാവരെയും വിധിക്കാനുള്ള അധികാരവും പിതാവ് പുത്രന് നല്‍കി. എന്തുകൊണ്ട്? മനുഷ്യ പുത്രനാണ്.

[28] “ഇതില്‍ അത്ഭുതപ്പെടരുത്. എല്ലാ മരിച്ചവരും അവരുടെ ശവകുടീരങ്ങളില്‍നിന്ന് അവന്‍റെ ശബ്ദം കേള്‍ക്കുന്ന സമയം പുറത്തുവരും.

[29] നന്മ ചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റ് നിത്യ ജീവന്‍ നേടും. എന്നാല്‍ തിന്മ ചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റ് ന്യായവിധിയെ സ്വീകരിക്കും.

[30] “എനിക്കു സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കേള്‍ക്കുന്നതു പോലെ ഞാന്‍ വിധിക്കുന്നു. അതിനാല്‍ എന്‍റെ ന്യായവിധി നീതിപൂര്‍വ്വമായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാനെന്നെത്തന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കില്ല. പക്ഷേ എന്നെ അയച്ചവനെ എനിക്കു സന്തുഷ്ടനാക്കണം.

[31] “ഞാന്‍ എന്നെപ്പറ്റി തന്നെ ആളുകളോടു പറയുന്നത് സാധുവല്ല.

[32] എന്നാല്‍ എന്നെപ്പറ്റി അവരോടു പറയുന്ന മറ്റൊരാളുണ്ട്. എന്നെപ്പറ്റി അയാള്‍ പറയുന്നതൊക്കെ സത്യമാണെന്ന് എനിക്കറിയാം.

[33] “നിങ്ങള്‍ യോഹന്നാന്‍റെ അടുത്തേക്ക് ആളെ അയച്ചു. അയാള്‍ നിങ്ങളോട് സത്യത്തെപ്പറ്റി പറഞ്ഞു,

[34] എന്നെപ്പറ്റി മറ്റുള്ളവരോടു പറയാന്‍ എനിയ്ക്കൊരാളും വേണ്ട. നിങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതൊക്കെ നിങ്ങളോടു പറയുന്നത്.

[35] കത്തിക്കൊണ്ട് പ്രകാശം നല്‍കുന്ന വിളക്കു പോലായിരുന്നു യോഹന്നാന്‍. അയാളുടെ വെളിച്ചം അല്പനേരം ആസ്വദിക്കാന്‍ നിങ്ങള്‍ക്കു സന്തോഷമായിരുന്നു.

[36] “എന്‍റെ സാക്ഷ്യം യോഹന്നാനെക്കാള്‍ മഹത്തരമാണ്. എന്‍റെ പ്രവൃത്തികള്‍ തന്നെ എന്‍റെ സാക്ഷ്യം. ഇതൊക്കെ സഫലമാക്കാനാണു പിതാവെന്നെ നിയോഗിച്ചതെന്നകാര്യം ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

[37] പക്ഷേ നിങ്ങളൊരിക്കലും ഈ സ്വരം കേട്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള സാക്ഷ്യമാണ് എനിക്കുള്ള പിതാവിന്‍റെ നിയോഗം. അവന്‍റെ രൂപവും നിങ്ങള്‍ കണ്ടിട്ടില്ല.

[38] പിതാവിന്‍റെ വചനം നിങ്ങളിലില്ല. എന്തുകൊണ്ടെന്നാല്‍ പിതാവ് അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല.

[39] നിങ്ങള്‍ തിരുവെഴുത്തുകള്‍ വായിക്കുന്നു. തിരുവെഴുത്തുകള്‍ നിത്യജീവന്‍ തരുമെന്നു നിങ്ങള്‍ കരുതുന്നു. ആ തിരുവെഴുത്തുകള്‍ തന്നെ എന്നെപ്പറ്റിയും പറയുന്നു.

[40] എന്നാല്‍ നിങ്ങള്‍ക്കു വേണ്ടിയ ജീവനായി എന്നെ സമീപിക്കാന്‍ നിങ്ങള്‍ മടിക്കുന്നു.

[41] “മനുഷ്യരുടെ സ്തുതി ഞാന്‍ കാംക്ഷിക്കുന്നില്ല.

[42] പക്ഷേ എനിക്കു നിങ്ങളെ അറിയാം. ദൈവസ്നേഹം നിങ്ങളിലില്ല.

[43] എന്‍റെ പിതാവിന്‍റെ പേരില്‍ ഞാന്‍ വന്നു. ഞാന്‍ അവനുവേണ്ടി സംസാരിക്കുന്നു. പക്ഷേ നിങ്ങളെന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍ സ്വന്തം നാമത്തില്‍ വരുന്നവനെ നിങ്ങള്‍ അംഗീകരിക്കുന്നു.

[44] അന്യോന്യം മഹത്വം സ്വീകരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ ഏക ദൈവത്തില്‍ നിന്നു വരുന്ന മഹത്വം നിങ്ങള്‍ തേടാറില്ല. പിന്നെ എങ്ങനെ നിങ്ങള്‍ വിശ്വസിക്കും?

[45] പിതാവിനു മുമ്പില്‍ നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുമെന്നു കരുതേണ്ട. മോശെയാണു നിങ്ങളില്‍ കുറ്റമാരോപിക്കുക. അവന്‍ നിങ്ങളെ രക്ഷിക്കുമെന്നാണല്ലോ നിങ്ങളുടെ വിശ്വാസം.

[46] നിങ്ങള്‍ മോശെയില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ എന്നെയും വിശ്വസിച്ചിരുന്നേനെ. കാരണം? മോശെ എന്നെപ്പറ്റി എഴുതി.

[47] പക്ഷേ മോശെയുടെ ലിഖിതങ്ങള്‍ നിങ്ങള്‍ വിശ്വസിച്ചില്ല. അതിനാല്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കാനും നിങ്ങള്‍ക്കാവില്ല.”

യോഹന്നാന്‍ — Chapters