Skip to content
Opens in a new window
Listen to this chapter • 8:43

[1] യേശു യോഹന്നാനെക്കാള്‍ കൂടുതല്‍ പേരെ സ്നാനപ്പെടുത്തുകയും ശിഷ്യന്മാരാക്കുകയും ചെയ്യുന്നുണ്ടെന്ന് പരീശന്മാര്‍ അറിഞ്ഞു.

[2] (പക്ഷെ യേശു യഥാര്‍ത്ഥത്തില്‍ ആരെയും സ്നാനപ്പെടുത്തിയിരുന്നില്ല. അവനുവേണ്ടി അവന്‍റെ ശിഷ്യന്മാരാണതു ചെയ്തത്.) ഇതെപ്പറ്റി പരീശന്മാര്‍ കേട്ടുവെന്ന് യേശു അറിഞ്ഞു.

[3] അതിനാല്‍ യേശു യെഹൂദ്യാ വിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി.

[4] അങ്ങോട്ടുള്ള വഴിയേ യേശുവിന് ശമര്യാ രാജ്യത്തുകൂടി പോകേണ്ടിയിരുന്നു.

[5] ശമര്യയില്‍ സുഖാര്‍ എന്ന നഗരത്തില്‍ യേശു വന്നു. യാക്കോബ് തന്‍റെ പുത്രന്‍ യോസേഫിനു നല്‍കിയ കൃഷിയിടത്തിനടുത്താണ് ഈ സ്ഥലം.

[6] യാക്കോബിന്‍റെ കിണര്‍ അവിടെയായിരുന്നു. ദീര്‍ഘ യാത്രയില്‍ യേശു വളരെ ക്ഷീണിതനായിരുന്നു. അവന്‍ കിണറ്റിന്‍കരയിലിരുന്നു. നേരം ഉച്ചയോടടുത്തിരുന്നു.

[7] ഒരു ശമര്യാക്കാരി വെള്ളം കോരാന്‍ അവിടെയെത്തി. യേശു അവളോടു പറഞ്ഞു, “എനിക്കു കുടിക്കാനല്പം വെള്ളം തരൂ.”

[8] യേശുവിന്‍റെ ശഷ്യന്മാര്‍ ഗ്രാമത്തില്‍ ആഹാരം വാങ്ങാന്‍ പോയപ്പോഴാണിതു സംഭവിച്ചത്.

[9] ശമര്യാക്കാരി മറുപടി പറഞ്ഞു, “നീ എന്നോടു വെള്ളം ചോദിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു! നീ യെഹൂദനും ഞാന്‍ ശമര്യാക്കാരിയുമാണ്!” (യെഹൂദര്‍ ശമര്യാക്കാരുടെ സുഹൃത്തുക്കളായിരുന്നില്ല.)

[10] യേശു മറുപടി പറഞ്ഞു, “ദൈവത്തിന് എന്തു തരാന്‍ കഴിയും എന്നതിനെപ്പറ്റി നിനക്കറിയില്ല. ദാഹജലം ചോദിച്ച ഞാനാരെന്നും നിനക്കറിയില്ല. നീ അറിഞ്ഞിരുന്നെങ്കില്‍ നീ എന്നോടു ചോദിക്കുകയും ഞാന്‍ നിനക്കു ജീവജലം തരികയും ചെയ്യുമായിരുന്നു.”

[11] സ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങയ്ക്കെവിടെ നിന്നു ജീവജലം കിട്ടും? കിണറിനാണെങ്കില്‍ വളരെ ആഴം ഉണ്ട്. അങ്ങയുടെ കയ്യിലാകട്ടെ പാത്രവുമില്ല.

[12] നീ ഞങ്ങളുടെ പിതാവ് യാക്കോബിനെക്കാള്‍ ശ്രേഷ്ഠനാണോ? യാക്കോബാണു ഞങ്ങള്‍ക്ക് ഈ കിണര്‍ നല്‍കിയത്. അവന്‍ ഇതില്‍ നിന്നും സ്വയം വെള്ളം കുടിച്ചു. അവന്‍റെ മക്കളും അവന്‍റെ മൃഗങ്ങളും ഇതില്‍ നിന്നാണു വെള്ളം കുടിച്ചിരുന്നത്.”

[13] യേശു മറുപടി പറഞ്ഞു, “ഈ വെള്ളം കുടിക്കുന്നവര്‍ക്കൊക്കെ വീണ്ടും ദാഹിക്കും.

[14] എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവര്‍ക്ക് ഒരിക്കലും ദാഹിക്കില്ല. ഞാന്‍ നല്‍കുന്ന വെള്ളം അയാളില്‍ ഒരു നീരുറവപോലെ ഒഴുകിക്കൊണ്ടിരിക്കും. ഞാന്‍ നല്‍കുന്ന വെള്ളം അവനെ നിത്യ ജീവനിലേക്കു നയിക്കും.”

[15] സ്ത്രീ യേശുവിനോടു പറഞ്ഞു, “പ്രഭോ, എനിക്കാവെള്ളം തന്നാലും. എനിക്കു വീണ്ടും ദാഹമുണ്ടാകാതിരിക്കട്ടെ. പിന്നെ ഇവിടെ വെള്ളം കോരാനും വരേണ്ട ആവശ്യം ഉണ്ടാകയില്ലല്ലോ.”

[16] യേശു അവളോടു പറഞ്ഞു, “പോയി നിന്‍റെ ഭര്‍ത്താവിനെയും കൂട്ടി മടങ്ങിവരൂ.”

[17] സ്ത്രീ മറുപടി പറഞ്ഞു, “പക്ഷേ, എനിക്കു ഭര്‍ത്താവില്ല.” യേശു അവളോടു പറഞ്ഞു, “നിനക്കു ഭര്‍ത്താവില്ലെന്നു പറഞ്ഞതു ശരിയാണ്.

[18] യഥാര്‍ത്ഥത്തില്‍ നിനക്കു അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നിന്‍റെ കൂടെ ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല. നീ എന്നോടു സത്യം പറഞ്ഞു.”

[19] സ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണ് എന്ന് ഞാന്‍ കാണുന്നു.

[20] ഞങ്ങളുടെ പിതാക്കന്മാര്‍ ഈ പര്‍വ്വതത്തില്‍ നമസ്കരിച്ചു വന്നു. എന്നാല്‍ നിങ്ങള്‍ യെഹൂദര്‍ അവകാശപ്പെടുന്നു യെരൂശലേമാണ് നമസ്കരിക്കേണ്ട യഥാര്‍ത്ഥ സ്ഥലമെന്ന്.”

[21] യേശു പറഞ്ഞു, “സ്ത്രീയേ, എന്നില്‍ വിശ്വസിക്കൂ! നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നത് യെരൂശലേമിലോ ഈ മലയിലോ അല്ലാതാകുന്ന സമയം വരുന്നു.

[22] നിങ്ങള്‍ ശമര്യാക്കാര്‍ മനസ്സിലാകാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങള്‍ യെഹൂദര്‍ മനസ്സിലാകുന്നതിനെ നമസ്കരിക്കുന്നു. രക്ഷ യെഹൂദരില്‍ നിന്നാണു വരുന്നത്.

[23] യഥാര്‍ത്ഥ നമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന സമയം വരും. ആ സമയമിതാ എത്തിക്കഴിഞ്ഞു. അത്തരത്തിലുള്ളവര്‍ തന്‍റെ നമസ്കാരികള്‍ ആകാനാണ് പിതാവ് ആഗ്രഹിക്കുന്നത്.

[24] ദൈവം ആത്മാവ് ആണ്. അതിനാല്‍ ദൈവത്തെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം.”

[25] സ്ത്രീ പറഞ്ഞു, “മശീഹാ, വരുന്നുണ്ടെന്ന് എനിക്കറിയാം.” (അവന്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്നു.) “മശീഹാ വരുമ്പോള്‍ അവന്‍ ഞങ്ങള്‍ക്കെല്ലാം വിശദമാക്കിത്തരും.”

[26] അപ്പോള്‍ യേശു പറഞ്ഞു, “ആ മനുഷ്യനാണ് നിന്നോടു സംസാരിക്കുന്നത്. ഞാനാണ് മശീഹാ.”

[27] ആ സമയം യേശുവിന്‍റെ ശിഷ്യന്മാര്‍ നഗരത്തില്‍നിന്നും മടങ്ങിയെത്തി. യേശു ഒരു സ്ത്രീയുമായി സംസാരിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. “എന്നാല്‍ നിനക്കെന്തുവേണം?” എന്നോ “നീ എന്താണവളോടു സംസാരിക്കുന്നത്?” എന്നോ ആരും ചോദിച്ചില്ല.

[28] അപ്പോള്‍ ആ സ്ത്രീ തന്‍റെ കുടം അവിടെവെച്ച് നഗരത്തിലേക്കു പോയി. അവള്‍ ആളുകളോട് ഇങ്ങനെ പറഞ്ഞു,

[29] “ഞാനിതുവരെ ചെയ്തതെല്ലാം ഒരാള്‍ എന്നോടു പറഞ്ഞു, വന്ന് അവനെ കാണുക. അവനായിരിക്കാം ക്രിസ്തു.”

[30] അതിനാല്‍ ആളുകളെല്ലാം നഗരം വിട്ട് യേശുവിനെ കാണാന്‍ പോയി.

[31] ആ സ്ത്രീ നഗരത്തിലായിരിക്കവേ ശിഷ്യന്മാര്‍ യേശുവിനോട് അപേക്ഷിച്ചു, “റബ്ബീ, എന്തെങ്കിലും കഴിച്ചാലും.”

[32] പക്ഷേ യേശു പറഞ്ഞു, “എനിക്ക് നിങ്ങള്‍ക്കറിയാത്ത ആഹാരമുണ്ട്.”

[33] അതുകേട്ട് ശിഷ്യന്മാര്‍ സ്വയം ചോദിച്ചു, “ഇനി ആരെങ്കിലും നേരത്തെ അദ്ദേഹത്തിനു ഭക്ഷണം കൊടുത്തോ?”

[34] യേശു പറഞ്ഞു, “ദൈവം എന്നിലേല്പിച്ച കര്‍ത്തവ്യ നിര്‍വ്വഹണമാണ് എന്‍റെ ഭക്ഷണം. അവനെന്നെ ഏല്പിച്ച ജോലി തീര്‍ക്കുകയാണെന്‍റെ ഭക്ഷണം.

[35] വിതയ്ക്കുമ്പോള്‍ നിങ്ങള്‍ പറയും നാലുമാസം കൂടി കാത്തിരുന്നാല്‍ വിളവെടുക്കാം.” പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, “നിങ്ങളുടെ കണ്ണുകള്‍ തുറക്കുക. എന്നിട്ട് ജനങ്ങളെ നോക്കുക. വിളവെടുക്കാറായ വയല്‍ പോലെയാണവര്‍.

[36] കൊയ്യുന്നവനിപ്പോഴും കൂലി കിട്ടുന്നു. അയാള്‍ നിത്യ ജീവിതത്തിലേക്കു വിളവു ശേഖരിക്കുന്നു. അതിനാലിപ്പോള്‍ വിതച്ചവനും കൊയ്യുന്നനും ഒരുപോലെ ആഹ്ലാദിക്കാം.

[37] നമ്മള്‍ പറയാറുണ്ടല്ലോ ‘ഒരാള്‍ വിതയ്ക്കുന്നു, വേറൊരാള്‍ കൊയ്യുന്നു.’ അതു സത്യമാകുന്നു

[38] നിങ്ങള്‍ വിതയ്ക്കാത്തതു കൊയ്യാനാണു ഞാന്‍ നിങ്ങളെ അയച്ചത്. മറ്റുള്ളവര്‍ വേല ചെയ്യുന്നു. അവരുടെ വേലയ്ക്കു നിങ്ങള്‍ക്കു പ്രതിഫലം കിട്ടുന്നു.”

[39] നഗരത്തില്‍ നിന്നും ഒട്ടേറെ ശമര്യാക്കാര്‍ യേശുവില്‍ വിശ്വസിച്ചു. യേശുവിനെപ്പറ്റി ആ സ്ത്രീ പറഞ്ഞതു കേട്ടാണവര്‍ വിശ്വസിച്ചത്. അവള്‍ അവരോടു പറഞ്ഞു, “ഞാനിതുവരെ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു.”

[40] ശമര്യാക്കാര്‍ യേശുവിന്‍റെ അടുത്തേക്കു പോയി. തങ്ങളോടൊത്തു താമസിക്കാന്‍ അവര്‍ യേശുവിനോടു അപേക്ഷിച്ചു. അതിനാല്‍ അവന്‍ അവിടെ രണ്ടു ദിവസം തങ്ങി.

[41] യേശുവിന്‍റെ വാക്കുകള്‍ കേട്ട് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

[42] ആളുകള്‍ ആ സ്ത്രീയോടു പറഞ്ഞു, “ആദ്യം നീ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ഇപ്പോള്‍ ഞങ്ങള്‍ സ്വയം കേട്ടതിന്‍റെ വെളിച്ചത്തില്‍ വിശ്വസിക്കുന്നു. ഇവന്‍ തന്നെയാണു ലോകരക്ഷകനെന്നു ഞങ്ങളറിയുന്നു.”

[43] രണ്ടു ദിവസങ്ങള്‍ക്കു ശേഷം യേശു അവിടം വിട്ടു ഗലീലയിലേക്കു പോയി.

[44] (ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനം ഇല്ലായെന്ന് അതിനുമുമ്പാണു യേശു പറഞ്ഞത്.)

[45] ഗലീലയിലെത്തിയ യേശുവിനെ അവിടത്തുകാര്‍ സ്വീകരിച്ചു. യെരൂശലേമിലെ പെസഹാ ഉത്സവത്തില്‍ അവന്‍ ചെയ്ത കാര്യങ്ങള്‍ അവരെല്ലാം കണ്ടിരുന്നു. അവരും അവിടെയുണ്ടായിരുന്നു.

[46] ഗലീലയിലെ കാനാവിലേക്കു യേശു വീണ്ടും പോയി. അവിടെയാണ് യേശു വെള്ളത്തെ വീഞ്ഞാക്കിയത്. രാജാവിന്‍റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കഫര്‍ന്നഹൂമില്‍ താമസിച്ചിരുന്നു. അയാളുടെ മകന് രോഗം പിടിപെട്ടിരുന്നു.

[47] യേശു യെഹൂദ്യയില്‍ നിന്ന് ഗലീലയിലെത്തിയിട്ടുണ്ടെന്ന് അയാള്‍ കേട്ടു. അതിനാല്‍ അയാള്‍ കാനാവില്‍ യേശുവിന്‍റെയടുത്തേക്കു പോയി. കഫര്‍ന്നഹൂമില്‍ വന്ന് തന്‍റെ പുത്രന്‍റെ രോഗം ഭേദമാക്കാന്‍ അയാള്‍ യേശുവിനോട് അപേക്ഷിച്ചു. ആ കുട്ടി മരിക്കാറായിരുന്നു.

[48] യേശു അയാളോടു പറഞ്ഞു, “എന്നില്‍ വിശ്വസിക്കും മുമ്പ് നിങ്ങള്‍ക്ക് വീര്യ പ്രവൃത്തികളും അത്ഭുത പ്രവൃത്തികളും കാണണം അല്ലേ?”

[49] രാജാവിന്‍റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു, “പ്രഭോ, എന്‍റെ കൊച്ചുമകന്‍ മരിക്കും മുമ്പ് എന്‍റെ വീട്ടിലേക്കു വന്നാലും.”

[50] യേശു മറുപടി പറഞ്ഞു, “പോകൂ, നിന്‍റെ മകന്‍ ജീവിക്കും.” അയാള്‍ യേശുവിന്‍റെ വാക്കുകള്‍ വിശ്വസിച്ചു വീട്ടിലേക്കു പോയി.

[51] വീട്ടിലേക്കു പോകും വഴി അയാളുടെ ദാസന്മാര്‍ വന്ന് അയാളോടു പറഞ്ഞു, “അങ്ങയുടെ മകനു സുഖമായി.”

[52] അയാള്‍ ചോദിച്ചു, “എത്ര മണിക്കാണ് അവന്‍റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയത്?” ദാസന്മാര്‍ മറുപടി പറഞ്ഞു, “ഇന്നലെ ഒരുമണിക്കാണ് പനി വിട്ടത്.”

[53] ഒരു മണി സമയത്താണ്, “നിന്‍റെ മകന്‍ ജീവിക്കും” എന്ന് യേശു പറഞ്ഞതെന്ന് അയാള്‍ ഓര്‍ത്തു. അതിനാല്‍ അയാളും അയാളുടെ വീട്ടുകാരും യേശുവില്‍ വിശ്വസിച്ചു.

[54] യെഹൂദ്യയില്‍നിന്നും ഗലീലയില്‍ എത്തിയതിനുശേഷം യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ വീര്യ പ്രവൃത്തി ആയിരുന്നു അത്.

യോഹന്നാന്‍ — Chapters