[1] പെസഹയ്ക്ക് ആറുദിവസം മുമ്പ് യേശു ബേഥാന്യയിലേക്കു പോയി. ലാസര്‍ താമസിച്ച സ്ഥലമാണത്. (ലാസറിനെയാണ് യേശു മരണത്തില്‍ നിന്ന് ഉയര്‍ത്തിയത്.)
[2] അവിടെ അവര്‍ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാര്‍ത്ത ആഹാരം വിളമ്പി. ലാസറും യേശുവിനോടൊത്തിരുന്ന് ഭക്ഷിച്ചു.
[3] മറിയ വിലയേറിയ ശുദ്ധമായ നാര്‍ദ്ദീന്‍ തൈലം ഒരു കുപ്പി കൊണ്ടുവന്നു. അവളത് യേശുവിന്‍റെ കാലുകളില്‍ ഒഴിച്ചു. തന്‍റെ തലമുടി കൊണ്ട് അവള്‍ അവന്‍റെ പാദങ്ങള്‍ തുടച്ചു. നാര്‍ദ്ദീന്‍ തൈലത്തിന്‍റെ സൌരഭ്യം ആ മുറിയിലെങ്ങും നിറഞ്ഞു.
[4] യേശുവിന്‍റെ ശിഷ്യന്മാരിലൊരാളും പില്‍ക്കാലത്ത് അവനെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഇസ്ക്കരിയോത്തും അവിടെയുണ്ടായിരുന്നു. മറിയയുടെ പ്രവൃത്തി അയാള്‍ക്കു പിടിച്ചില്ല. യൂദാ പറഞ്ഞു,
[5] “മുന്നൂറ് വെള്ളിക്കാശിനുള്ള സുഗന്ധതൈലമാണിത്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍.”
[6] പക്ഷേ യൂദയ്ക്ക് പാവങ്ങളോട് യഥാര്‍ത്ഥ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അവനൊരു കള്ളനായിരുന്നതു കൊണ്ടാണവനങ്ങനെ പറഞ്ഞത്. ശിഷ്യ സംഘത്തിന്‍റെ പണപ്പെട്ടി സൂക്ഷിച്ചിരുന്നത് യൂദയായിരുന്നു. ഇടയ്ക്കിടെ അവനതില്‍ നിന്നും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.
[7] യേശു പറഞ്ഞു, “അവളെ തടയരുത്, എന്‍റെ ശവസംസ്കാര ദിവസത്തിനായി അവള്‍ ഇതു ചെയ്തു എന്നിരിക്കട്ടെ.
[8] പാവങ്ങള്‍ നിങ്ങള്‍ക്കിടയില്‍ എപ്പോഴുമുണ്ട്. എന്നാല്‍ ഞാന്‍ എന്നും നിങ്ങളോടൊത്തുണ്ടാവില്ല.”
[9] യേശു ബേഥാന്യയിലുണ്ടെന്ന് യെഹൂദരിലധികം പേരും കേട്ടു. അതിനാലവര്‍ യേശുവിനെ കാണാനങ്ങോട്ടു പോയി. ലാസറിനെ കാണാനും കൂടിയാണ് അവര്‍ അങ്ങോട്ടു പോയത്. മരണത്തില്‍നിന്ന് യേശു ഉയര്‍ത്തിയ ആളാണ് ലാസര്‍.
[10] അതിനാല്‍ മഹാ പുരോഹിതന്മാര്‍ ലാസറിനെ കൊല്ലാനും പരിപാടിയിട്ടു.
[11] ലാസര്‍ കാരണം അധികം യെഹൂദരും തങ്ങളുടെ നേതാക്കളെ വിട്ട് യേശുവിന്‍റെ അനുയായികളാകുന്നത്രേ. അതിനാലാണ് യെഹൂദ നേതാക്കള്‍ ലാസറിനെ കൊല്ലാന്‍ ആലോചിച്ചത്.
[12] പിറ്റേന്ന് പെസഹാ ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം യേശു യെരൂശലേമിലേക്കു വരുന്നെന്നു കേട്ടു.
[13] പനങ്കമ്പുകളുമായി വന്ന അവര്‍ യേശുവിനെ കാണാന്‍ പുറത്തിറങ്ങി. അവര്‍ വിളിച്ചു പറഞ്ഞു, “‘അവനെ വാഴ്ത്തുക!’ ‘സ്വാഗതം! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ!’ യിസ്രായേലിന്‍റെ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ!”
[14] യേശു ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറിയാണു പുറപ്പെട്ടത്. തിരുവെഴുത്തില്‍ പറയുമ്പോലെ.
[15] “സീയോന്‍ നഗരമേ ഭയപ്പെടേണ്ട! ഇതാ, നിന്‍റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു!”
[16] യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം ഇതൊന്നും മനസ്സിലായില്ല. പക്ഷേ യേശു മഹത്വത്തിലേക്കു ഉയര്‍ത്തപ്പെട്ടതിനു ശേഷം ഇതെല്ലാം അവനെപ്പറ്റി എഴുതപ്പെട്ടവയാണെന്ന് അവര്‍ക്ക് മനസ്സിലായി. അവനു വേണ്ടിയാണ് തങ്ങള്‍ എല്ലാം ചെയ്തതെന്നും അവര്‍ ഓര്‍മ്മിച്ചു.
[17] ലാസറിനെ യേശു മരണത്തില്‍ നിന്നു ഉയര്‍ത്തുകയും അവനെ കല്ലറയില്‍നിന്നും പുറത്തു വിളിയ്ക്കുകയും ചെയ്ത സംഭവത്തിന് യേശുവിനോടൊപ്പം അനേകര്‍ സാക്ഷികളായിരുന്നു. ജനക്കൂട്ടം ഇപ്പോഴതെല്ലാമാണു മറ്റുള്ളവരോട് പറയുന്നത്.
[18] യേശു ഈ അത്ഭുതം പ്രവര്‍ത്തിച്ചു എന്നു കേട്ട് അനവധി പേര്‍ യേശുവിനെ കാണാനിറങ്ങി.
[19] അതിനാല്‍ പരീശന്മാര്‍ പരസ്പരം പറഞ്ഞു, “ഇതാ, നമ്മുടെ പരിപാടികളൊന്നും നടക്കുന്നില്ല. എല്ലാവരും അവന്‍റെ അനുയായികളാകുന്നു.”
[20] ഏതാനും യവനന്മാരും അവിടെയുണ്ടായിരുന്നു. പെസഹാ ഉത്സവത്തിനു ആരാധനയ്ക്കു വന്നവരായിരുന്നു അവര്‍.
[21] അവര്‍ ഫിലിപ്പോസിന്‍റെ അടുത്തേക്കു പോയി. (ഗലീലയിലെ ബേഥ്സയിദായില്‍ നിന്നും വന്നവനാണ് ഫിലിപ്പോസ്.) യവനന്മാര്‍ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്ക് യേശുവിനെ കാണണം.”
[22] ഫിലിപ്പോസ്, അന്ത്രെയാസിനോട് ഇക്കാര്യം പറഞ്ഞു. അവരിരുവരും പോയി യേശുവിനോടും പറഞ്ഞു.
[23] യേശു അവരോടു പറഞ്ഞു, “ഇപ്പോഴാണു മനുഷ്യ പുത്രന്‍ മഹത്വപ്പെടുവാനുള്ള സമയം.
[24] ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഗോതമ്പുമണി മണ്ണില്‍ വീണു നശിച്ചില്ലെങ്കില്‍ അത് എപ്പോഴും ഒരൊറ്റ വിത്തായിത്തന്നെ ഇരിക്കും. പക്ഷേ നശിച്ചാല്‍ അതു വളരുകയും അനേകം വിത്തുകള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും.
[25] സ്വന്തം ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടും. ഈ ലോകത്തിലെ സ്വന്തം ജീവിതം വെറുക്കുന്നവന്‍ അതു സൂക്ഷിക്കും. അവനു നിത്യ ജീവന്‍ ലഭിക്കും.
[26] എന്നെ ശുശ്രൂഷിക്കുന്നവന്‍ എന്നെ അനുഗമിക്കണം. ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ ദാസന്‍ എന്നോടൊപ്പം ഉണ്ടായിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവരെ എന്‍റെ പിതാവ് ആദരിക്കും.
[27] “ഇപ്പോള്‍ ഞാനാകെ കുഴങ്ങുന്നു. ഞാനെന്തു പറയണം? ‘ഈ പീഢനത്തില്‍ നിന്ന് എന്നെ രക്ഷിച്ചാലും പിതാവേ,’ എന്നു പറയണോ? ഇല്ല, പീഢനങ്ങളേറ്റു വാങ്ങാനാണു ഞാന്‍ ഈ കാലത്തുതന്നെ വന്നത്.
[28] പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടട്ടെ.” അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരുശബ്ദം മുഴങ്ങി, “ഞാനതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും അങ്ങനെ ചെയ്യും.”
[29] അവിടെ നിന്നിരുന്നവര്‍ ആ ശബ്ദം കേട്ടു. അതൊരു ഇടിമുഴക്കമാണെന്നവര്‍ പറഞ്ഞു. പക്ഷേ മറ്റുള്ളവര്‍ പറഞ്ഞു, “ഒരു ദൂതന്‍ യേശുവിനോടു സംസാരിച്ചു.”
[30] യേശു അവരോടു പറഞ്ഞു, “ആ ശബ്ദം എന്നെ ഉദ്ദേശിച്ചുള്ളതല്ല നിങ്ങള്‍ക്കുള്ളതായിരുന്നു.
[31] ലോകം വിധിക്കപ്പെടേണ്ട സമയമായി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ ഭരണാധിപനായ പിശാച് പുറത്താക്കപ്പെടും.
[32] ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെടും. അതു സംഭവിക്കുമ്പോള്‍ ഞാന്‍ എല്ലാവരെയും എന്നിലേക്കു കൊണ്ടുവരും.”
[33] എന്തു തരത്തിലുള്ള മരണമാണ് തന്‍റേതെന്ന് അറിയിക്കാനാണ് യേശു ഇങ്ങനെ പറഞ്ഞത്.
[34] ആളുകള്‍ പറഞ്ഞു, “ക്രിസ്തു, എക്കാലവും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണം പറയുന്നത്. പിന്നെന്താണ് ‘മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം’ എന്നു നീ പറയുന്നത്? ആരാണീ മനുഷ്യപുത്രന്‍?”
[35] അപ്പോള്‍ യേശു പറഞ്ഞു, “കുറച്ചു സമയത്തേക്കു കൂടി മാത്രമേ പ്രകാശം നിങ്ങളോടൊത്തുണ്ടാകൂ. അതിനാല്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. അപ്പോള്‍ ഇരുട്ടു നിങ്ങളെ പിടിക്കില്ല. ഇരുട്ടില്‍ നടക്കുന്നവനു താനെവിടെയാണു പോകുന്നതെന്നറികയില്ല.
[36] അതിനാല്‍ വെളിച്ചം നിങ്ങളുടെ പക്കലുള്ളപ്പോള്‍ അതിനെ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ വെളിച്ചത്തിന്‍റെ പുത്രന്മാരാകും. ഇതെല്ലാം പറഞ്ഞു കഴിഞ്ഞ് യേശു അവിടംവിട്ടു. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തേക്കാണ് യേശു പോയത്.
[37] ഇങ്ങനെ അനവധി അത്ഭുതങ്ങള്‍ യേശു പ്രവര്‍ത്തിച്ചു. ഇതെല്ലാം കണ്ടെങ്കിലും ആളുകള്‍ അവനില്‍ വിശ്വസിച്ചില്ല.
[38] യെശയ്യാ പ്രവാചകന്‍ പറഞ്ഞതു നിവര്‍ത്തിയാകുന്നതിന്: “ കര്‍ത്താവേ, ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ആരു വിശ്വസിച്ചു? കര്‍ത്താവിന്‍റെ ശക്തി ആരു കണ്ടു?”
[39] ഇക്കാരണത്താല്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം യെശയ്യാവ് ഇങ്ങനെയും പറഞ്ഞു:
[40] “ദൈവം ആളുകളെ അന്ധരാക്കി. ദൈവം അവരുടെ മനസ്സ് കറുപ്പിച്ചു. അവര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ടു കാണാതിരിക്കാനും മനസ്സുകൊണ്ട് ഒന്നും മനസ്സിലാക്കാതിരിക്കാനുമാണ് ദൈവം അതു ചെയ്തത്. അപ്പോള്‍ ഞാനവരെ സുഖപ്പെടുത്തും.”
[41] അവന്‍റെ മഹത്വം കണ്ടിട്ടുള്ളതുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പറഞ്ഞത്.
[42] പക്ഷേ അനവധിപേര്‍ യേശുവില്‍ വിശ്വസിച്ചു. യെഹൂദ നേതാക്കള്‍ പോലും അധികംപേരും വിശ്വസിച്ചു, എന്നാല്‍ പരീശന്മാരെ അവര്‍ ഭയന്നിരുന്നു. അതിനാലവര്‍ തങ്ങളുടെ വിശ്വാസത്തെപ്പറ്റി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. യെഹൂദപ്പള്ളിയില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നായിരുന്നു അവര്‍ക്കു ഭയം.
[43] മനുഷ്യനില്‍നിന്നുള്ള മഹത്വമാണ് ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാള്‍ ഇവര്‍ ഇഷ്ടപ്പെട്ടിരുന്നത്.
[44] അപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു, “എന്നില്‍ വിശ്വസിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ എന്നെ അയച്ചവനെയാണു വിശ്വസിക്കുന്നത്.
[45] എന്നെക്കാണുന്നവന്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത് എന്നെ അയച്ചവനെയാണ്.
[46] ഞാന്‍ പ്രകാശമാകുന്നു. ഞാന്‍ ഈ ലോകത്തിലേക്കു വന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ ഇരുട്ടിലുഴലാതിരിക്കാനാണു ഞാന്‍ വന്നത്.
[47] “ആളുകളെ വിധിക്കാനല്ല അവരെ രക്ഷിക്കാനാണു ഞാനെത്തിയത്. അതിനാല്‍ എന്‍റെ വചനം കേട്ടിട്ടും അനുസരിക്കാതിരിക്കുന്നവരെ വിധിക്കുന്നതു ഞാനായിരിക്കില്ല.
[48] എന്‍റെ വചനങ്ങള്‍ തള്ളുകയും വിശ്വസിക്കാന്‍ മടിക്കുകയും ചെയ്യുന്നവനെ വിധിക്കാനൊരാളുണ്ട്. എന്‍റെ സന്ദേശങ്ങള്‍ അയാളെ അവസാനനാളില്‍ വിധിക്കും.
[49] കാരണം? എന്‍റെ വചനങ്ങള്‍ എന്‍റേതല്ല. എന്നെ അയച്ച പിതാവ് എന്താണു പറയേണ്ടതെന്നും പഠിപ്പിക്കേണ്ടതെന്നും എന്നോടു പറഞ്ഞിട്ടുണ്ട്.
[50] പിതാവിന്‍റെ കല്പനയില്‍ നിന്നാണ് നിത്യ ജീവനുണ്ടാകുന്നതെന്നും എനിക്കറിയാം. പിതാവ് പറഞ്ഞിട്ടുള്ളവ മാത്രമാണു ഞാന്‍ പറയുന്നത്.”