Skip to content
Opens in a new window
Listen to this chapter • 5:34

[1] ഇതെല്ലാം പറഞ്ഞതിനു ശേഷം യേശു സ്വര്‍ഗ്ഗത്തിലേക്കു നോക്കി. യേശു പ്രാര്‍ത്ഥിച്ചു, “പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.

[2] അങ്ങ് അവനു നല്‍കിയിരിക്കുന്ന ആളുകള്‍ക്കൊക്കെ നിത്യജീവന്‍ നല്‍കാന്‍ പറ്റുന്ന വിധം നീ പുത്രന് എല്ലാവരുടെയും മേല്‍ ശക്തി നല്‍കി.

[3] ഇതാണ് നിത്യജീവന്‍, ഏക സത്യ ദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നത്.

[4] നീ എന്നെ ഏല്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ഭൂമിയില്‍ അങ്ങയെ ഞാന്‍ മഹത്വീകരിച്ചു.

[5] പിതാവേ നിന്നോടൊപ്പം ഇപ്പോള്‍, എന്നെയും മഹത്വപ്പെടുത്തുക. ലോക സൃഷ്ടിക്കു മുമ്പ് എനിക്കു നിന്നോടൊത്തുണ്ടായിരുന്ന മഹത്വം എനിക്കു നല്‍കിയാലും.

[6] “നീയെനിക്കീ ലോകത്തില്‍ നിന്നും ചിലരെ തന്നു. അങ്ങയുടെ സദൃശ്യങ്ങളെ ഞാനവര്‍ക്കു കാട്ടി. അങ്ങയുടേതായ അവരെ എനിക്കു നല്‍കി. അങ്ങയുടെ വചനം അവര്‍ അനുസരിച്ചു.

[7] നീ എനിക്കു തന്നതെല്ലാം നിന്നില്‍ നിന്നാണെന്ന് അവരിപ്പോള്‍ അറിയുന്നു.

[8] നീ എനിക്കു തന്ന ഉപദേശങ്ങള്‍ ഞാനവര്‍ക്കു കൊടുത്തു. അവ അവര്‍ സ്വീകരിച്ചു. ഞാന്‍ യഥാര്‍ത്ഥത്തില്‍ നിന്നില്‍ നിന്നു വന്നവനാണെന്ന് അവര്‍ അറിയുന്നു. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കുന്നു.

[9] അവര്‍ക്കായി ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ലോകത്തിലുള്ളവര്‍ക്കു വേണ്ടിയല്ല ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങയുടെ ജനങ്ങള്‍ക്കുവേണ്ടി, അവരെ അങ്ങ് എനിക്കു നല്‍കിയതുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

[10] എനിക്കുള്ളതെല്ലാം നിന്‍റേതാണ്. നിനക്കുള്ളതെല്ലാം എന്‍റേതും. ഇവര്‍ എനിക്കു മഹത്വം കൊണ്ടുവന്നു തന്നു.

[11] “ഇപ്പോള്‍ ഞാന്‍ നിന്നിലേക്കു വരുന്നു. ഞാനിനി ലോകത്തില്‍ തങ്ങുകയില്ല. എന്നാലിവര്‍ ഇനിയും ഇവിടെയുണ്ടാവും. പരിശുദ്ധ പിതാവേ, ഇവരെ കാക്കേണമേ. ഞാനും നീയും ഒന്നായിരിക്കുമ്പോലെ ഇവര്‍ ഒന്നായിരിക്കാന്‍ അങ്ങയുടെ നാമത്തിന്‍റെ ശക്തിയില്‍ ഇവരെ കാക്കേണമേ,

[12] ഞാനവരോടൊത്ത് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അവരെ കാത്തു. നീ എനിക്കു തന്ന നിന്‍റെ നാമത്തിന്‍റെ ശക്തിയാല്‍ ഞാന്‍ അവരെ കാത്തു. നഷ്ടപ്പെടാന്‍ തിരഞ്ഞെടുക്കപ്പെട്ട യൂദാ മാത്രം നഷ്ടപ്പെട്ടു. തിരുവെഴുത്തിലെ വാക്കുകള്‍ യഥാര്‍ത്ഥമാകുവാനാണ് അങ്ങനെ സംഭവിച്ചത്.

[13] “ഞാനിപ്പോള്‍ നിന്‍റെയടുത്തേക്കു വരുന്നു. എന്നാല്‍ ഞാനിതൊക്കെ പ്രവര്‍ത്തിക്കുന്നത് ഞാനിപ്പോഴും ഈ ലോകത്തായതിനാലാണ്. ഇവര്‍ക്ക് എന്‍റെ ആഹ്ലാദമുണ്ടാകുന്നതിനാണ് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അവര്‍ക്കെല്ലാം എന്‍റെ മുഴുവന്‍ ആഹ്ലാദമുണ്ടാകാന്‍ ഞാനാഗ്രഹിക്കുന്നു.

[14] അങ്ങയുടെ ഉപദേശം ഞാനവര്‍ക്കു നല്‍കി. ലോകം അവരെ വെറുത്തു. ഞാന്‍ ഈ ലോകത്തിന്‍റെ അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റെ അല്ലാത്തതുകൊണ്ട് ഇവരേയും ലോകം വെറുത്തു.

[15] “അവരെ ഈ ലോകത്തില്‍ നിന്നും എടുക്കാനല്ല ഞാനാവശ്യപ്പെടുന്നത്. അവരെ ദുഷ്ടനില്‍നിന്നും സംരക്ഷിക്കണമെന്നാണ്.

[16] ഞാന്‍ ഈ ലോകത്തിന്‍റേത് അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റേതല്ല.

[17] നിന്‍റെ സത്യത്തിലൂടെ നിന്നെ സേവിക്കാനവരെ സജ്ജരാക്കുക. നിന്‍റെ വചനം സത്യമാണ്.

[18] നീ എന്നെ ഈ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ഈ ലോകത്തിലേക്കയച്ചു.

[19] ഞാന്‍ സേവനത്തിനായി എന്നെത്തന്നെ ഒരുക്കുന്നു. നിന്‍റെ സേവനത്തിനവര്‍ സത്യത്തില്‍ തയ്യാറാകും വിധം ഞാനിതൊക്കെ അവര്‍ക്കായി ചെയ്യുന്നു.

[20] “ഞാനവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, ഇവരുടെ ഉപദേശങ്ങള്‍ കൊണ്ട് എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

[21] പിതാവേ, എന്നില്‍ വിശ്വസിച്ചവരെല്ലാം ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ എന്നിലും ഞാന്‍ നിന്നിലും ഉണ്ട്. നീ എന്നെ അയച്ചു എന്നു ലോകം വിശ്വസിക്കും വിധം ഇവരെല്ലാം നമ്മില്‍ ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

[22] നീ എനിക്കു തന്ന മഹത്വം ഞാനിവര്‍ക്കു കൊടുത്തു. ഞാനും നീയും ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകുന്നതിനാണ് ഞാന്‍ ഈ മഹത്വം അവര്‍ക്കു നല്‍കിയത്.

[23] ഞാന്‍ അവരിലുണ്ടാകും. നീ എന്നിലും. അങ്ങനെ അവര്‍ പൂര്‍ണ്ണമായും ഒന്നാകും. അപ്പോള്‍ ലോകം അറിയും നീ എന്നെ അയച്ചുവെന്ന്. എന്നെ നീ സ്നേഹിച്ചതുപോലെ ഈ മനുഷ്യരെയും നീ സ്നേഹിച്ചുവെന്ന് ലോകം അറിയും.

[24] “പിതാവേ, ഞാന്‍ എവിടെ ആയിരുന്നാലും എന്നോടൊപ്പം നീ എനിക്കു തന്നവരായ ഇവരും ഉണ്ടാകേണമേ. അങ്ങനെ അവര്‍ക്കു എന്‍റെ മഹത്വം കാണാമല്ലോ. ലോക സൃഷ്ടിക്കു മുമ്പു തന്നെ എന്നോടുള്ള സ്നേഹംമൂലം നീ എനിക്കു തന്നതാണ് ഈ മഹത്വം.

[25] പിതാവേ, നീയാണു നീതിമാന്‍. ലോകം നിന്നെ അറിയുന്നില്ലെങ്കിലും ഞാനറിയുന്നു. ഇവര്‍ക്കറിയാം എന്നെ നീ അയച്ചതാണെന്ന്.

[26] അങ്ങ് എങ്ങനെയാണെന്നു ഞാനവരെ പഠിപ്പിച്ചു. തുടര്‍ന്നും ഞാനവരെ പഠിപ്പിക്കും. നിനക്ക് എന്നോടുള്ളതുപോലുള്ള സ്നേഹം അപ്പോള്‍ അവര്‍ക്കുമുണ്ടാകും. ഞാനവരില്‍ വസിക്കുകയും ചെയ്യും.”

യോഹന്നാന്‍ — Chapters