[1] ആഴ്ചയിലെ ആദ്യത്തെ ദിവസം പുലര്‍ച്ചെ മഗ്ദലക്കാരി മറിയ യേശുവിന്‍റെ കല്ലറയിലേക്കു പോയി. അപ്പോള്‍ ഇരുട്ടായിരുന്നു. വാതില്‍ക്കല്‍ അടച്ചിരുന്ന വലിയ കല്ല് തള്ളിമാറ്റപ്പെട്ടിരുന്നു.
[2] അതുകണ്ട് മറിയ ശിമോന്‍ പത്രൊസിന്‍റെയും മറ്റേ ശിഷ്യന്‍റേയും (യേശു വളരെ സ്നേഹിച്ചിരുന്നവന്‍.) അടുത്തേക്ക് ഓടി. മറിയ പറഞ്ഞു, “അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്നും കൊണ്ടുപോയി. എവിടെയാണവനെ വെച്ചതെന്നറിഞ്ഞു കൂടാ.”
[3] അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും കല്ലറയിലേക്കു പുറപ്പെട്ടു.
[4] ഇരുവരും ഓടുകയായിരുന്നുവെങ്കിലും മറ്റേ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓടി.
[5] അതിനാല്‍ അയാള്‍ ആദ്യം കല്ലറയിലെത്തി. അയാള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി. നേര്‍മ്മയുള്ള തുണിക്കഷണങ്ങളവിടെ ചിതറിക്കിടക്കുന്നതു കണ്ടെങ്കിലും അയാള്‍ അകത്തേക്കു കയറിയില്ല.
[6] അപ്പോള്‍ ശിമോന്‍ പത്രൊസ് അയാള്‍ക്കു പിന്നിലെത്തി. പത്രൊസ് കല്ലറയ്ക്കുള്ളിലേക്കു കടന്നു. അവിടെ നേര്‍മ്മയുള്ള തുണിക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നത് അയാള്‍ കണ്ടു.
[7] യേശുവിന്‍റെ തലയില്‍ കെട്ടിയിരുന്ന തുണിയും അയാള്‍ കണ്ടു. അതാകട്ടെ ചുരുട്ടി മറ്റൊരിടത്തിരിക്കുന്നതാണ് കണ്ടത്.
[8] അപ്പോള്‍ മറ്റേ ശിഷ്യനും അകത്തു കടന്നു. അയാളായിരുന്നു കല്ലറയ്ക്കടുത്ത് ആദ്യം വന്നത്. സംഭവിച്ചതൊക്കെ കണ്ട് അയാള്‍ വിശ്വസിച്ചു.
[9] (യേശു ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത് അവര്‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.)
[10] അനന്തരം ശിഷ്യന്മാര്‍ ഇരുവരും തങ്ങളുടെ വീടുകളിലേയ്ക്കു മടങ്ങി.
[11] പക്ഷേ മറിയ കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി.
[12] വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാരെ അവള്‍ അവിടെ കണ്ടു. യേശുവിന്‍റെ ശരീരം ഇരുന്നിടത്ത് അവരിരുന്നിരുന്നു. ഒരു ദൂതന്‍ യേശുവിന്‍റെ പാദം ഇരുന്നിടത്തും ഇരുന്നു.
[13] ദൂതന്മാര്‍ മറിയയോടു ചോദിച്ചു, “സ്ത്രീയേ നീയെന്തിനാണു കരയുന്നത്?” മറിയ മറുപടി പറഞ്ഞു, “ചിലര്‍ എന്‍റെ കര്‍ത്താവിന്‍റെ ശരീരം എടുത്തു കൊണ്ടുപോയി. അവരവനെ എവിടെ വെച്ചു എന്നെനിക്കറിയില്ല.”
[14] മറിയ അതു പറഞ്ഞു തീര്‍ന്നപ്പോള്‍ യേശു മുമ്പില്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍ അത് യേശുവാണെന്ന് അവള്‍ക്ക് അറിയുമായിരുന്നില്ല.
[15] യേശു അവളോടു ചോദിച്ചു, “സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? ആരെയാണ് നീ തേടുന്നത്?” ഇതു തോട്ടക്കാരനാണെന്നു മറിയ കരുതി. എന്നിട്ടവള്‍ ചോദിച്ചു, “നിങ്ങള്‍ അവനെ കൊണ്ടുപോയിട്ടുണ്ടെങ്കില്‍ പറയൂ നിങ്ങള്‍ എവിടെയാണ് അവനെ വെച്ചിട്ടുള്ളത്, അപ്പോള്‍ എനിക്ക് അവിടെപ്പോയി അവനെ എടുക്കാം.”
[16] യേശു അവളെ വിളിച്ചു, “മറിയേ,” മറിയ യേശുവിനു നേര്‍ക്കു തിരിഞ്ഞു യെഹൂദഭാഷയില്‍ പറഞ്ഞു, “റബ്ബോനി!” (“ഗുരു” എന്ന് അര്‍ത്ഥം)
[17] അപ്പോള്‍ യേശു അവളോടു പറഞ്ഞു, “എന്നെ പിടിച്ചു നിര്‍ത്തരുത്. ഞാനിതുവരെ പിതാവിന്‍റെ അടുക്കലേക്കു പോയില്ല. നീ എന്‍റെ സഹോദരന്‍ന്മാരുടെ അടുത്തുചെന്ന് ഇങ്ങനെ പറയുക: ‘ഞാന്‍ എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും അടുത്തേയ്ക്കു പോകുന്നു. ഞാന്‍ എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുത്തേക്കു പോകുന്നു.’”
[18] മഗ്ദലമറിയ ശിഷ്യന്മാരുടെ അടുത്തു ചെന്നു പറഞ്ഞു, “കര്‍ത്താവിനെ ഞാന്‍ കണ്ടു.” യേശു അവളോടു പറഞ്ഞതെല്ലാം അവള്‍ അവരോടു പറഞ്ഞു.
[19] അന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു. വൈകുന്നേരം ശിഷ്യന്മാര്‍ ഒത്തുചേര്‍ന്നിരുന്നു. യെഹൂദന്മാരെ ഭയന്ന് അവര്‍ കതകടച്ചു കുറ്റിയിട്ടിരുന്നു. അപ്പോള്‍ യേശു വന്ന് അവരുടെ ഇടയില്‍ നിന്നു. യേശു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം.”
[20] ഇതു പറഞ്ഞിട്ട് അവന്‍ ശിഷ്യന്മാരെ തന്‍റെ കൈകളും പാര്‍ശ്വവും കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ വളരെ സന്തോഷിച്ചു.
[21] അപ്പോള്‍ യേശു വീണ്ടും പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചു. അതുപോലെ ഞാന്‍ നിങ്ങളെയും അയയ്ക്കുന്നു.”
[22] ഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെമേല്‍ ഊതി. യേശു പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക.
[23] നിങ്ങള്‍ ആളുകളുടെ പാപം പൊറുത്താല്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. നിങ്ങള്‍ പൊറുക്കാതിരുന്നാല്‍ അവരില്‍ പാപങ്ങള്‍ നിലനില്‍ക്കും.”
[24] യേശു വന്നപ്പോള്‍ തോമസ് എന്നു വിളിക്കുന്ന ദിദിമൊസ് ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നില്ല. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായിരുന്നു തോമസ്.
[25] മറ്റു ശിഷ്യന്മാര്‍ “ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” എന്നവനോടു പറഞ്ഞു. തോമസ് പറഞ്ഞു, “അവന്‍റെ കൈകളിലെ ആണിത്തുളകള്‍ കാണാതെ ഞാനിതു വിശ്വസിക്കില്ല. അവന്‍റെ ആണിപ്പഴുതുകളില്‍ എന്‍റെ വിരലിടുകയും പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും ചെയ്യാതെ ഞാനിതു വിശ്വസിക്കയില്ല.”
[26] ഒരാഴ്ചയ്ക്കു ശേഷം അവന്‍റെ ശിഷ്യന്മാര്‍ വീണ്ടും വീട്ടിലിരിക്കുകയായിരുന്നു. തോമസും അവരോടൊപ്പം ഉണ്ടായിരുന്നു. കതകുകള്‍ അടച്ചിരുന്നുവെങ്കിലും യേശു അവരുടെ മുമ്പില്‍ വന്നു നിന്നു. എന്നിട്ടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം!”
[27] അപ്പോള്‍ യേശു തോമസിനോടു പറഞ്ഞു, “നിന്‍റെ വിരല്‍ ഇതാ ഇവിടെ കടത്തുക. ഇതാ എന്‍റെ കൈകള്‍. നിന്‍റെ കൈകള്‍ എന്‍റെ പളളയില്‍ വയ്ക്കുക. സംശയം അവസാനിപ്പിച്ച് വിശ്വസിക്കുക.”
[28] തോമസ് യേശുവിനോട് പറഞ്ഞു, “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ!”
[29] യേശു തോമസിനോടു പറഞ്ഞു, “എന്നെ കണ്ടതുകൊണ്ട് നീ വിശ്വസിച്ചു. എന്നെ കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഏറെ അനുഗൃഹീതര്‍.”
[30] യേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പല അത്ഭുത പ്രവര്‍ത്തികളും കാണിച്ചു. അവ ഈ സുവിശേഷത്തില്‍ എഴുതിയിട്ടില്ല.
[31] യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കാനാണ് ഈ കാര്യങ്ങള്‍ എഴുതപ്പെട്ടത്. വിശ്വാസത്തിലൂടെ അവന്‍റെ നാമത്തില്‍ ജീവന്‍ കിട്ടുന്നതിനും.