Skip to content
Opens in a new window
Listen to this chapter • 7:30

[1] പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ യേശു ശിഷ്യന്മാരോടൊത്ത് അവിടം വിട്ടു. അവര്‍ കെദ്രോന്‍ താഴ്വര കടന്നു. താഴ്വരയുടെ മറുവശത്ത് ഒലിവുമരങ്ങളുടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും അങ്ങോട്ടു പോയി.

[2] യേശു പലപ്പോഴും അവന്‍റെ ശിഷ്യന്മാരുമായി അവിടെ ഒത്തുകൂടാറുണ്ടായിരുന്നതിനാല്‍ യൂദയ്ക്ക് ആ സ്ഥലം അറിയാമായിരുന്നു.

[3] അതിനാല്‍ യൂദാ ഒരു സംഘം ഭടന്മാരെ അങ്ങോട്ടു കൊണ്ടുവന്നു. മഹാ പുരോഹിതന്മാരും പരീശന്മാരും നിയോഗിച്ച ഏതാനും കാവല്‍ക്കാരും അവനോടൊത്തുണ്ടായിരുന്നു. അവര്‍ വിളക്കുകളും പന്തങ്ങളും ആയുധങ്ങളും എടുത്തിരുന്നു.

[4] തനിക്കു സംഭവിക്കാന്‍പോകുന്നതെല്ലാം യേശുവിന് അറിയാമായിരുന്നു. യേശു പുറത്തേക്കിറങ്ങി ചോദിച്ചു, “നിങ്ങള്‍ ആരെയാണു നോക്കുന്നത്?”

[5] അവര്‍ പറഞ്ഞു, “നസറായനായ യേശുവിനെ.” യേശു പറഞ്ഞു, “ഞാനാണ് യേശു.” (യേശുവിനെതിരെ തിരിഞ്ഞ യൂദായും അവരോടൊപ്പം നില്പുണ്ടായിരുന്നു.)

[6] ‘ഞാനാണ് യേശു’ എന്നവന്‍ പറഞ്ഞപ്പോള്‍ അവര്‍ പുറകോട്ടു പോയി നിലത്തു വീണു.

[7] യേശു വീണ്ടും അവരോടു ചോദിച്ചു, “ആരെയാണ് നിങ്ങള്‍ തിരയുന്നത്?” അവര്‍ പറഞ്ഞു, “നസറായനായ യേശുവിനെ.”

[8] യേശു പറഞ്ഞു, “ഞാന്‍ പറഞ്ഞല്ലോ, ഞാനാണ് യേശു. അതുകൊണ്ട് നിങ്ങള്‍ എന്നെയാണു തിരയുന്നതെങ്കില്‍ മറ്റുള്ളവര്‍ പൊയ്ക്കൊള്ളട്ടെ.”

[9] യേശു മുമ്പു പറഞ്ഞ ഈ വാക്കുകള്‍ അങ്ങനെ യാഥാര്‍ത്ഥ്യമായി. “നീ എനിക്കു തന്ന ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല.”

[10] ശിമോന്‍ പത്രൊസിന് ഒരു വാളുണ്ടായിരുന്നു, അയാള്‍ വാളൂരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി. അയാളുടെ വലതു ചെവി പത്രൊസ് വെട്ടി. (മല്‍ക്കൊസ് എന്നായിരുന്നു ആ ദാസന്‍റെ പേര്)

[11] യേശു പത്രൊസിനോടു പറഞ്ഞു, “പത്രൊസേ, നിന്‍റെ വാള്‍ തിരികെ ഉറയിലിടുക. പിതാവ് എനിക്കു തന്ന കഷ്ടതയുടെ പാനപാത്രം ഞാന്‍ വാങ്ങിയേ പറ്റൂ.”

[12] ഭടന്മാരും അവരുടെ തലവനും യെഹൂദകാവല്‍ക്കാരും ചേര്‍ന്ന് യേശുവിനെ പിടിച്ചുകെട്ടി തടവിലാക്കി.

[13] അവര്‍ അവനെ ആദ്യം ഹന്നാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു. കയ്യഫാവിന്‍റെ അമ്മായിയപ്പനായിരുന്നു ഹന്നാവ്. ആ വര്‍ഷത്തെ മഹാപുരോഹിതനായിരുന്നു കയ്യഫാവ്.

[14] എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുന്നതാവാം നല്ലതെന്ന് ഇയാളാണ് യെഹൂദരോട് പറഞ്ഞത്.

[15] ശിമോന്‍ പത്രൊസും യേശുവിന്‍റെ മറ്റൊരു ശിഷ്യനും യേശുവിനോടൊത്തു പോയി. മറ്റേ ശിഷ്യനു മഹാപുരോഹിതനെ അറിയാമായിരുന്നു. അതിനാലയാള്‍ യേശുവിനോടൊത്തു മഹാ പുരോഹിതന്‍റെ വീട്ടുമുറ്റം വരെ പോയി.

[16] പക്ഷേ പത്രൊസ് വാതിലിനടുത്ത് വെളിയില്‍ നിന്നതേയുള്ളൂ. മഹാപുരോഹിതനെ അറിയാവുന്ന ശിഷ്യന്‍ പുറത്തേക്കു വന്നു. വാതില്‍ തുറന്ന ദാസിയോട് അയാള്‍ സംസാരിച്ചു. എന്നിട്ടയാള്‍ പത്രൊസിനെ അകത്തേക്കു കടത്തി.

[17] വാതില്‍ക്കലെ ദാസി പത്രൊസിനോടു ചോദിച്ചു, “നീയും, ആ മനുഷ്യന്‍റെ ശിഷ്യന്മാരിലൊരുത്തനല്ലേ?” പത്രൊസ് പറഞ്ഞു, “അല്ല, ഞാനല്ല.”

[18] തണുപ്പായിരുന്നതിനാല്‍ ദാസന്മാരും കാവല്‍ക്കാരും തീ കൂട്ടിയിരുന്നു. അവരതിനു ചുറ്റുമിരുന്നു ചൂടുപിടിക്കുകയായിരുന്നു. പത്രൊസ് അവരോടൊത്തു നില്‍ക്കുകയായിരുന്നു.

[19] മഹാപുരോഹിതന്‍ യേശുവിനോട് അവന്‍റെ ശിഷ്യന്മാരെപ്പറ്റി ചോദിച്ചു. യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും ചോദിച്ചു.

[20] യേശു മറുപടി പറഞ്ഞു, “ഞാനെപ്പോഴും ജനങ്ങളോട് തുറന്നു സംസാരിച്ചിരുന്നു. യ്ഹൂദാ പള്ളികളിലും ദൈവാലയത്ത്തിലും ഇരുന്നാണ് ഞാന്‍ പഠിപ്പിക്കാറ്. യെഹൂദരെല്ലാം അവിടെ വന്നു കൂടാറുണ്ടായിരുന്നു. ഒരിക്കലും ഞാന്‍ ഒന്നും രഹസ്യമായി പറഞ്ഞിരുന്നില്ല.

[21] പിന്നെന്താണെന്നെ നിങ്ങള്‍ ചോദ്യം ചെയ്യുന്നത്? എന്‍റെ വചനങ്ങള്‍ കേട്ടവരോട് ചോദിക്കുക. അവര്‍ക്കറിയാം ഞാന്‍ എന്താണു പറഞ്ഞതെന്ന്.”

[22] യേശു ഇതു പറഞ്ഞപ്പോള്‍ കാവല്‍ക്കാരില്‍ ഒരുവന്‍ അവനെ ഇടിച്ചു. അയാള്‍ പറഞ്ഞു, “മഹാ പുരോഹിതനോട് ഇങ്ങനെ സംസാരിക്കരുത്.”

[23] യേശു മറുപടി പറഞ്ഞു, “ഞാന് തെറ്റെന്തെങ്കിലും പറഞ്ഞെങ്കില്‍ ആ തെറ്റ് എന്താണെന്ന് ഇവിടെയുള്ളവരോട് പറയുക. പക്ഷേ ശരിയാണെങ്കില്‍ പിന്നെ നീയെന്തിനാണെന്നെ ഇടിച്ചത്?”

[24] അതിനാല്‍ ഹന്നാവ് യേശുവിനെ കയ്യഫാവിന്‍റെ അടുത്തേക്ക് അയച്ചു. യേശു അപ്പോഴും ബന്ധിതനായിരുന്നു.

[25] ശിമോന്‍ പത്രൊസ് നിന്നുകൊണ്ട് തീ കായുകയായിരുന്നു. മറ്റുള്ളവര്‍ പത്രൊസിനോടു ചോദിച്ചു, “നീ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലേ?” പക്ഷേ പത്രൊസ് പറഞ്ഞു, “അല്ല, ഞാനല്ല.”

[26] മഹാ പുരോഹിതന്‍റെ ദാസന്മാരില്‍ ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. പത്രൊസ് ചെവി മുറിച്ചവന്‍റെ ബന്ധുവാണയാള്‍. അയാള്‍ പറഞ്ഞു, “നിന്നെ ഞാന്‍ പൂന്തോട്ടത്തില്‍ വച്ച് അവനോടൊത്ത് കണ്ടിട്ടുള്ളതായി തോന്നുന്നു.”

[27] പക്ഷേ പത്രൊസ് വീണ്ടും പറഞ്ഞു, “ഇല്ല, ഞാനവനോടൊത്ത് ഉണ്ടായിരുന്നില്ല.” അപ്പോള്‍ ഒരു കോഴി കൂകി.

[28] അനന്തരം യെഹൂദന്മാര്‍ യേശുവിനെ കയ്യഫാവിന്‍റെ കൊട്ടാരത്തില്‍നിന്നും ഗവര്‍ണ്ണരുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതു പുലര്‍ച്ചെയായിരുന്നു. യെഹൂദര്‍ വസതിക്കുള്ളില്‍ കടന്നില്ല. പെസഹാ ഭക്ഷിക്കേണ്ടിയിരുന്നതു കൊണ്ട് അവര്‍ സ്വയം അശുദ്ധരാകാന്‍ ഇഷ്ടപ്പെട്ടില്ല.

[29] അതിനാല്‍ പീലാത്തൊസ് പുറത്ത് യെഹൂദരുടെ അടുത്തേക്കു വന്നു. അദ്ദേഹം ചോദിച്ചു, “ഈ മനുഷ്യനെതിരെയുള്ള നിങ്ങളുടെ കുറ്റാരോപണം എന്ത്?”

[30] യെഹൂദര്‍ പറഞ്ഞു, “അവന്‍ ഒരു കുറ്റവാളിയാണ്. അതുകൊണ്ടാണവനെ ഞങ്ങള്‍ അങ്ങയെ ഏല്പിച്ചത്.”

[31] പീലാത്തൊസ് പറഞ്ഞു, “നിങ്ങള്‍ യെഹൂദര്‍ ഇവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണമനുസരിച്ച് ശിക്ഷ വിധിക്കുവിന്‍.” യെഹൂദര്‍ പറഞ്ഞു, “എന്നാല്‍ ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍ അങ്ങയുടെ നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.”

[32] (താനെങ്ങനെ മരിക്കും എന്ന് യേശു മുമ്പു പറഞ്ഞതു യാഥാര്‍ത്ഥ്യമായി.)

[33] അപ്പോള്‍ പീലാത്തൊസ് കൊട്ടാരത്തിനുള്ളിലേക്കു മടങ്ങിപ്പോയി. അദ്ദേഹം യേശുവിനെ വിളിച്ചു. അദ്ദേഹം യേശുവിനോടു ചോദിച്ചു, “നീ യെഹൂദരുടെ രാജാവാണോ?”

[34] യേശു പറഞ്ഞു, “ഇത് താങ്കളുടെ സ്വന്തം ചോദ്യമാണോ? അതോ മറ്റാരെങ്കിലും താങ്കളോട് എന്നെപ്പറ്റി പറഞ്ഞതോ?”

[35] പീലാത്തൊസ് പറഞ്ഞു, “ഞാന്‍ ഒരു യെഹൂദനല്ല. നിന്‍റെ തന്നെ ആളുകളും മഹാപുരോഹിതന്മാരും ആണ് നിന്നെ പിടിച്ചു കൊണ്ടുവന്ന് എന്നെ ഏല്പിച്ചത്. എന്താണു നിന്‍റെ മേലുള്ള ആരോപണം?”

[36] യേശു പറഞ്ഞു, “എന്‍റെ രാജ്യം ഈ ലോകത്തിന്‍റേതല്ല. അത് ഈ ലോകത്തിന്‍റേത് ആയിരുന്നുവെങ്കില്‍ ഞാന്‍ യെഹൂദരുടെ കയ്യില്‍ ഏല്പിക്കപ്പെടാതിരിക്കാന്‍ എന്‍റെ ദാസന്മാര്‍ പൊരുതുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം മറ്റൊരിടത്തു നിന്നുമാണ്.”

[37] പീലാത്തൊസ് പറഞ്ഞു, “അപ്പോള്‍ നീയൊരു രാജാവാണ്.” യേശു പറഞ്ഞു, “ഞാന്‍ രാജാവാണെന്നു താങ്കള്‍ പറയുന്നു. അതു ശരിയാണ്. ഞാന്‍ ജനിച്ചത് ഇതിനാണ്. സത്യം ജനങ്ങളെ സാക്ഷ്യപ്പെടുത്താന്‍. അതിനാണു ഞാന്‍ ഈ ലോകത്തില്‍ വന്നത്. സത്യത്തില്‍ നിന്നുള്ളവരെല്ലാം എന്നെ ശ്രവിക്കുന്നു.”

[38] പീലാത്തൊസ് ചോദിച്ചു, “എന്താണു സത്യം?” അതു ചോദിച്ച ശേഷം പീലാത്തൊസ് പുറത്ത് യെഹൂദരുടെ അടുത്തേക്കു മടങ്ങിപ്പോയി. പീലാത്തൊസ് അവരോടു പറഞ്ഞു, “അയാള്‍ക്കെതിരെ ചാര്‍ത്താന്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല.

[39] എന്നാല്‍ പെസഹാ ദിവസം ഒരു തടവുകാരനെ വിട്ടയയ്ക്കുന്ന ചടങ്ങ് നിങ്ങള്‍ക്കുണ്ട്. യെഹൂദരുടെ ഈ രാജാവിനെ ഞാന്‍ സ്വതന്ത്രനാക്കട്ടേ?”

[40] യെഹൂദര്‍ വിളിച്ചു പറഞ്ഞു, “വേണ്ട, അവനെ വേണ്ട. ബറബ്ബാസിനെ വിട്ടയയ്ക്കുക.” (ബറബ്ബാസ് ഒരു കള്ളനായിരുന്നു.)

യോഹന്നാന്‍ — Chapters