Skip to content
Opens in a new window
Listen to this chapter • 4:28

[1] രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഗലീലയിലെ കാനാവില്‍ ഒരു കല്യാണമുണ്ടായിരുന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു.

[2] യേശുവിനെയും ശിഷ്യന്മാരെയും വിവാഹത്തിനു ക്ഷണിച്ചിരുന്നു.

[3] അവിടെ വീഞ്ഞു തികഞ്ഞില്ല. വീഞ്ഞു തീര്‍ന്നപ്പോള്‍ യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു, “അവര്‍ക്കു വീഞ്ഞ് ഇല്ല.”

[4] യേശു മറുപടി പറഞ്ഞു, “പ്രിയപ്പെട്ട സ്ത്രീയേ, ഞാനെന്തു ചെയ്യണമെന്ന് എന്നോടു പറയേണ്ടതില്ല. എന്‍റെ സമയം ഇനിയുമായിട്ടില്ല.”

[5] യേശുവിന്‍റെ അമ്മ ദാസന്മാരോടു പറഞ്ഞു, “യേശു പറയുന്നതു പോലെ ചെയ്യുക.”

[6] അവിടെ ആറു വലിയ കല്‍ഭരണികളുണ്ടായിരുന്നു, യെഹൂദര്‍ ശുദ്ധീകരണത്തിനുള്ള വെള്ളം നിറയ്ക്കുന്നത് അതിലായിരുന്നു. ഓരോന്നിലും എണ്‍പതു മുതല്‍ നൂറു ലിറ്റര്‍ വരെ വെള്ളം കൊള്ളുമായിരുന്നു.

[7] യേശു ദാസന്മാരോടു പറഞ്ഞു, “ആ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കുക.” ദാസന്മാര്‍ വക്കോളം വെള്ളം നിറച്ചു.

[8] അനന്തരം യേശു ദാസന്മാരോടു പറഞ്ഞു, “കുറച്ചു കോരി യജമാനനെ ഏല്പിക്കുക.” അവര്‍ കൊണ്ടുപോയി കൊടുത്തു.

[9] കാര്യസ്ഥന്‍ വെള്ളം രുചിച്ചു നോക്കിയപ്പോള്‍ അതു വീഞ്ഞായി മാറിയിരിക്കുന്നതു കണ്ടു. വീഞ്ഞ് എവിടെ നിന്നു വന്നുവെന്ന് അയാളറിഞ്ഞില്ല. എന്നാലതു കൊണ്ടുവന്ന ദാസന്മാര്‍ക്ക് അറിയാമായിരുന്നു. കാര്യസ്ഥന്‍ വരനെ വിളിച്ചു.

[10] അയാള്‍ വരനോടു പറഞ്ഞു, “ആളുകള്‍ നല്ല വീഞ്ഞ് ആദ്യം വിളമ്പും. പിന്നീട് അതിഥികള്‍ കുടിച്ചു കഴിയുമ്പോള്‍ തരംതാണ വീഞ്ഞും വിളമ്പും. പക്ഷേ നീ നല്ല വീഞ്ഞു ഇതുവരേക്കും മാറ്റിവച്ചു വിളമ്പുന്നു.”

[11] യേശുവിന്‍റെ ആദ്യത്തെ അത്ഭുതപ്രവൃത്തിയായിരുന്നു അത്. ഗലീലയിലെ കാനാവിലാണ് യേശു ഈ പ്രവൃത്തി ചെയ്തത്. അങ്ങനെ യേശു തന്‍റെ മഹത്വം പ്രകടിപ്പിച്ചു. അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.

[12] അനന്തരം യേശു കഫര്‍ന്നഹൂമിലേക്കു പോയി. യേശുവിന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും അവനോടൊത്തു പോയി. അവര്‍ ഏതാനും ദിവസം കഫര്‍ന്നഹൂമില്‍ തങ്ങി.

[13] അത് പെസഹാ സമയം ആകാറായപ്പോഴായിരുന്നു. അതിനാല്‍ യേശു യെരൂശലേമിലേക്കു പോയി.

[14] ദൈവാലയത്തില്‍ ആളുകള്‍ കാളകളെയും ആടുകളെയും പ്രാവുകളെയും വില്‍ക്കുന്നത് അവന്‍ കണ്ടു. മറ്റുള്ളവര്‍ മേശയ്ക്കരികില്‍ ഇരിക്കുന്നതും കണ്ടു. അവര്‍ പണമിടപാടുകള്‍ നടത്തുകയായിരുന്നു.

[15] യേശു ഏതാനും കയര്‍കഷണങ്ങള്‍ ചേര്‍ത്ത് ഒരു ചാട്ടയുണ്ടാക്കി. അവന്‍ മനുഷ്യരെയും കാളകളെയും ആടുകളെയും ദൈവാലയത്തില്‍ നിന്നും പുറത്താക്കി. പണമിടപാടുകാരുടെ മേശകള്‍ മറിച്ചിടുകയും പണം ചിതറിച്ചു കളയുകയും ചെയ്തു.

[16] എന്നിട്ട് യേശു അവിടെ മാടപ്പിറാവുകളെ വില്‍ക്കുകയായിരുന്നവരോടു പറഞ്ഞു, “ഇതെല്ലാം എടുത്തുകൊണ്ടു പുറത്തേക്കു പോവുക. എന്‍റെ പിതാവിന്‍റെ ഭവനത്തെ കച്ചവടസ്ഥലമാക്കരുത്.”

[17] ഇതു സംഭവിച്ചപ്പോള്‍ തിരുവെഴുത്തുകളിലെ വാക്കുകള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ ഓര്‍ത്തു: “ നിന്‍റെ ആലയത്തെക്കുറിച്ചുള്ള ആവേശം എന്നെ തിന്നുകളയും.”

[18] യെഹൂദര്‍ യേശുവിനോടു പറഞ്ഞു, “ഞങ്ങളെ ഒരു അത്ഭുത പ്രവൃത്തി അടയാളമായി കാണിക്കുക. ഇതെല്ലാം ചെയ്യാന്‍ നിനക്കുള്ള അവകാശം തെളിയിക്കുക.”

[19] യേശു മറുപടി പറഞ്ഞു, “ഈ ദൈവാലയം നശിപ്പിക്കുക, മൂന്നു ദിവസത്തിനുള്ളില്‍ ഞാനിതു വീണ്ടും പണിയും.”

[20] യെഹൂദര്‍ മറുപടി പറഞ്ഞു, “മനുഷ്യര്‍ നാല്പത്താറു വര്‍ഷം പണിയെടുത്താണിതു നിര്‍മ്മിച്ചത്! മൂന്നു ദിവസത്തിനുള്ളില്‍ ഇതു നിനക്കു വീണ്ടും പണിയാമെന്നു നീ വിശ്വസിക്കുന്നുണ്ടോ?”

[21] (എന്നാല്‍ യേശു ഉദ്ദേശിച്ച ദൈവാലയം സ്വന്തം ശരീരമായിരുന്നു.

[22] യേശു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ തിരുവെഴുത്തും യേശു പറഞ്ഞ വാക്കുകളും അനുസ്മരിച്ചു. അതിനാല്‍ ശിഷ്യന്മാര്‍ അവനെപ്പറ്റിയുള്ള തിരുവെഴുത്തുകളിലും യേശുവിന്‍റെ വാക്കുകളിലും വിശ്വസിച്ചു.)

[23] പെസഹാ ഉത്സവത്തിനോടനുബന്ധിച്ച് യേശു യെരൂശലേമിലായിരുന്നു. അവന്‍ ചെയ്ത അത്ഭുത പ്രവൃത്തികളാല്‍ അനേകംപേര്‍ അവനില്‍ വിശ്വസിച്ചു.

[24] എന്നാല്‍ യേശു അവരെ വിശ്വസിച്ചില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ മനോഗതം യേശുവിന് അറിയാമായിരുന്നു.

[25] മറ്റുള്ളവരെപ്പറ്റി തന്നോടു പറയാന്‍ അവനു ആരുടെയും ആവശ്യമില്ലായിരുന്നു. ഒരാളുടെ മനസ്സിലെന്താണുള്ളതെന്ന് യേശുവിന് അറിയാമായിരുന്നു.

യോഹന്നാന്‍ — Chapters