Skip to content
Opens in a new window
Listen to this chapter • 2:54

[1] ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു.

[2] പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു.

[3] അവന്റെ രൂപം മിന്നലിന് സമവും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.

[4] കാവൽക്കാർ അവനെ കണ്ട് പേടിച്ചു വിറച്ച് മരിച്ചവരെപോലെ ആയി.

[5] ദൂതൻ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;

[6] യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ

[7] അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോട് പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് പോലെ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും;

[8] അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:

[9] നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു.

[10] യേശു അവരോട്: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു് പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.

[11] അവർ പോകുമ്പോൾ കാവൽക്കാരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു.

[12] അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ട് പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു;

[13] അവന്റെ ശിഷ്യന്മാർ രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ വന്നു യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിൻ.

[14] വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ച് നിങ്ങളെ എല്ലാ ആകുലങ്ങളിൽ നിന്നും വിടുവിച്ചു കൊള്ളാം എന്നു പറഞ്ഞു.

[15] അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.

[16] എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോട് നിർദ്ദേശിച്ചിരുന്ന മലയിലേക്ക് പോയി.

[17] അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

[18] യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു.

[19] അതുകൊണ്ട് നിങ്ങൾ പോയി, സകലജാതികളെയും ശിഷ്യരാക്കുകയും, അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും ചെയ്യുവിൻ.

[20] ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു.

മത്തായി — Chapters