[1] ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
[2] “ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
[3] കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
[4] യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
[5] അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
[6] യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
[7] “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
[8] ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
[9] ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
[10] വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ട്.
[11] നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
[12] ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്ക് പോകുവാൻ നിര്‍ബ്ബന്ധിച്ചു.
[13] അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
[14] എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
[15] “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
[16] അവൻ ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നത് കണ്ട്; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
[17] യേശു അവരോട്: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
[18] ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
[19] യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നത് കണ്ട്.
[20] അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
[21] അവർ കഫർന്നഹൂമിലേക്ക് പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു.
[22] അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
[23] അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്:
[24] “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.
[25] യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
[26] അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
[27] എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
[28] അവന്റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
[29] അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
[30] അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
[31] അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
[32] വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
[33] പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
[34] നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
[35] അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.
[36] ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്ന്,
[37] അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
[38] അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്ക് പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
[39] അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
[40] ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
[41] യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
[42] “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന് ശുദ്ധിവന്നു.
[43] യേശു അവനെ കർശനമായി താക്കീത് ചെയ്തു:
[44] “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
[45] അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.