Skip to content
Opens in a new window
Listen to this chapter • 7:15

[1] ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിന്റെ കതിർ പറിച്ചു തിന്നുതുടങ്ങി

[2] പരീശന്മാർ അത് കണ്ടിട്ട്: നോക്കു, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു യേശുവിനോടു പറഞ്ഞു.

[3] എന്നാൽ യേശു അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും

[4] വിശന്നപ്പോൾ ചെയ്തത് എന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു

[5] അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?

[6] എന്നാൽ ദൈവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[7] യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു.

[8] മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു.

[9] അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ട്.

[10] അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ എന്നു അവനോട് ചോദിച്ചു.

[11] അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ?

[12] എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നേ എന്നു പറഞ്ഞു.

[13] പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈപോലെ സൌഖ്യമായി.

[14] പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്ന് അന്വേഷിച്ച് അവന് വിരോധമായി ഉപായം ചമച്ചു.

[15] യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്ന്; അവൻ അവരെ ഒക്കെയും സൌഖ്യമാക്കി,

[16] തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു.

[17] “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെയ്ക്കും; അവൻ ജാതികൾക്ക് ന്യായവിധി അറിയിക്കും.

[18] അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല; ആരും തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.

[19] ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.

[20] അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെയ്ക്കും”

[21] എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.

[22] അതിനുശേഷം കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കുകയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.

[23] പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു.

[24] അത് കേട്ടിട്ട് പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.

[25] യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും;

[26] ഒരു പട്ടണമോ ഗൃഹമോ തന്നിൽതന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽതന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?

[27] ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ട് പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപന്മാർ ആകും.

[28] ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.

[29] ബലവാന്റെ വീട്ടിൽ കടന്നു അവന്റെ വസ്തുവകകൾ കവർന്നെടുക്കുവാൻ, ആദ്യം ബലവാനെ പിടിച്ച് കെട്ടീട്ടല്ലാതെ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.

[30] എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു.

[31] അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിയ്ക്കും; ആത്മാവിന് എതിരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.

[32] ആരെങ്കിലും മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിയ്ക്കും; പരിശുദ്ധാത്മാവിന് എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോട് ക്ഷമിക്കയില്ല.

[33] ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്ക്കുവിൻ; അല്ലെങ്കിൽ വൃക്ഷം ഗുണമല്ല, ഫലവും ഗുണകരമല്ല എന്നു വയ്ക്കുവിൻ; ഫലം കൊണ്ടല്ലോ വൃക്ഷത്തെ അറിയുന്നത്.

[34] സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലത് സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്.

[35] നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു.

[36] എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[37] നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.

[38] അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്:

[39] ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല.

[40] യോനാ വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.

[41] നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.

[42] തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

[43] അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.

[44] അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്ക് മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; മടങ്ങിവന്നപ്പോൾ, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ട്.

[45] പിന്നെ അത് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.

[46] യേശു പുരുഷാരത്തോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മയും സഹോദരന്മാരും അവനോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിന്നു.

[47] ഒരുവൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു എന്നു പറഞ്ഞു.

[48] അത് പറഞ്ഞവനോട് ഉത്തരമായി അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു.

[49] എന്നിട്ട് അവന്റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

[50] സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ ഏവനും എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

മത്തായി — Chapters