Skip to content
Opens in a new window
Listen to this chapter • 2:55

[1] ആ കാലങ്ങളിൽ യോഹന്നാൻ സ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:

[2] സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

[3] “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കുകൾ: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാപ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.

[4] യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും തോലുകൊണ്ടുള്ള അരപ്പട്ടയും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

[5] അന്ന് യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്ന്

[6] തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.

[7] സ്നാനമേൽക്കുന്നതിനായി പരീശരിലും സദൂക്യരിലും ഉള്ള പലരും തന്റെ അരികിൽ വരുന്നത് കണ്ടപ്പോൾ യോഹന്നാൻ അവരോട് പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നതു ആർ?

[8] മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ.

[9] അബ്രാഹാം ഞങ്ങൾക്കു പിതാവായുണ്ട് എന്നു നിങ്ങളുടെ ഇടയിൽ പറയുവാൻ ചിന്തിക്കരുത്; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന് മക്കളെ ഉളവാക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[10] ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

[11] ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്റെ പിന്നാലെ വരുന്നവനോ എന്നേക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

[12] പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്റെ കയ്യിൽ ഉണ്ട്; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യും.

[13] അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ നദിയിൽ അവന്റെ അടുക്കൽ വന്നു.

[14] യോഹന്നാൻ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.

[15] യേശു പ്രത്യുത്തരമായി യോഹന്നാൻ സ്നാപകനോട്: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിയ്ക്കുന്നത് നമുക്കു ഉചിതം” എന്നു പറഞ്ഞു; ഉടനെ യോഹന്നാൻ യേശുവിനെ അനുവദിച്ചു.

[16] യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്ന് കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവ് പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്റെമേൽ പ്രകടമാകുന്നതും അവൻ കണ്ട്;

[17] ശ്രദ്ധിക്കുക, ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.

മത്തായി — Chapters