Skip to content
Opens in a new window
Listen to this chapter • 3:58

[1] അബ്രാഹാമിന്‍റെയും ദാവീദിന്റെയും പുത്രനായി ജനിച്ച യേശുക്രിസ്തുവിന്റെ വംശാവലി:

[2] അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്റെ സഹോദരന്മാരുടെയും പിതാവായിരുന്നു;

[3] യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിന്റെ പിതാവായിരുന്നു;

[4] ആരാം അമ്മീനാദാബിന്റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;

[5] ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു;

[6] യിശ്ശായി ദാവീദ്‌രാജാവിന്റെ പിതാവായിരുന്നു; ദാവീദ് ഊരിയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;

[7] ശലോമോൻ രെഹബ്യാമിന്റെ പിതാവായിരുന്നു; രെഹബ്യാം അബീയാവിന്റെ പിതാവായിരുന്നു; അബീയാവ് ആസായുടെ പിതാവായിരുന്നു;

[8] ആസാ യെഹോശാഫാത്തിന്റെ പിതാവായിരുന്നു; യെഹോശാഫാത്ത് യോരാമിന്റെ പിതാവായിരുന്നു; യോരാം ഉസ്സീയാവിന്റെ പിതാവായിരുന്നു;

[9] ഉസ്സീയാവ് യോഥാമിന്റെ പിതാവായിരുന്നു; യോഥാം ആഹാസിന്റെ പിതാവായിരുന്നു; ആഹാസ് ഹിസ്കീയാവിന്റെ പിതാവായിരുന്നു;

[10] ഹിസ്കീയാവ് മനശ്ശെയുടെ പിതാവായിരുന്നു; മനശ്ശെ ആമോസിന്റെ പിതാവായിരുന്നു; ആമോസ് യോശിയാവിന്റെ പിതാവായിരുന്നു;

[11] യോശീയാവ് യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്ത് ജനിപ്പിച്ചു.

[12] ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവ് ശെയല്തീയേലിന്റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്റെ പിതാവായിരുന്നു;

[13] സെരുബ്ബാബേൽ അബീഹൂദിന്റെ പിതാവായിരുന്നു; അബീഹൂദ് എല്യാക്കീമിന്റെ പിതാവായിരുന്നു; എല്യാക്കീം ആസോരിന്റെ പിതാവായിരുന്നു.

[14] ആസോർ സാദോക്കിന്റെ പിതാവായിരുന്നു; സാദോക്ക് ആഖീമിന്റെ പിതാവായിരുന്നു; ആഖീം എലീഹൂദിന്റെ പിതാവായിരുന്നു;

[15] എലീഹൂദ് എലീയാസരിന്റെ പിതാവായിരുന്നു; എലീയാസർ മത്ഥാന്റെ പിതാവായിരുന്നു; മത്ഥാൻ യാക്കോബിന്റെ പിതാവായിരുന്നു.

[16] യാക്കോബ് മറിയയുടെ ഭർത്താവായ യോസഫിന്റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

[17] ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു.

[18] എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ചു എന്നു മനസ്സിലാക്കി.

[19] അവളുടെ ഭർത്താവായ യോസഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവന് മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.

[20] ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന് സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.

[21] അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്റെ പേര് യേശു എന്നു വിളിക്കണം എന്നു പറഞ്ഞു”.

[22] “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”

[23] കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.

[24] യോസഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, തന്റെ ഭാര്യയായി അവളെ സ്വീകരിച്ചു.

[25] എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. മകന് അവൻ യേശു എന്നു പേർവിളിച്ചു.

മത്തായി — Chapters