Skip to content
Opens in a new window
Listen to this chapter • 5:40

[1] യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ:

[2] സ്വർഗ്ഗരാജ്യം തന്റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.

[3] അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.

[4] പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു.

[5] എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു.

[6] ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.

[7] രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

[8] പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.

[9] ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്ന് കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു.

[10] ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

[11] വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ട്:

[12] സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന് ഉത്തരം മുട്ടിപ്പോയി.

[13] രാജാവ് തന്റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

[14] വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

[15] അനന്തരം പരീശന്മാർ ചെന്ന് യേശുവിനെ അവന്റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട്

[16] അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്റെ അടുക്കൽ അയച്ചു. “ഗുരോ, നീ സത്യവാനും, ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും, മനുഷ്യരുടെ മുഖം നോക്കാത്തവനും, ആരുടെയും അഭിപ്രായത്തിന് വിധേയനാകാത്തവനും, ആണ് എന്നു ഞങ്ങൾ അറിയുന്നു.

[17] നിനക്ക് എന്ത് തോന്നുന്നു? കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം.

[18] യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട്: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്?

[19] കരത്തിനുള്ള നാണയം കാണിക്കുവിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശ് കൊണ്ടുവന്നു.

[20] അവൻ അവരോട്: ഇതിലുള്ള പ്രതിച്ഛായയും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന് കൈസരുടേത് എന്നു അവർ പറഞ്ഞു.

[21] എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു.

[22] അവർ ഇത് കേട്ട് ആശ്ചര്യപ്പെട്ടു അവനെ വിട്ടുപൊയ്ക്കളഞ്ഞു.

[23] ആ ദിവസം പുനരുത്ഥാനം ഇല്ല എന്നു പറയുന്ന ചില സദൂക്യരും അവന്റെ അടുക്കൽ വന്നു:

[24] ഗുരോ, ഒരുവൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ വിധവയായ സഹോദരഭാര്യയെ വിവാഹംകഴിച്ച് തന്റെ സഹോദരന് വേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.

[25] എന്നാൽ ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യ സഹോദരന്റേതായിത്തീർന്നു.

[26] രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു.

[27] എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു.

[28] എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്ക് ഭാര്യയാകും? എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ എന്നു ചോദിച്ചു.

[29] അതിന് യേശു ഉത്തരം പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു.

[30] പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്.

[31] മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടില്ലയോ?

[32] ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, മറിച്ച് ജീവനുള്ളവരുടെ ദൈവമത്രേ.

[33] പുരുഷാരം ഇതു കേട്ടിട്ട് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.

[34] സദൂക്യരെ അവൻ നിശബ്ദരാക്കിയെന്ന് കേട്ടിട്ട് പരീശന്മാർ ഒന്നിച്ച് കൂടി,

[35] അവരിൽ നിയമപണ്ഡിതനായ ഒരുവൻ:

[36] ഗുരോ, ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത് എന്നു യേശുവിനെ പരീക്ഷിച്ച് ചോദിച്ചു.

[37] യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം.

[38] ഇത് മഹത്തരവും, ഒന്നാമത്തേതുമായ കല്പന

[39] രണ്ടാമത്തേതും അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.

[40] ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

[41] പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്:

[42] ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.

[43] അവൻ അവരോട്: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?

[44] “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു അവൻ പറയുന്നുവല്ലോ.

[45] ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.

[46] അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ ധൈര്യപ്പെട്ടില്ല.

മത്തായി — Chapters