Skip to content
Opens in a new window
Listen to this chapter • 4:38

[1] ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:

[2] ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.

[3] ഹെരോദാവ് തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്ക് ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു

[4] യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.

[5] അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.

[6] എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

[7] അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.

[8] അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു.

[9] ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;

[10] അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.

[11] അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.

[12] അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്ന് യേശുവിനെ അറിയിച്ചു.

[13] അത് കേട്ടിട്ട് യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ട് പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്ന്.

[14] അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി.

[15] വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു: ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു.

[16] എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.

[17] അവർ അവനോട്: അഞ്ച് അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.

[18] അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.

[19] പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.

[20] എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.

[21] തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.

[22] ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു.

[23] അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.

[24] പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.

[25] രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.

[26] അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

[27] ഉടനെ യേശു അവരോട്:ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.

[28] അതിന് പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു.

[29] വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.

[30] എന്നാൽ അവൻ കാറ്റ് കണ്ട് ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

[31] യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ച്: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.

[32] യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.

[33] പടകിലുള്ള ശിഷ്യന്മാർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

[34] അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.

[35] അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.

[36] അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൌഖ്യംവന്നു.

മത്തായി — Chapters