Skip to content
Opens in a new window
Listen to this chapter • 5:06

[1] യേശു മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു.

[2] അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.

[3] യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്ക് മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധനായി.

[4] യേശു അവനോട്: നോക്കു, ഇത് നീ ആരോടും പറയരുത്; എന്നാൽ പുരോഹിതന്മാർക്കു സാക്ഷ്യത്തിനായി നീ ചെന്ന് നിന്നെത്തന്നെ അവർക്ക് കാണിച്ചു, മോശെ കല്പിച്ച വഴിപാട് കഴിക്ക എന്നു പറഞ്ഞു.

[5] യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോട്:

[6] കർത്താവേ, എന്റെ വേലക്കാരൻ തളർവാതം പിടിച്ച് കഠിനമായി വേദനപ്പെട്ട് വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

[7] യേശു അവനോട്: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.

[8] അതിന് ശതാധിപൻ: കർത്താവേ, നീ എന്റെ വീടിനകത്ത് വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ വേലക്കാരന് സൌഖ്യംവരും.

[9] ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

[10] അത് കേട്ടിട്ട് യേശു അതിശയിച്ചു, തന്നെ അനുഗമിക്കുന്നവരോട് പറഞ്ഞത്: യിസ്രായേലിൽകൂടെ ഇത്രവലിയ വിശ്വാസമുള്ള ഒരുവനെ കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

[11] കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും.

[12] രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[13] പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നേ അവന്റെ വേലക്കാരന് സൌഖ്യംവന്നു.

[14] യേശു പത്രൊസിന്റെ വീട്ടിൽ വന്നപ്പോൾ അവന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടക്കുന്നത് കണ്ട്.

[15] അവൻ അവളുടെ കയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷചെയ്തു.

[16] വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി.

[17] അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞത് ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി.

[18] എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിന്റെ അക്കരയ്ക്ക് പോകുവാൻ കല്പിച്ചു.

[19] അപ്പോൾ ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്നു പറഞ്ഞു.

[20] യേശു അവനോട്: കുറുനരികൾക്ക് കുഴികളും ആകാശത്തിലെ പറവകൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.

[21] ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോട്: കർത്താവേ, ഞാൻ മുമ്പേപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നു പറഞ്ഞു.

[22] യേശു അവനോട്: “നീ എന്നെ അനുഗമിക്ക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയയ്ക്ക” എന്നു പറഞ്ഞു.

[23] പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ അവനോട് കൂടെ ചെന്ന്.

[24] അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു.

[25] അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ ഇപ്പോൾതന്നെ മരിച്ചുപോകും എന്നു പറഞ്ഞു അവനെ ഉണർത്തി.

[26] യേശു അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റ് കാറ്റിനേയും കടലിനേയും ശാസിച്ചു വലിയ ശാന്തതയുണ്ടായി.

[27] അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട്: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

[28] അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന് എതിരെ വന്നു; അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല.

[29] അവർ അവനോട് നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്ത് കാര്യം? നിശ്ചയിച്ച സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു നിലവിളിച്ച് പറഞ്ഞു.

[30] അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

[31] ഭൂതങ്ങൾ അവനോട്: നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്നു അപേക്ഷിച്ചു.

[32] പൊയ്ക്കൊൾവിൻ എന്നു അവൻ അവരോട് പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്ക് ചെന്ന്; ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്ക് പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.

[33] മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്ന് ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു.

[34] ഉടനെ പട്ടണത്തിലുള്ളവരെല്ലാം പുറപ്പെട്ടു യേശുവിനെ കാണുവാൻ ചെന്ന്; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകണമെന്ന് അപേക്ഷിച്ചു.

മത്തായി — Chapters