[1] പ്രഭാതം ആയപ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ ഗൂഢാലോചന കഴിച്ചു,
[2] അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
[3] അവനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പത് വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:
[4] ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപംചെയ്തു എന്നു പറഞ്ഞു. അത് ഞങ്ങൾക്കു എന്ത്? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.
[5] അവൻ ആ വെള്ളിക്കാശ് മന്ദിരത്തിലേക്ക് എറിഞ്ഞിട്ട്, വേറിട്ടു ചെന്ന് കെട്ടിഞാന്നു ചത്തുകളഞ്ഞു.
[6] മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ഖജനാവിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
[7] പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്റെ നിലം വാങ്ങി.
[8] ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.
[9] “യിസ്രായേൽ മക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പത് വെള്ളിക്കാശ് അവർ എടുത്തു,
[10] കർത്താവ് എന്നോട് നിർദ്ദേശിച്ചതുപോലെ കുശവന്റെ നിലത്തിന് വേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്ന് നിവൃത്തിവന്നു.
[11] എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോട് പറഞ്ഞു
[12] മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
[13] പീലാത്തോസ് അവനോട്: ഇവർ നിനക്ക് വിരോധമായി എന്തെല്ലാം കുറ്റാരോപണം പറയുന്നു എന്നു നീ കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
[14] അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
[15] എന്നാൽ ഉത്സവസമയത്ത് പുരുഷാരം തിരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയയ്ക്ക പതിവായിരുന്നു.
[16] അന്ന് ബറബ്ബാസ് എന്ന കുപ്രസിദ്ധനായൊരു തടവുകാരൻ ഉണ്ടായിരുന്നു.
[17] അവർ ഒരുമിച്ചു കൂടിവന്നപ്പോൾ പീലാത്തോസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്ക് വിട്ടുതരണം എന്നു ചോദിച്ചു.
[18] അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്നു അവൻ ഗ്രഹിച്ചിരുന്നു.
[19] അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ച്: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്ന് സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
[20] എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ വശീകരിച്ചു.
[21] നാടുവാഴി അവരോട്: ഈ ഇരുവരിൽ ആരെ വിട്ടുതരണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന് ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
[22] പീലാത്തോസ് അവരോട്: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്ത് ചെയ്യേണ്ടു എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
[23] അവൻ ചെയ്ത അതിക്രമം എന്ത് എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു.
[24] ലഹള അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തോസ് കണ്ടിട്ട് വെള്ളം എടുത്തു പുരുഷാരത്തിന് മുൻപാകെ കൈ കഴുകി: ഈ കളങ്കമില്ലാത്തവന്റെ രക്തത്തിൽ ഞാൻ കളങ്കരഹിതൻ; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
[25] അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
[26] അങ്ങനെ അവൻ ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചു.
[27] അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ നടുത്തളത്തിലേക്ക് കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെനേരെ വരുത്തി,
[28] അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു,
[29] മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ച്, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
[30] പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.
[31] അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ച്, ക്രൂശിപ്പാൻ കൊണ്ടുപോയി.
[32] അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ട്, അവന്റെ ക്രൂശ് ചുമപ്പാൻ നിര്‍ബ്ബന്ധിച്ചു.
[33] തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവന് കയ്പ് കലർത്തിയ വീഞ്ഞ് കുടിക്കുവാൻ കൊടുത്തു;
[34] അത് രുചിനോക്കിയപ്പോൾ അവന് കുടിക്കുവാൻ മനസ്സായില്ല.
[35] അവനെ ക്രൂശിൽ തറച്ചശേഷം അവന്റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു,
[36] അവിടെ ഇരുന്നുകൊണ്ട് അവനെ നിരീക്ഷിച്ചു.
[37] യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലയ്ക്കുമീതെ വെച്ച്.
[38] വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോട് കൂടെ ക്രൂശിച്ചു.
[39] കടന്നു പോകുന്നവർ തലകുലുക്കി അവനെ നിന്ദിച്ചു:
[40] മന്ദിരം പൊളിച്ച് മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിയ്ക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
[41] അങ്ങനെ തന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:
[42] ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിക്കാൻ കഴിയുകയില്ലയോ; ഇവൻ യിസ്രായേലിന്റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; അപ്പോൾ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം.
[43] ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു; ദൈവത്തിന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു ഇവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
[44] അങ്ങനെ തന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
[45] ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
[46] ഏകദേശം ഒമ്പതാംമണി നേരത്ത് യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം.
[47] അവിടെ നിന്നിരുന്നവരിൽ ചിലർ അത് കേട്ടിട്ട്; അവൻ ഏലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
[48] ഉടനെ അവരിൽ ഒരുവൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞ് നിറച്ച് ഓടത്തണ്ടിന്മേൽ ആക്കി അവന് കുടിക്കുവാൻ കൊടുത്തു.
[49] ശേഷമുള്ളവർ: അവനെ തനിയെ വിടുക; ഏലിയാവ് അവനെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.
[50] യേശു പിന്നെയും അത്യുച്ചത്തിൽ നിലവിളിച്ചു പ്രാണനെ വിട്ടു.
[51] അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി;
[52] ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ്
[53] അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്ന് പലർക്കും പ്രത്യക്ഷമായി.
[54] ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായവ സംഭവിച്ചത് കണ്ടിട്ട്: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
[55] ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു.
[56] അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബ് യോസഫ് എന്നിവരുടെ അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
[57] സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസഫ് എന്ന പേരുള്ള ധനവാൻ വന്നു,
[58] പീലാത്തോസിനെ സമീപിച്ചു യേശുവിന്റെ ശരീരം ചോദിച്ചു; പീലാത്തോസ് അത് കൊടുക്കുവാൻ കല്പിച്ചു.
[59] യോസഫ് ശരീരം എടുത്തു വൃത്തിയുള്ള ചണശീലയിൽ പൊതിഞ്ഞു,
[60] താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ സ്വന്തമായ പുതിയ കല്ലറയിൽ വെച്ച് കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി.
[61] കല്ലറയ്ക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.
[62] ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനോടൊപ്പം വന്നുകൂടി:
[63] യജമാനനേ, ഞങ്ങൾ ഓർക്കുന്നു ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ട് ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞത്.
[64] അതുകൊണ്ട് അവന്റെ ശിഷ്യന്മാർ ചെന്ന് അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവ് മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന് മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.
[65] പീലാത്തോസ് അവരോട്: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ കഴിയുന്നിടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.
[66] അവർ ചെന്ന് കല്ലിന് മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിർത്തി കല്ലറ ഉറപ്പാക്കി.