Skip to content
Opens in a new window
Listen to this chapter • 8:30

[1] ആ ദിവസം യേശു വീട്ടിൽനിന്ന് പുറപ്പെട്ടു കടലരികെ ഇരുന്നു.

[2] വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടിയതുകൊണ്ട് അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ നിന്നു.

[3] അവൻ അവരോട് പലതും ഉപമകളിലൂടെ പ്രസ്താവിച്ചതെന്തെന്നാൽ: ഇതാ വിതയ്ക്കുന്ന ഒരുവൻ വിതയ്ക്കുവാൻ പുറപ്പെട്ടു.

[4] വിതയ്ക്കുമ്പോൾ ചിലത് വഴിയരികെ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു.

[5] ചിലത് പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിന് താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു.

[6] എന്നാൽ സൂര്യൻ ഉദിച്ചപ്പോൾ ചൂടുതട്ടി, വേര് ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി.

[7] മറ്റു ചിലത് മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.

[8] മറ്റു ചിലത് നല്ല നിലത്തുവീണു, നൂറും അറുപതും മുപ്പതും മേനിയായി വിളവ് നൽകി.

[9] കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

[10] പിന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്: പുരുഷാരത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചു.

[11] അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു; ഇവർക്കോ ലഭിച്ചിട്ടില്ല.

[12] ആകയാൽ ഉള്ളവന് അധികം കൊടുക്കും; അവന് സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതും കൂടെ എടുത്തുകളയും.

[13] അതുകൊണ്ട് അവർ കാണുന്നു എങ്കിലും ഉള്ളതുപോലെ കാണാതെയും കേൾക്കുന്നു എങ്കിലും ഉള്ളതുപോലെ കേൾക്കാതെയും ഉള്ളതുപോലെ ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോട് സംസാരിക്കുന്നു.

[14] “നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും ഗ്രഹിക്കയില്ലതാനും; കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും മനസ്സിലാക്കുകയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു; അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു; അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ”

[15] എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന് അവരിൽ നിവൃത്തിവരുന്നു.

[16] എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.

[17] ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നത് കാണ്മാൻ ആഗ്രഹിച്ചിട്ട് കണ്ടില്ല; നിങ്ങൾ കേൾക്കുന്നത് കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

[18] എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.

[19] ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടിട്ട് മനസ്സിലാക്കാതെ ഇരുന്നാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് റാഞ്ചിക്കൊണ്ടുപോകുന്നു; ഇതത്രെ വഴിയരികെ വിതയ്ക്കപ്പെട്ടത്.

[20] പാറസ്ഥലത്ത് വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നു എങ്കിലും തന്നിൽ തന്നെ വേരില്ലാതിരിക്കയാൽ അവന്റെ നിലനില്പ് ക്ഷണികമത്രേ.

[21] വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.

[22] മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ട് ഫലമില്ലാത്തവനായി തീരുന്നതാകുന്നു.

[23] നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുവൻ വചനം കേട്ട് മനസ്സിലാക്കുന്നത് ആകുന്നു; അവൻ വാസ്തവമായി ഫലം നൽകുന്നവനും വർദ്ധിപ്പിക്കുന്നവനും ആകുന്നു; ചിലർ നൂറുമേനിയും അതിലധികവും, മറ്റുചിലർ അറുപതും മുപ്പതും മേനിയും വിളയിപ്പിക്കുന്നു.

[24] അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ കൃഷിസ്ഥലത്ത് നല്ലവിത്ത് വിതച്ചതിനോട് സദൃശമാകുന്നു.

[25] മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, ഗോതമ്പിന്റെ ഇടയിൽ കള വിതച്ച് പൊയ്ക്കളഞ്ഞു.

[26] ഞാറ് വളർന്ന് കതിരായപ്പോൾ കളയും ദൃശ്യമായ് വന്നു.

[27] അപ്പോൾ ഭൂവുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്ന് വന്നു എന്നു ചോദിച്ചു.

[28] ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോട് പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോട് ചോദിച്ചു.

[29] അതിന് ഭൂവുടമ അരുത്, ഒരുപക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.

[30] രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു.

[31] മറ്റൊരു ഉപമ അവൻ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോട് സദൃശം;

[32] ഈ വിത്ത് അത് എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നപ്പോൾ സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ കൂട് കൂട്ടുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.

[33] അവൻ മറ്റൊരു ഉപമ അവരോട് പറഞ്ഞത്; “സ്വർഗ്ഗരാജ്യം ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത് എല്ലാം പുളിച്ചുവരുവോളം ചേർത്തുവയ്ക്കുന്ന അല്പം പുളിച്ച മാവിനോടു സദൃശം”

[34] ഇതു ഒക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല

[35] “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു.

[36] അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ട് വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: വയലിലെ കളയുടെ ഉപമ വിവരിച്ചുതരണം എന്നു അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്:

[37] നല്ലവിത്ത് വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ;

[38] വയൽ ലോകം; നല്ലവിത്ത് രാജ്യത്തിന്റെ പുത്രന്മാർ;

[39] കള ദുഷ്ടന്റെ പുത്രന്മാർ; അത് വിതച്ച ശത്രു പിശാച്; കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ.

[40] അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ട് ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.

[41] മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു

[42] തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

[43] അന്ന് നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

[44] സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോട് സദൃശം. അത് ഒരു മനുഷ്യൻ കണ്ട് മറച്ചിട്ട്, തന്റെ സന്തോഷത്താൽ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി.

[45] പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശം.

[46] അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് അത് വാങ്ങി.

[47] പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായൊരു വലയോടു സദൃശം.

[48] അത് നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അത് വലിച്ചു കരയ്ക്ക് കയറ്റി, ഇരുന്നുകൊണ്ട് നല്ലത് പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്തയായവ എറിഞ്ഞുകളഞ്ഞു.

[49] ഇങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും.

[50] അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

[51] ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് ശിഷ്യന്മാർ അതെ എന്നു പറഞ്ഞു.

[52] പിന്നെ യേശു അവരോട്: അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായ് തീർന്ന ഏത് ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോട് സദൃശനാകുന്നു എന്നു പറഞ്ഞു.

[53] യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെനിന്നും പുറപ്പെട്ടു.

[54] അതിനുശേഷം തന്റെ സ്വന്ത പ്രദേശങ്ങളിൽ പ്രവേശിച്ചു അവിടെയുള്ള ജനങ്ങളെ അവരുടെ പള്ളിയിൽ ഉപദേശിച്ചു. അപ്പോൾ അവർ യേശുവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു: ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നുലഭിച്ചു?

[55] ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ അല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?

[56] ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതു ഒക്കെയും എവിടെ നിന്നുലഭിച്ചു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

[57] യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

[58] അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല.

മത്തായി — Chapters