Skip to content
Opens in a new window
Listen to this chapter • 9:05

[1] ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും

[2] ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും

[3] ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.

[4] പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുചേർന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:

[5] “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്ത് വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയുംചെയ്തു.

[6] ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.

[7] കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.

[8] എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്ത് വീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവു നൽകി.” ഇത് പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ട് ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.

[9] യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്ന് ചോദിച്ചു.

[10] അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “ ‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’

[11] “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.

[12] വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്ക് വിശ്വസിച്ച് രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.

[13] വിത്ത് വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേര് പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.

[14] മുൾച്ചെടികൾക്കിടയിൽ വിത്ത് വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.

[15] നല്ല മണ്ണിൽ വിത്ത് വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അത് സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.

[16] “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീട്ടിനുള്ളിൽ പ്രവേശിക്കുന്നർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.

[17] വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ എന്നേക്കും ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.

[18] അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധാപൂർവമാണോ എന്ന് സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയും.”

[19] യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.

[20] ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തുനിൽക്കുന്നു” എന്ന് പറഞ്ഞു.

[21] അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.

[22] ഒരുദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.

[23] അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.

[24] ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്ന് പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.

[25] അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്ന് ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.

[26] അവർ ഗലീലാതടാകത്തിനെതിരെ അക്കരെ ഗെരസേന്യ രുടെദേശത്തുവന്നു.

[27] യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് അഭിമുഖമായിവന്നു. ഇയാൾ ഏറെക്കാലമായിട്ട് വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.

[28] അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

[29] കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും, ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.

[30] യേശു അവനോട്, “നിന്റെ പേരെന്താണ്?” എന്ന് ചോദിച്ചു. അവനിൽ അനേകം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.

[31] “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു.

[32] അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.

[33] ഭൂതങ്ങൾ ആ മനുഷ്യനിൽനിന്നു പുറത്തു കടന്ന് പന്നികളിൽ പ്രവേശിച്ചു: ആ കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.

[34] പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.

[35] എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്ക് പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ച് സുബോധമുള്ളവനായി യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.

[36] ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്സാക്ഷികൾ ജനങ്ങളോട് വിവരിച്ചു.

[37] ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.

[38] ഭൂതബാധിതനായിരുന്ന മനുഷ്യൻ യേശുവിനോടുകൂടെ പോകാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അയാളോട്,

[39] “നീ വീട്ടിൽ തിരികെച്ചെന്നു ദൈവം നിനക്കുവേണ്ടി ചെയ്തതെല്ലാം വിവരിച്ചുപറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.

[40] യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.

[41] അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.

[42] അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പോയിക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.

[43] രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും, അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.

[44] അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.

[45] “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അത് നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്ന് പറഞ്ഞു.

[46] എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.

[47] തനിക്ക് മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ടു വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.

[48] അദ്ദേഹം അവളോട്, “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.

[49] യേശു സംസാരിക്കുമ്പോൾ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്ന് പറഞ്ഞു.

[50] ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്ന് പറഞ്ഞു.

[51] യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും ഒഴികെ മറ്റാരെയും തന്നോടുകൂടെ വീട്ടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.

[52] എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”

[53] അവൾ മരിച്ചുപോയി എന്ന് അറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.

[54] എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു, “മകളേ, എഴുന്നേൽക്കൂ” എന്ന് പറഞ്ഞു.

[55] അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. തൽക്ഷണം അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.

[56] അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.

ലൂക്കോസ് എഴുതിയ സുവിശേഷം — Chapters