[1] ഒരുദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
[2] “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോട് പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്ന് ചോദിച്ചു.
[3] അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം;
[4] സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?” എന്ന് ചോദിച്ചു.
[5] അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്ന് നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോട് ചോദിക്കും.
[6] ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ,—ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.”
[7] ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് പറഞ്ഞു.
[8] അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നത് എന്ന് ഞാനും നിങ്ങളോട് പറയുന്നില്ല” എന്ന മറുപടിയും നൽകി.
[9] തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിന് ഏൽപ്പിച്ചിട്ട് ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി.
[10] വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകയ്യോടെ തിരികെ അയച്ചു.
[11] മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകയ്യോടെ തിരികെ അയച്ചു.
[12] മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു.
[13] “അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’
[14] “എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
[15] അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക?
[16] അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്ന് പറഞ്ഞു.
[17] അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “ ‘ശിൽപ്പികൾ തിരസ്കരിച്ച അതേശിലതന്നെ മൂലക്കല്ലായിത്തീർന്നു;’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?
[18] ഈ കല്ലിന്മേൽ വീഴുന്നവർ തകർന്നുപോകും. അത് ആരുടെമേൽ നിപതിക്കുന്നുവോ അയാൾ തരിപ്പണമാകും” എന്ന് പറഞ്ഞു.
[19] യേശു ഈ സാദൃശ്യകഥ തങ്ങൾക്ക് വിരോധമായിട്ടാണ് പറഞ്ഞതെന്ന് മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു.
[20] അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ലകുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്ക് അയച്ചു.
[21] അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരുവേ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷപാതരഹിതനായി സത്യത്തിന് അനുസൃതമായിമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം.
[22] നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?”
[23] അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്,
[24] “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോട് ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
[25] “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
[26] അങ്ങനെ, ജനങ്ങളുടെ മുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
[27] പുനരുത്ഥാനം ഇല്ല എന്ന് വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരുചോദ്യവുമായി യേശുവിന്റെ അടുക്കൽ വന്നു.
[28] അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരുവേ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
[29] ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
[30] രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹം കഴിച്ചു;
[31] അങ്ങനെ ഏഴുപേരും വിവാഹം കഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു.
[32] ഒടുവിൽ ആ സ്ത്രീയും മരിച്ചു.
[33] അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹം കഴിച്ചിരുന്നല്ലോ!”
[34] യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹം കഴിക്കുകയും വിവാഹം കഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു.
[35] എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല.
[36] അവർ പുനരുത്ഥിതരായിരിക്കയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.
[37] മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ.
[38] അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.”
[39] “ഗുരുവേ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു.
[40] ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
[41] എന്നാൽ, യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്ന് പറയുന്നത് എങ്ങനെ?
[42] ദാവീദുപോലും സങ്കീർത്തനപ്പുസ്തകത്തിൽ: “ ‘കർത്താവ് എന്റെ കർത്താവിനോട്:
[43] “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകൂ”’ എന്ന് പ്രസ്താവിച്ചുവല്ലോ!
[44] ദാവീദ് ക്രിസ്തുവിനെ ‘കർത്താവേ’ എന്ന് സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
[45] ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്:
[46] “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
[47] അവർ നിർലജ്ജം വിധവകളുടെ സമ്പത്ത് അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”