Skip to content
Opens in a new window
Listen to this chapter • 5:59

[1] ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച വാർത്ത ഈ സന്ദർഭത്തിൽ അവിടെയുണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു.

[2] അത് കേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇത് സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ?

[3] നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[4] ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരണമടഞ്ഞ ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നുവോ?

[5] നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

[6] പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല.

[7] അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അത് വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്ന് പറഞ്ഞു.

[8] “അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങ് ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം.

[9] അടുത്തവർഷം അത് കായിക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.”

[10] ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു.

[11] ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു.

[12] യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്നു നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ്

[13] അവളുടെമേൽ കൈവെച്ചു. തൽക്ഷണം അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.

[14] യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.”

[15] അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ?

[16] അബ്രഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?”

[17] യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു.

[18] പിന്നീടൊരിക്കൽ യേശു, “ദൈവരാജ്യം എന്തിനോടു സദൃശം? ഞാൻ അതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? എന്ന് ചോദിച്ചു.

[19] ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അത് വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്തു.”

[20] അദ്ദേഹം വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്?

[21] അത്, മൂന്നുപറ മാവ് മുഴുവനും പുളിച്ച് പൊങ്ങുവാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിന് സമാനം.”

[22] ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു.

[23] ഒരാൾ യേശുവിനോട്, “കർത്താവേ, തീരെ കുറച്ചുപേർമാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” എന്ന് ചോദിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞത്,

[24] “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുക; അതിന് പരിശ്രമിക്കുന്ന പലർക്കും പ്രവേശനം സാധ്യമാകുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[25] വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്നു മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരേണമേ’ എന്ന് കെഞ്ചാൻ തുടങ്ങും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും.”

[26] “അപ്പോൾ നിങ്ങൾ: ‘ഞങ്ങൾ അങ്ങയുടെകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും അങ്ങു ഞങ്ങളുടെ തെരുവുകളിൽ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടല്ലോ’ എന്നു പറയും.

[27] “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല; അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുക’ എന്നു പറയും.

[28] “അബ്രഹാമും ഇസഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നതും കാണുമ്പോൾ വിലാപവും പല്ലുകടിയും ഉണ്ടാകും.

[29] പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും ഉത്തരദക്ഷിണരാജ്യങ്ങളിൽനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും.

[30] ഏറ്റവും പിന്നിലുള്ളവർ അഗ്രഗാമികളായിത്തീരും; അഗ്രഗാമികളായിരുന്ന പലരും പിന്നിലുള്ളവരുമായിത്തീരും.”

[31] ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്ന് അറിയിച്ചു.

[32] അതിന് യേശു, “നിങ്ങൾ ചെന്ന്, ആ കുറുക്കനോട്, ‘ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗസൗഖ്യം നൽകുകയും മൂന്നാംദിവസം ഞാൻ എന്റെ ലക്ഷ്യത്തിലെത്തിച്ചേരുകയുംചെയ്യും’ എന്നു പറയുക.

[33] എന്തായാലും ശരി, ഇന്നും നാളെയും മറ്റന്നാളും ഞാൻ യാത്രചെയ്യേണ്ടതാകുന്നു. ഒരു പ്രവാചകനും ജെറുശലേമിനു പുറത്തുവെച്ചു മരിക്കുക സാധ്യമല്ലല്ലോ!

[34] “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ, അത് ഇഷ്ടമായില്ല.

[35] ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്ന് നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

ലൂക്കോസ് എഴുതിയ സുവിശേഷം — Chapters