[1] റോമൻ ചക്രവർത്തി, തീബെര്യൊസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാംവർഷത്തിൽ, പൊന്തിയോസ് പീലാത്തോസ് യെഹൂദ്യപ്രവിശ്യയിലെ ഭരണാധികാരിയും ഹെരോദാവ് ഗലീലാപ്രവിശ്യയിലും അദ്ദേഹത്തിന്റെ സഹോദരൻ ഫിലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി എന്നീ പ്രദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഭരണം നിർവഹിച്ചുകൊണ്ടിരുന്നു.
[2] ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരിക്കുന്ന ഈസമയത്ത്, സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.
[3] അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു:
[4] “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക!
[5] എല്ലാ താഴ്വരകളും നികത്തപ്പെടും. എല്ലാ മലകളും കുന്നുകളും നിരപ്പാക്കപ്പെടും. വളഞ്ഞവഴികൾ നേരേയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയുംചെയ്യും.
[6] മാനവരേവരും ദൈവത്തിന്റെ രക്ഷ കാണും’ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.
[7] തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് പലായനംചെയ്യാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?
[8] മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്ക് പിതാവായി അബ്രഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്ന് കരുതേണ്ട. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും.
[9] ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ് വേരിൽ കോടാലി വെച്ചിരിക്കുന്നു; സൽഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.”
[10] അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്ന് ചോദിച്ചു.
[11] അതിനു യോഹന്നാൻ, “രണ്ടുടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു.
[12] നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരുവേ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു.
[13] “നിങ്ങൾക്ക് കൽപ്പനകിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്,” എന്ന് അദ്ദേഹം അവരോട് പ്രതിവചിച്ചു.
[14] അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്ന് ചോദിച്ചു. “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു.
[15] തങ്ങൾ ഉൽക്കടവാഞ്ഛയോടെ കാത്തിരുന്ന ക്രിസ്തു ഈ യോഹന്നാൻതന്നെ ആയിരിക്കുകയില്ലേ? എന്ന് ജനം ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
[16] അവർക്കെല്ലാവർക്കും മറുപടിയായി യോഹന്നാൻ പറഞ്ഞത്: “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു. എന്നാൽ എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവ് കൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും.
[17] വീശുമുറം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയുംചെയ്യും.”
[18] ഇങ്ങനെയുള്ള പല വചനങ്ങൾകൊണ്ട് യോഹന്നാൻ ജനത്തെ പ്രബോധിപ്പിച്ച് അവരോടു സുവിശേഷം അറിയിച്ചു.
[19] എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമെ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു.
[20] അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി.
[21] ഒരുദിവസം ജനക്കൂട്ടം യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അദ്ദേഹം പ്രാർഥനാനിരതനായിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു.
[22] പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ ആകാരംപൂണ്ട് അദ്ദേഹത്തിന്റെമേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
[23] യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം മുപ്പതു വയസ്സായിരുന്നു. അദ്ദേഹം യോസഫിന്റെ മകനെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ യോസഫ്, ഹേലിയുടെ മകനായിരുന്നു,
[24] ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി യോസഫിന്റെ മകൻ,
[25] യോസഫ് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ലിയുടെ മകൻ, എസ്ലി നഗ്ഗായിയുടെ മകൻ, നഗ്ഗായി മയാത്തിന്റെ മകൻ,
[26] മയാത്ത് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ശെമയിയുടെ മകൻ, ശെമയി യോസെക്കിന്റെ മകൻ, യോസെക്ക് യോദായുടെ മകൻ,
[27] യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരുബ്ബാബേലിന്റെ മകൻ, സെരുബ്ബാബേൽ ശലഥിയേലിന്റെ മകൻ, ശലഥിയേൽ നേരിയുടെ മകൻ,
[28] നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എൽമാദാമിന്റെ മകൻ, എൽമാദാം ഏരിന്റെ മകൻ, ഏർ യോശുവിന്റെ മകൻ,
[29] യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
[30] ലേവി ശിമയോന്റെ മകൻ, ശിമയോൻ യെഹൂദയുടെ മകൻ, യെഹൂദ യോസഫിന്റെ മകൻ, യോസഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
[31] എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
[32] ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സൽമോന്റെ മകൻ, സൽമോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ,
[33] അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,
[34] യെഹൂദ യാക്കോബിന്റെ മകൻ, യാക്കോബ് ഇസഹാക്കിന്റെ മകൻ, ഇസഹാക്ക് അബ്രഹാമിന്റെ മകൻ, അബ്രഹാം തേരഹിന്റെ മകൻ, തേരഹ് നാഹോരിന്റെ മകൻ,
[35] നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ സൽമോന്റെ മകൻ,
[36] ശലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,
[37] ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
[38] കയിനാൻ ഏനോശിന്റെ മകൻ, ഏനോശ് ശേത്തിന്റ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.