[1] ഒരുദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
[2] അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു.
[3] അവയിലൊന്ന് ശിമോന്റെ വള്ളമായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു.
[4] യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു.
[5] അതിനു ശിമോൻ, “പ്രഭോ, രാത്രി മുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു.
[6] അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി.
[7] അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.
[8] ഇത് കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെ വിട്ടു പോകേണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്ന് പറഞ്ഞു.
[9] ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു;
[10] സെബെദിയുടെ മക്കളായ യാക്കോബ് യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്ന് പറഞ്ഞു.
[11] അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
[12] യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെ വന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗംവീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്ന് അപേക്ഷിച്ചു.
[13] യേശു കൈ നീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്ന് പറഞ്ഞു. തൽക്ഷണം കുഷ്ഠരോഗത്തിൽനിന്ന് അയാൾക്ക് സൗഖ്യം ലഭിച്ചു.
[14] അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു.
[15] എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത അധികം പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു.
[16] എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.
[17] ഒരുദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
[18] അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീട്ടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു.
[19] ജനക്കൂട്ടം നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു.
[20] അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു.
[21] എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി.
[22] അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?
[23] ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?
[24] എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് ഭവനത്തിലേക്ക് മടങ്ങുക” എന്ന് ആജ്ഞാപിച്ചു.
[25] അപ്പോൾത്തന്നെ അയാൾ അവരുടെ മുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി.
[26] എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്ന് പറഞ്ഞു.
[27] ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താൻ ഇരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു.
[28] ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു.
[29] പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
[30] എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയുംചെയ്തു.
[31] യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
[32] ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
[33] പിന്നൊരിക്കൽ ചിലർ യേശുവിനോട്, “യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെചെയ്യുന്നു. എന്നാൽ അങ്ങയുടെ ശിഷ്യന്മാരാകട്ടെ, ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്യുന്നു” എന്ന് പറഞ്ഞു.
[34] അതിന് യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ?
[35] എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും” എന്ന് ഉത്തരം പറഞ്ഞു.
[36] തുടർന്ന് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം കീറിയെടുത്ത് ആരും പഴയത് തുന്നിച്ചേർക്കുന്നില്ല. അങ്ങനെ ചെയ്താൽ പുതിയ വസ്ത്രം കീറുമെന്നുമാത്രമല്ല പുതിയ തുണിക്കഷണം പഴയതിനോട് ചേരുകയുമില്ല.
[37] ആരും പുതിയ വീഞ്ഞു പഴയ തോൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല. അങ്ങനെ ചെയ്താൽ പുതുവീഞ്ഞ് അവയെ പിളർക്കും; വീഞ്ഞ് ഒഴുകിപ്പോകുകയും തോൽക്കുടങ്ങൾ നശിക്കുകയുംചെയ്യും.
[38] അരുത്, പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.
[39] പഴയ വീഞ്ഞു കുടിച്ചതിനുശേഷം ആരും പുതിയത് ആവശ്യപ്പെടുന്നില്ല, ‘പഴയതു തന്നെ മെച്ചം’ എന്നു പറയും.”