[1] യേശു തലയുയർത്തി നോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു.
[2] അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു.
[3] “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[4] മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
[5] ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അത് മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു:
[6] “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപരിചാക്കപ്പെടുന്ന കാലം വരുന്നു.”
[7] “ഗുരുവേ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന് ചിഹ്നം എന്തായിരിക്കും?” അവർ ചോദിച്ചു.
[8] അതിന് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്.
[9] നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
[10] അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും.
[11] വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
[12] “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും.
[13] അത് നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും.
[14] അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല.
[15] എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
[16] മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും.
[17] നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും.
[18] എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല.
[19] നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
[20] “സൈന്യങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ വിനാശം അടുത്തിരിക്കുന്നു എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.
[21] അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ട് പുറത്തിറങ്ങി വരട്ടെ; നാട്ടിൻ പുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ.
[22] കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്.
[23] ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരെ ക്രോധവും ഉണ്ടാകും.
[24] അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയുംചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
[25] “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും.
[26] ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും.
[27] അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.
[28] ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
[29] പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക;
[30] അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
[31] അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നത് കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.
[32] “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
[33] ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ അനശ്വരമായിരിക്കും.
[34] “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോൽക്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
[35] ആ ദിവസം സകലഭൂവാസികളുടെമേലും വരും.
[36] എപ്പോഴും പ്രാർഥനാ നിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”
[37] യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.
[38] അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.