[1] ആ കാലത്ത് റോമൻ ചക്രവർത്തിയായ അഗസ്തോസ് കൈസർ തന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യാനിർണയത്തിനായുള്ള ആജ്ഞ പുറപ്പെടുവിച്ചു.
[2] —ഈ ഒന്നാമത്തെ ജനസംഖ്യാനിർണയം നടന്നത് ക്വിറിനിയൂസ് സിറിയാപ്രവിശ്യയിലെ ഭരണാധികാരിയായി വാഴുമ്പോഴാണ്—
[3] അങ്ങനെ എല്ലാവരും തങ്ങളുടെ പേരെഴുതിക്കുന്നതിന് അവരവരുടെ പട്ടണത്തിലേക്കു യാത്രയായി.
[4] അങ്ങനെ യോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേതലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു.
[5] തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്.
[6] അവർ ബേതലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു.
[7] മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല.
[8] അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക്
[9] കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു.
[10] അപ്പോൾ ദൂതൻ അവരോട് അറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദം നൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു.
[11] ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു.
[12] നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.”
[13] ഇത് പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്,
[14] “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു.
[15] ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേതലഹേമിൽ ചെന്ന് അവിടെ സംഭവിച്ചതായി കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു.
[16] അവർ വളരെ വേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
[17] അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി.
[18] ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി.
[19] എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു.
[20] തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയുംചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി.
[21] എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവന് നാമകരണംചെയ്തു.
[22] മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി.
[23] “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും,
[24] “ഒരു ജോഡി കുറുപ്രാവുകളെയോ രണ്ട് പ്രാവിൻകുഞ്ഞുങ്ങളെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്.
[25] അക്കാലത്ത്, ജെറുശലേമിൽ നീതിനിഷ്ഠനും ദൈവഭക്തനുമായ ശിമയോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഇസ്രായേലിന് സാന്ത്വനം നൽകുന്ന മശിഹയുടെ വരവിനായി കാത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെമേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു.
[26] കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് മരിക്കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തിന് അരുളപ്പാട് ലഭിച്ചിരുന്നു.
[27] ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് നിർവഹിക്കാൻ യേശു എന്ന പൈതലിനെ മാതാപിതാക്കൾ കൊണ്ടുവന്നപ്പോൾ, ശിമയോൻ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവാലയാങ്കണത്തിലേക്കു ചെന്നു.
[28] അദ്ദേഹം ശിശുവിനെ കൈകളിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
[29] “സർവേശാ, അവിടന്നു വാഗ്ദാനംചെയ്തിരുന്നതുപോലെ, ഇപ്പോൾ അവിടത്തെ ദാസനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിച്ചാലും.
[30] അവിടന്ന് സകലജനങ്ങളുടെയും മുമ്പാകെ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണ് കണ്ടിരിക്കുന്നുവല്ലോ! ഈ രക്ഷ, സർവജനതകൾക്കും വെളിപ്പെടാനുള്ള പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവുമാണല്ലോ.”
[33] ശിശുവിനെക്കുറിച്ച് ശിമയോൻ ഇങ്ങനെ പറയുന്നതുകേട്ട് അവന്റെ മാതാപിതാക്കൾ വിസ്മയിച്ചു.
[34] പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് യേശുവിന്റെ അമ്മയായ മറിയയോട്, “ഈ ശിശു ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും നിദാനമാകേണ്ടതിനും
[35] അനേകരുടെ ശത്രുതയ്ക്ക് പാത്രമായിത്തീർന്ന് അവരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിഹ്നമായിരിക്കേണ്ടതിനും നിയോഗിക്കപ്പെട്ടിരിക്കുന്നു. നിന്റെ സ്വന്തം പ്രാണനിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്ന് പറഞ്ഞു.
[36] ആശേർ ഗോത്രത്തിൽപ്പെട്ട ഫനൂവേലിന്റെ മകൾ ഹന്നാ എന്ന വളരെ വയസ്സുചെന്ന ഒരു പ്രവാചിക ഉണ്ടായിരുന്നു. അവർ വിവാഹം കഴിഞ്ഞ് ഏഴുവർഷം കുടുംബജീവിതം നയിച്ചശേഷം
[37] വിധവയായി. അവർക്കപ്പോൾ എൺപത്തിനാല് വയസ്സായിരുന്നു. ആ വയോധിക ഒരിക്കലും ദൈവാലയം വിട്ടുപോകാതെ, ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു രാപകൽ ദൈവത്തെ ആരാധിച്ചു സമയം ചെലവഴിച്ചു.
[38] ശിമയോൻ സംസാരിക്കുമ്പോൾ ഹന്നാ അവരുടെ അടുക്കൽച്ചെന്ന്, ദൈവത്തെ സ്തുതിച്ച്, ജെറുശലേമിന്റെ വീണ്ടെടുപ്പ് പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു പ്രസ്താവിച്ചു.
[39] കർത്താവിന്റെ ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരുന്നതെല്ലാം നിർവഹിച്ചശേഷം യോസഫും മറിയയും ഗലീലാപ്രവിശ്യയിലെ തങ്ങളുടെ സ്വന്തം പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.
[40] പൈതൽ വളർന്നു ശക്തനായി; ജ്ഞാനത്താൽ നിറഞ്ഞു; ദൈവകൃപയും ആ ശിശുവിന്റെമേൽ ഉണ്ടായിരുന്നു.
[41] അവന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപ്പെരുന്നാളിന് ജെറുശലേമിലേക്കു പോകുക പതിവായിരുന്നു.
[42] യേശുവിനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി.
[43] പെരുന്നാളിനുശേഷം മാതാപിതാക്കൾ വീട്ടിലേക്കു മടങ്ങുമ്പോൾ ബാലനായ യേശു ജെറുശലേമിൽത്തന്നെ തങ്ങി; എന്നാൽ അവർ അതറിഞ്ഞില്ല.
[44] യേശു തങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. പിന്നെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ഇടയിൽ അവനെ അന്വേഷിക്കാൻ തുടങ്ങി.
[45] കാണാതായപ്പോൾ ബാലനെ തെരയാൻ അവർ ജെറുശലേമിലേക്കു തിരികെപ്പോയി.
[46] മൂന്ന് ദിവസത്തിനുശേഷം അവർ യേശുവിനെ ദൈവാലയാങ്കണത്തിൽ കണ്ടെത്തി; യേശു ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു.
[47] യേശുവിന്റെ വചസ്സുകൾ കേട്ട എല്ലാവരും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും യേശു നൽകിയ മറുപടികളിലും വിസ്മയിച്ചു.
[48] യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. മാതാവ് അവനോട്, “മകനേ, ഞങ്ങളോട് നീ എന്തിനിങ്ങനെ ചെയ്തു? നിന്റെ പിതാവും ഞാനും എത്ര ഉൽക്കണ്ഠയോടെ നിന്നെ തെരയുകയായിരുന്നു എന്ന് അറിയാമോ?” എന്ന് ചോദിച്ചു.
[49] യേശു അവരോട്, “നിങ്ങൾ എന്നെ തെരഞ്ഞതെന്തിന്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണ്ടതാണെന്ന് നിങ്ങൾക്ക് അറിയില്ലേ?” എന്ന് പ്രതിവചിച്ചു.
[50] യേശു പറഞ്ഞതിന്റെ അർഥം അവർ ഗ്രഹിച്ചില്ല.
[51] അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു.
[52] യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും, ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും, മുന്നേറിക്കൊണ്ടിരുന്നു.