[1] ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിന് ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക.
[2] വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
[3] നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് പ്രഘോഷിക്കും.
[4] “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിൽ അപ്പുറമായി ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട.
[5] ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[6] രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല.
[7] നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
[8] “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെ മുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെ മുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും.
[9] മനുഷ്യരുടെ മുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെ മുമ്പിൽ ഞാനും നിരാകരിക്കും.
[10] മനുഷ്യപുത്രന് (എനിക്ക്) വിരോധമായി സംസാരിക്കുന്നവനോട് അത് ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല.
[11] “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിൽ വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല;
[12] നിങ്ങൾ പറയേണ്ടത് എന്തെന്നു പരിശുദ്ധാത്മാവ് ആസമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.”
[13] ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരുവേ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്ന് പറഞ്ഞു.
[14] അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്ന് ചോദിച്ചു.
[15] അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരെ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്ന് പറഞ്ഞു.
[16] അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി.
[17] എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതം ചെയ്തു.
[18] “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റുവിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു.
[19] പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചു പാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.
[20] “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്ന് ചോദിച്ചു.
[21] “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”
[22] ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയട്ടെ: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലചിത്തരാകരുത്.
[23] ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്?
[24] കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ മൂല്യമേറിയവരാണ് നിങ്ങൾ!
[25] വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
[26] ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?
[27] “ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്ന് നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[28] ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെയും കരുതുമെന്നതിന് എത്രയേറെ ഉറപ്പുണ്ട്!
[29] നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്.
[30] ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്ക് ആവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം.
[31] നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
[32] “ചെറിയ ആട്ടിൻകൂട്ടമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു.
[33] നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത പണസഞ്ചിയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല.
[34] നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
[35] “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ.
[36] വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക.
[37] യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയുംചെയ്യും എന്ന് നിശ്ചയമായും ഞാൻ നിങ്ങളോട് പറയുന്നു.
[38] അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ.
[39] കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യും എന്ന് നിങ്ങൾക്കറിയാമല്ലോ.
[40] അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”
[41] അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്ന് ചോദിച്ചു.
[42] അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
[43] യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗൃഹീതൻ.
[44] അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്ന് നിശ്ചയമായും ഞാൻ നിങ്ങളോട് പറയുന്നു.
[45] എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്ന് ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
[46] ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും, ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും.
[47] “യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും.
[48] എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ച് പ്രഹരമേ ലഭിക്കുകയുള്ളു. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും.
[49] “ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്?
[50] എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാൽക്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു!
[51] നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[52] ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും.
[53] പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.”
[54] പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു.
[55] തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു.
[56] കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് എന്തുകൊണ്ട് അറിയുന്നില്ല.
[57] “എന്താണ് ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്?
[58] നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്ക് വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയുംചെയ്യും.
[59] അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.”