Skip to content
Opens in a new window
Listen to this chapter • 8:41

[1] അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി.

[2] അവിടെ ഒരു ശതാധിപനു വളരെ വിലപ്പെട്ട ഒരു സേവകൻ രോഗം ബാധിച്ച് മരണാസന്നനായിരുന്നു.

[3] യേശുവിനെക്കുറിച്ചു കേട്ട ശതാധിപൻ, യേശു വന്ന് തന്റെ സേവകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കാൻ യെഹൂദമതത്തിലെ ചില നേതാക്കന്മാരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.

[4] അവർ യേശുവിന്റെ അടുക്കൽവന്ന് ശതാധിപനുവേണ്ടി ശുപാർശചെയ്തുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങ് ഇത് ചെയ്തുകൊടുക്കാൻ ആ മനുഷ്യൻ യോഗ്യൻ;

[5] കാരണം, അയാൾ നമ്മുടെ സമുദായത്തോട് സ്നേഹമുള്ളവനാണ്; നമുക്കുവേണ്ടി ഒരു പള്ളി പണിയിച്ചുതരികയും ചെയ്തിരിക്കുന്നു.”

[6] അപ്പോൾ യേശു അവരോടുകൂടെ പോയി. അദ്ദേഹം ഭവനത്തോട് അടുക്കാറായപ്പോൾ ശതാധിപൻ തന്റെ സ്നേഹിതന്മാരിൽച്ചിലരെ യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ അറിയിച്ചു: “കർത്താവേ, ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല;

[7] അതുകൊണ്ടാണ് ഞാൻ നേരിട്ട് അങ്ങയുടെ അടുക്കൽ വരാതിരുന്നതും. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും.

[8] ഞാനും അധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു, മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരുകാര്യം ചെയ്യുക’ എന്ന് പറയുമ്പോൾ അയാൾ ചെയ്യുന്നു.”

[9] ഇതുകേട്ട് യേശു ആശ്ചര്യപ്പെട്ട്, ചുറ്റും നോക്കി തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോട്, “ഞാൻ നിങ്ങളോട് പറയട്ടെ, ഇസ്രായേൽ സമുദായത്തിൽപ്പോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല” എന്ന് പറഞ്ഞു.

[10] ശതാധിപന്റെ സ്നേഹിതന്മാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സേവകന് പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നതായി കണ്ടു.

[11] ഈ സംഭവത്തിന് ശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു.

[12] യേശു പട്ടണകവാടത്തോടു സമീപിച്ചപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു.

[13] അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്ന് പറഞ്ഞു.

[14] യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെനിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്ന് പറഞ്ഞു.

[15] അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.

[16] ജനമെല്ലാം ഭയപരവശരായി; ദൈവത്തെ പുകഴ്ത്തി. “ഒരു വലിയ പ്രവാചകൻ നമ്മുടെ മധ്യേ വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു.

[17] യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു.

[18] ഈ സംഭവങ്ങളെക്കുറിച്ചൊക്കെയും യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ യോഹന്നാനെ അറിയിച്ചു.

[19] അദ്ദേഹം തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, “വരാനുള്ള മശിഹ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കേണമോ?” എന്ന് ചോദിക്കാൻ കർത്താവിന്റെ അടുക്കൽ അയച്ചു.

[20] അവർ യേശുവിന്റെ അടുക്കൽവന്ന്, “ ‘വരാനുള്ള മശിഹ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കേണമോ?’ എന്ന് ചോദിക്കാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ അങ്ങയുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.

[21] ആസമയത്തുതന്നെ യേശു, രോഗങ്ങളും പീഡകളും ദുരാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ അനേകർക്കു കാഴ്ച നൽകുകയുംചെയ്തു.

[22] പിന്നെ യേശു ആ സന്ദേശവാഹകരോട്, “നിങ്ങൾ കാണുകയും കേൾക്കുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.

[23] എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്ന് പറഞ്ഞു.

[24] യോഹന്നാന്റെ സന്ദേശവാഹകർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ?

[25] അതോ, മൃദുലവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, അമൂല്യ വസ്ത്രങ്ങൾ ധരിക്കുകയും ആഡംബരത്തിൽ മുഴുകുകയുംചെയ്യുന്നവർ കൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്?

[26] പിന്നെ നിങ്ങൾ എന്തുകാണാനാണ് പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു.

[27] “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും’ എന്ന് തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്.

[28] സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ, ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു എന്ന് ഞാൻ നിങ്ങളോട് പറയുന്നു.”

[29] ജനങ്ങൾ യോഹന്നാന്റെ സ്നാനം ഏറ്റവരായിരുന്നു. അതിനാൽ അവർ യേശുവിന്റെ വചസ്സുകൾ കേട്ടപ്പോൾ ദൈവത്തിന്റെ വഴി നീതിയുള്ളതെന്ന് അംഗീകരിച്ചു. നികുതിപിരിവുകാർപോലും അക്കൂട്ടത്തിലുണ്ടായിരുന്നു.

[30] എന്നാൽ, യോഹന്നാനാൽ സ്നാനം സ്വീകരിക്കാതിരുന്ന പരീശന്മാരും നിയമജ്ഞരും തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന തിരസ്കരിച്ചു.

[31] അപ്പോൾ യേശു പറഞ്ഞത്: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോട് താരതമ്യം ചെയ്യും? അവർ എന്തിനോട് സദൃശർ?

[32] “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല’ എന്ന് ചന്തസ്ഥലത്തിരുന്ന് പരസ്പരം വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ.

[33] അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനുമായിവന്ന യോഹന്നാൻസ്നാപകനെക്കുറിച്ച്, ‘അയാൾ ഭൂതബാധിതനാണ്’ എന്ന് നിങ്ങൾ പറയുന്നു.

[34] മനുഷ്യപുത്രൻ ആകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘ഭോജനപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് നിങ്ങൾ പറയുന്നു.

[35] ദൈവികജ്ഞാനം, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു” എന്ന് പറയുന്നു.

[36] പരീശന്മാരിൽ ഒരാൾ തന്നോടൊത്തു ഭക്ഷണം കഴിക്കാൻ യേശുവിനെ ക്ഷണിച്ചു. അദ്ദേഹം പരീശന്റെ ഭവനത്തിൽ ചെന്നു വിരുന്നിനിരുന്നു.

[37] ആ പട്ടണത്തിൽ പാപജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ—യേശു പരീശന്റെ ഭവനത്തിൽ അതിഥിയായി വന്നിരിക്കുന്നു എന്നറിഞ്ഞ് ഒരു വെൺകൽഭരണി സുഗന്ധതൈലം കൊണ്ടുവന്ന്—

[38] അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയുംചെയ്തു.

[39] യേശുവിനെ ക്ഷണിച്ച പരീശൻ ഇത് കണ്ടിട്ട്, “ഈ മനുഷ്യൻ ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ ആരാണു തന്നെ തൊടുന്നതെന്നും അവൾ ഏതു തരത്തിലുള്ള സ്ത്രീയാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയല്ലോ” എന്നു ഹൃദയത്തിൽ പറഞ്ഞു.

[40] യേശു ആ പരീശനോട്, “ശിമോനേ, എനിക്കു നിന്നോട് ഒരുകാര്യം പറയാനുണ്ട്” എന്ന് പറഞ്ഞു. “ഗുരുവേ, പറഞ്ഞാലും,” അയാൾ പ്രതിവചിച്ചു.

[41] “പണം കടംകൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടുപേർ വായ്പ വാങ്ങിയിരുന്നു. ഒരാൾ അഞ്ഞൂറ് ദിനാറും മറ്റേയാൾ അമ്പത് ദിനാറുമാണ് തിരികെ കൊടുക്കേണ്ടിയിരുന്നത്.

[42] തിരികെ കൊടുക്കാനുള്ള പണം അവർക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അവരിരുവരുടെയും കടം അയാൾ ഇളച്ചുകൊടുത്തു. നിന്റെ അഭിപ്രായത്തിൽ അവരിലാരാണ് കടംനൽകിയയാളെ കൂടുതൽ സ്നേഹിക്കുക?”

[43] “കൂടുതൽ കടം ക്ഷമിച്ചുകിട്ടിയവൻ,” ശിമോൻ ഉത്തരം പറഞ്ഞു. “ശരിയാണ് നിന്റെ വിലയിരുത്തൽ,” യേശു പ്രതിവചിച്ചു.

[44] പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു.

[45] നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ, ഞാൻ അകത്തുവന്നതുമുതൽ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കുന്നു.

[46] നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ സുഗന്ധതൈലലേപനം ചെയ്തിരിക്കുന്നു.

[47] ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.”

[48] പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.

[49] അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്ന് പരസ്പരം പറഞ്ഞുതുടങ്ങി.

[50] യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.

ലൂക്കോസ് എഴുതിയ സുവിശേഷം — Chapters