Skip to content
Opens in a new window
Listen to this chapter • 9:54

[1] പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു.

[2] പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ഉന്മൂലനം ചെയ്യുന്നതിനു ഗൂഢാലോചന നടത്തിവരികയായിരുന്നു, എന്നാൽ അവർ ജനത്തിന്റെ പ്രതികരണം ഭയപ്പെട്ടിരുന്നു.

[3] ആസമയത്ത്, പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായിരുന്ന യൂദാ ഈസ്കര്യോത്തിൽ സാത്താൻ പ്രവേശിച്ചു.

[4] അയാൾ പുരോഹിതമുഖ്യന്മാരുടെയും ദൈവാലയത്തിലെ പടനായകരുടെയും അടുക്കൽചെന്ന് യേശുവിനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്ന് അവരുമായി കൂടിയാലോചിച്ചു.

[5] അവർ അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു.

[6] അയാൾ അതിനു സമ്മതിച്ചു. യേശുവിനുചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയംനോക്കി യൂദാ, യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.

[7] പെസഹാക്കുഞ്ഞാടിനെ യാഗം അർപ്പിക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു.

[8] യേശു പത്രോസിനെയും യോഹന്നാനെയും വിളിച്ച് “നിങ്ങൾ പോയി നമുക്കു പെസഹ ഭക്ഷിക്കേണ്ടതിനുള്ള ഒരുക്കങ്ങൾ നടത്തുക” എന്ന് പറഞ്ഞയച്ചു.

[9] “ഞങ്ങൾ എവിടെയാണ് പെസഹ ഒരുക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.

[10] യേശു ഉത്തരമായി, “നിങ്ങൾ ജെറുശലേം പട്ടണത്തിനുള്ളിൽ കടക്കുമ്പോൾ ഒരുകുടം വെള്ളം ചുമന്നുകൊണ്ടു പോകുന്ന ഒരുവൻ നിങ്ങൾക്ക് അഭിമുഖമായി വരും. അയാൾ പ്രവേശിക്കുന്ന വീട്ടിലേക്ക് അയാളുടെ പിന്നാലെ ചെല്ലുക.

[11] ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള വിരുന്നുശാല എവിടെ? എന്ന് ഗുരു ചോദിക്കുന്നു എന്ന് പറയുക’ എന്ന് പറഞ്ഞു.

[12] വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും; അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്ന് പറഞ്ഞു.

[13] അവർ പോയി, യേശു അവരോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി.

[14] സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു.

[15] യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ ഉൽക്കടമായി വാഞ്ഛിച്ചു.

[16] ദൈവരാജ്യത്തിൽ അത് സാർഥകമാകുന്നതുവരെ ഞാൻ ഇനി അത് ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് പറഞ്ഞു.

[17] പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക.

[18] ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു.”

[19] തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്ക് കൊടുത്തുകൊണ്ട്, “ഇത് നിങ്ങൾക്കായി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇത് അനുഷ്ഠിക്കുക” എന്ന് പറഞ്ഞു.

[20] ഭക്ഷണത്തിനുശേഷം, അതുപോലെതന്നെ അവിടന്ന് പാനപാത്രം കരങ്ങളിലെടുത്തുകൊണ്ട് പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠതരമായ ഉടമ്പടിയാകുന്നു.

[21] എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്.

[22] ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!”

[23] “ആരായിരിക്കും ഇത് ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി.

[24] തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടത് എന്ന് മറ്റൊരു വിഷയവും അവർക്കിടയിൽ ചർച്ചയായി.

[25] യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം പ്രജാഹിതകാരികൾ എന്നും വിളിക്കുന്നു.

[26] എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം.

[27] ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ.

[28] ഞാൻ അഭിമുഖീകരിച്ച പരീക്ഷകളിൽ എന്നെ വിട്ടുപിരിയാതെ എന്നോടൊപ്പം നിന്നവർ നിങ്ങളാണല്ലോ.

[29] എന്റെ പിതാവ് എനിക്ക് രാജ്യഭാരം കൽപ്പിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു.

[30] അങ്ങനെ നിങ്ങൾ എന്റെ രാജ്യത്തിൽ, എന്റെ മേശയിൽനിന്നു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്യും, സിംഹാസനസ്ഥരായി ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കുകയുംചെയ്യും.

[31] “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു;

[32] എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.”

[33] അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്ന് പറഞ്ഞു.

[34] യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: നീ എന്നെ അറിയുന്നില്ല എന്ന് മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല” എന്ന് പറഞ്ഞു.

[35] പിന്നെ യേശു അവരോട് ചോദിച്ചു: “ഞാൻ നിങ്ങളെ പണസഞ്ചിയോ ബാഗോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു.

[36] യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ പണസഞ്ചിയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ ബാഗും. നിങ്ങളുടെ പക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക.

[37] ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.”

[38] അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്ന് പറഞ്ഞു. “അത് മതി,” അദ്ദേഹം ഉത്തരം പറഞ്ഞു.

[39] ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു.

[40] അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് പറഞ്ഞു.

[41] പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി,

[42] “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റേണമേ; എങ്കിലും എന്റെ അഭീഷ്ടമല്ല, അവിടത്തെ അഭീഷ്ടംപോലെതന്നെ ആകട്ടെ” എന്ന് പ്രാർഥിച്ചു.

[43] സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു.

[44] പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു.

[45] പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്,

[46] “നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” യേശു അവരോട് പറഞ്ഞു.

[47] യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്ക് വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.

[48] എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്ന് ചോദിച്ചു.

[49] എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്ന് ചോദിച്ചു.

[50] അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ വലത്തെ കാത് ഛേദിച്ചുകളഞ്ഞു.

[51] “അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി.

[52] തനിക്കെതിരെവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ലവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?

[53] ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇത് നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്ന് പറഞ്ഞു.

[54] അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു.

[55] ചിലർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു.

[56] ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നത് കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, “ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്” എന്ന് പറഞ്ഞു.

[57] എന്നാൽ പത്രോസ് അത് നിഷേധിച്ച്, “സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല” എന്ന് പറഞ്ഞു.

[58] അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, “നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്ന് പറഞ്ഞു. “മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല,” പത്രോസ് മറുപടി പറഞ്ഞു.

[59] ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: “തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!”

[60] അതിനു പത്രോസ്, “ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി.

[61] അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്ന് കർത്താവ് തന്നോട് പറഞ്ഞിരുന്ന വാക്ക് ഓർത്തു

[62] പത്രോസ് പുറത്തേക്കു പോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.

[63] യേശുവിനു കാവൽനിന്നിരുന്ന പടയാളികൾ അദ്ദേഹത്തെ പരിഹസിക്കാനും അടിക്കാനും തുടങ്ങി.

[64] അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ട്, “ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നിങ്ങനെയും

[65] മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു.

[66] നേരം പുലർന്നപ്പോൾ, സമുദായനേതാക്കന്മാരും പുരോഹിതമുഖ്യന്മാരും വേദജ്ഞരും ഉൾപ്പെട്ട ന്യായാധിപസമിതി സമ്മേളിച്ച് യേശുവിനെ തങ്ങളുടെ മുമ്പിൽ വരുത്തി.

[67] “നീ ക്രിസ്തുവാണോ,” അവർ ആരാഞ്ഞു “ഞങ്ങളോടു പറയുക.” അതിന് യേശു, “ഞാൻ നിങ്ങളോടു പറഞ്ഞാലും നിങ്ങൾ എന്നെ വിശ്വസിക്കുകയില്ല,

[68] ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുകയുമില്ല.

[69] എന്നാൽ മനുഷ്യപുത്രൻ (ഞാൻ) ദൈവശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന സമയം ഇതാ വന്നെത്തിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.

[70] “നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു. “നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു.

[71] അപ്പോൾ അവർ, “ഇനി നമുക്ക് വേറെ സാക്ഷ്യത്തിന്റെ ആവശ്യം എന്ത്? അവന്റെ വായിൽനിന്നുതന്നെ നാം അത് കേട്ടുകഴിഞ്ഞല്ലോ” എന്ന് പറഞ്ഞു.

ലൂക്കോസ് എഴുതിയ സുവിശേഷം — Chapters