Skip to content
Opens in a new window
Listen to this chapter • 4:19

[1] സഹോദരങ്ങളേ, ഒരാൾ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണ് ന്യായപ്രമാണത്തിന് അയാളുടെമേൽ അധികാരമുള്ളത് എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? ന്യായപ്രമാണം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്.

[2] ഉദാഹരണമായി, വിവാഹിതയായ സ്ത്രീ ജീവനോടിരിക്കുന്ന ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ, അയാളോട് ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ വിമുക്തയായിത്തീരുന്നു.

[3] ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല.

[4] അതുപോലെതന്നെ, എന്റെ സഹോദരങ്ങളേ, ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായതിലൂടെ ന്യായപ്രമാണസംബന്ധമായി നിങ്ങളും മരിച്ചിരിക്കുന്നു. അതാകട്ടെ, മറ്റൊരാളിന്റെ, മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ, സ്വന്തമായി നാം തീരേണ്ടതിനും തന്മൂലം നാം ദൈവത്തിനു സൽഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കേണ്ടതിനുമാണ്.

[5] നാം പഴയ സ്വഭാവത്തിന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ ന്യായപ്രമാണം വിലക്കുന്നവ ചെയ്യാനുള്ള പാപപ്രലോഭനങ്ങൾ നമ്മുടെ അവയവങ്ങളിൽ പ്രവർത്തനനിരതമായിരുന്നു. ആ പ്രവർത്തനങ്ങൾ മരണത്തിൽ അവസാനിക്കുന്നവയായിരുന്നു.

[6] എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിൽനിന്നു നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. നമ്മെ അധീനപ്പെടുത്തിയിരുന്ന ന്യായപ്രമാണത്തെ സംബന്ധിച്ചിടത്തോളം നാം ഇപ്പോൾ മരിച്ചവരാണ്. എഴുതപ്പെട്ട ന്യായപ്രമാണം ആചരിക്കുകയെന്ന പഴയ രീതിയിലല്ല, ആത്മാവിനാൽ നിയന്ത്രിതമായ പുതിയ ജീവിതത്തിലൂടെ നാം ദൈവത്തിനു ശുശ്രൂഷ ചെയ്യുകയാണ് അതിന്റെ ഉദ്ദേശ്യം.

[7] എന്താണ് ഇതിന്റെ അർഥം? ന്യായപ്രമാണം പാപമെന്നോ? ഒരിക്കലുമല്ല. എങ്കിലും ന്യായപ്രമാണം ഇല്ലായിരുന്നു എങ്കിൽ പാപം എന്തെന്നു ഞാൻ അറിയുമായിരുന്നില്ല. “മോഹിക്കരുത്” എന്നു ന്യായപ്രമാണം പറഞ്ഞിരുന്നില്ലെങ്കിൽ മോഹിക്കുന്നത് പാപമോ അല്ലയോ എന്നു ഞാൻ അറിയുകയില്ലായിരുന്നു.

[8] എന്നാൽ ഈ കൽപ്പനയിലൂടെ പാപം എന്നിൽ എല്ലാവിധ ദുർമോഹങ്ങൾക്കും അവസരം ഉണ്ടാക്കി. കാരണം ന്യായപ്രമാണത്തിന്റെ അഭാവത്തിൽ പാപം നിർജീവമായിരുന്നു.

[9] ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയുംചെയ്തു.

[10] ഇങ്ങനെ, ജീവദായകമായിത്തീരേണ്ടിയിരുന്ന ന്യായപ്രമാണകൽപ്പനതന്നെ എന്റെ മരണത്തിനു ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടെത്തി.

[11] കൽപ്പന മുഖാന്തരം ലഭിച്ച അവസരം മുതലെടുത്ത് പാപം എന്നെ വഞ്ചിക്കുകയും കൊല്ലുകയുംചെയ്തു.

[12] ന്യായപ്രമാണം വിശുദ്ധമാണ്; അതിലെ കൽപ്പനകൾ വിശുദ്ധവും നീതിയുക്തവും നല്ലതുംതന്നെ.

[13] അപ്പോൾ നന്മയായത് എനിക്കു മരണഹേതുവായി ഭവിച്ചുവെന്നാണോ? ഒരിക്കലുമില്ല. നന്മയായതിലൂടെ എനിക്ക് മരണം വരുത്തിയതു പാപമാണ്. അങ്ങനെ പാപത്തിന്റെ തനിസ്വഭാവം വെളിപ്പെടുകയും കൽപ്പനയിലൂടെ പാപത്തിന്റെ ഭീകരത വ്യക്തമാകുകയുമാണ് ചെയ്യുന്നത്.

[14] ന്യായപ്രമാണം ആത്മികം എന്നു നമുക്ക് അറിയാം; ഞാനോ പാപത്തിന് വിൽക്കപ്പെട്ട വെറും മനുഷ്യൻ.

[15] എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതല്ല, പിന്നെയോ ഞാൻ വെറുക്കുന്നതാണ് ചെയ്തുപോകുന്നത്.

[16] ഇങ്ങനെ ഞാൻ ആഗ്രഹിക്കാത്ത തിന്മചെയ്യുന്നുവെങ്കിൽ, ന്യായപ്രമാണം നല്ലതെന്നു ഞാൻ സമ്മതിക്കുകയാണ്.

[17] എന്നാൽ, അത് ഞാനല്ല പ്രവർത്തിക്കുന്നത്, എന്നിലുള്ള പാപമാണ്.

[18] എന്നിൽ, അതായത് എന്റെ മനുഷ്യപ്രകൃതിയിൽ ഒരു നന്മയും വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു. നന്മ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും, അത് പ്രവർത്തിക്കാൻ കഴിയുന്നില്ല.

[19] ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോകുന്നത്.

[20] അങ്ങനെ, ആഗ്രഹിക്കാത്തതാണ് ഞാൻ പ്രവർത്തിക്കുന്നതെങ്കിൽ, ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ് അത് പ്രവർത്തിക്കുന്നത്.

[21] അതുകൊണ്ടു നന്മ ചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തിന്മ എന്നൊരു തത്ത്വം എന്നോടൊപ്പമുണ്ട് എന്നു ഞാൻ മനസ്സിലാക്കുന്നു.

[22] എന്റെ അന്തരംഗത്തിൽ ഞാൻ ദൈവികന്യായപ്രമാണത്തിൽ ആഹ്ലാദിക്കുന്നു;

[23] എന്നാൽ എന്റെ ബുദ്ധിയോടു പോരാടുന്ന മറ്റൊരു തത്ത്വം എന്റെ അവയവങ്ങളിൽ സക്രിയമായിരിക്കുന്നതായി ഞാൻ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രഭാവത്തിന് എന്നെ അടിമയാക്കുകയുംചെയ്യുന്നു.

[24] അയ്യോ! ഞാൻ എത്ര നിസ്സഹായൻ! മരണത്തിലേക്ക് എന്നെ നയിക്കുന്ന ഈ ശരീരത്തിൽനിന്ന് എന്നെ ആരു സ്വതന്ത്രനാക്കും?

[25] നമ്മുടെ കർത്താവായ യേശുക്രിസ്തു; ദൈവത്തിനു സ്തോത്രം! ഞാൻ ബുദ്ധികൊണ്ടു ദൈവികന്യായപ്രമാണത്തെയും ശരീരംകൊണ്ടു പാപത്തിന്റെ തത്ത്വത്തെയും സേവിക്കുന്നു.

റോമർക്ക് എഴുതിയ ലേഖനം — Chapters