Skip to content
Opens in a new window
Listen to this chapter • 3:35

[1] ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോട് സമാധാനം ഉണ്ട്.

[2] ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും.

[3] അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്;

[4] കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.

[5] ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, ദൈവം പരിശുദ്ധാത്മാവിലൂടെ അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധിയായി നിറച്ചിരിക്കുന്നതു വഴി ഈ പ്രത്യാശയെക്കുറിച്ചു നമുക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു.

[6] നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു.

[7] നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്.

[8] എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

[9] ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്നു രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്!

[10] നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടും എന്നതും എത്രയോ നിശ്ചിതം!

[11] ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.

[12] ആദാം എന്ന ഏകമനുഷ്യൻമുഖേന പാപവും, പാപംമുഖേന മരണവും ലോകത്തിലേക്കു പ്രവേശിച്ചു. ഇങ്ങനെ, എല്ലാവരും പാപംചെയ്തതിനാൽ മരണം എല്ലാവരിലേക്കും വ്യാപിച്ചു.

[13] ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. പക്ഷേ, ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപം എങ്ങനെ നിർവചിക്കപ്പെടും?

[14] ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ പ്രതിച്ഛായയായിരുന്നു.

[15] എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകരിലേക്ക് സമൃദ്ധിയായി വന്നിരിക്കുന്നു.

[16] ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെ അല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി.

[17] ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധിയായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!

[18] അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു.

[19] ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.

[20] എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു.

[21] ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലുടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ.

റോമർക്ക് എഴുതിയ ലേഖനം — Chapters