Skip to content
Opens in a new window
Listen to this chapter • 2:24

[1] ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്.

[2] അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും.

[3] ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്നു നിനക്ക് അഭിനന്ദനം ലഭിക്കും.

[4] നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതെയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരെ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ.

[5] ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.

[6] ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ അനുസ്യൂതം ശ്രദ്ധിക്കുന്ന ദൈവസേവകരാണ്.

[7] ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നത് കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക; ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.

[8] പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്.

[9] “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്,” “കൊലപാതകം ചെയ്യരുത്,” “മോഷ്ടിക്കരുത്,” “മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു.

[10] സ്നേഹം അയൽക്കാരനു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.

[11] ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇത് ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ട് ഉണരേണ്ട സമയമാണിത്.

[12] രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക.

[13] പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലും അല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല,

[14] മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.

റോമർക്ക് എഴുതിയ ലേഖനം — Chapters