Skip to content
Opens in a new window
Listen to this chapter • 4:48

[1] ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ.

[2] ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്നു നമുക്ക് അറിയാം.

[3] അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്ന് നീ വിചാരിക്കുന്നുണ്ടോ?

[4] ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?

[5] എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്.

[6] ദൈവം “ഓരോവ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരം ചെയ്യും.”

[7] നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും.

[8] എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും.

[9] തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും.

[10] എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും, മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും;

[11] കാരണം, ദൈവം പക്ഷപാതം ഇല്ലാത്തവനാണ്.

[12] ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും, പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും.

[13] ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്.

[14] ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു.

[15] അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു.

[16] ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരുദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.

[17] എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ.

[18] നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ;

[19] ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാൽക്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും

[20] മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ.

[21] എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ?

[22] വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ?

[23] ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ?

[24] “നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു” എന്നെഴുതിയിരിക്കുന്നല്ലോ!

[25] നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു.

[26] പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികൾ അനുസരിച്ചാൽ പരിച്ഛേദനയുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ?

[27] ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.

[28] കാരണം, പുറമെ യെഹൂദനായിരിക്കുന്നവൻ അല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല.

[29] പിന്നെയോ, അകമെ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.

റോമർക്ക് എഴുതിയ ലേഖനം — Chapters