Skip to content
Opens in a new window
Listen to this chapter • 3:51

[1] കെംക്രയാപ്പട്ടണത്തിലുള്ള സഭയിലെ ശുശ്രൂഷക്കാരിയായ നമ്മുടെ സഹോദരി ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്.

[2] ദൈവജനത്തിന്റെ മധ്യേ ആദരണീയർക്ക് അനുയോജ്യമായവിധം കർത്താവിന്റെ നാമത്തിൽ നിങ്ങൾ അവളെ സ്വീകരിക്കുകയും നിങ്ങളുടെ സഹായം ആവശ്യമുള്ള ഏതുകാര്യത്തിലും സഹായിക്കുകയുംചെയ്യുക. കാരണം, അവൾ ഞാൻ ഉൾപ്പെടെ അനേകർക്ക് സഹായിയായിത്തീർന്നിട്ടുണ്ട്.

[3] യേശുക്രിസ്തുവിന്റെ ശുശ്രൂഷയിൽ എന്റെ സഹപ്രവർത്തകരായിരുന്ന പ്രിസ്കില്ലയെയും അക്വിലായെയും വന്ദനം അറിയിക്കുക.

[4] എനിക്കുവേണ്ടി സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയവരാണ് അവർ. ഞാൻമാത്രമല്ല, യെഹൂദേതരരുടെ മധ്യേയുള്ള എല്ലാ സഭകളും അവരോട് നന്ദിയുള്ളവരായിരിക്കുന്നു.

[5] അവരുടെ വീട്ടിൽ കൂടിവരുന്ന സഭയെ വന്ദനം അറിയിക്കുക. ഏഷ്യാപ്രവിശ്യയിൽ ആദ്യം ക്രിസ്തുവിൽ വിശ്വസിച്ച, എനിക്ക് പ്രിയനായ, എപ്പെനേത്തോസിനെ വന്ദനം അറിയിക്കുക.

[6] നിങ്ങളുടെ നന്മയ്ക്കുവേണ്ടി വളരെ അധ്വാനിച്ചവളായ മറിയയെ വന്ദനം അറിയിക്കുക.

[7] എന്നോടൊപ്പം കാരാഗൃഹത്തിൽ ആയിരുന്നിട്ടുള്ള എന്റെ ബന്ധുക്കളായ അന്ത്രൊനിക്കോസിനെയും യൂനിയയെയും വന്ദനം അറിയിക്കുക. അവർ എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും അപ്പൊസ്തലന്മാരുടെ മധ്യേ സുപ്രസിദ്ധരുമാണ്.

[8] കർത്താവുമായുള്ള കൂട്ടായ്മയിൽ ഞാൻ വളരെ സ്നേഹിക്കുന്ന അംപ്ലിയാത്തോസിനെ വന്ദനം അറിയിക്കുക.

[9] ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന ഉർബനൊസിനെയും ഞാൻ വളരെ സ്നേഹിക്കുന്ന സ്റ്റാക്കിസിനെയും വന്ദനം അറിയിക്കുക.

[10] ക്രിസ്തുവിനോടുള്ള ഭക്തിയിൽ പൊതുസമ്മതനായ അപ്പെലേസിനെ വന്ദനം അറിയിക്കുക. അരിസ്റ്റോബുലോസിന്റെ കുടുംബാംഗങ്ങളെയും വന്ദനം അറിയിക്കുക.

[11] എന്റെ ബന്ധുവായ ഹെരോദിയോനെ വന്ദനം അറിയിക്കുക. നർക്കിസുസിന്റെ കുടുംബത്തിൽ കർത്താവിൽ വിശ്വസിക്കുന്നവരെ വന്ദനം അറിയിക്കുക.

[12] കർത്താവിന്റെ ശുശ്രൂഷയിൽ അധ്വാനിക്കുന്ന സഹോദരിമാരായ ത്രുഫൈനെയെയും ത്രുഫോസെയെയും വന്ദനം അറിയിക്കുക. കർത്താവിന്റെ ശുശ്രൂഷയിൽ വളരെയേറെ അധ്വാനിച്ചിട്ടുള്ള സഹോദരി പ്രിയ പെർസിസിനെയും വന്ദനം അറിയിക്കുക.

[13] ശുശ്രൂഷയ്ക്കുവേണ്ടി കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെ വന്ദനം അറിയിക്കുക. അവന്റെ അമ്മയ്ക്കു ഞാൻ മകനെപ്പോലെതന്നെയാണ്.

[14] അസുംക്രിതോസ്, ഫ്ലേഗോൺ, ഹെർമെസ് ഇവരെയും കൂടെയുള്ള സഹോദരങ്ങളെയും വന്ദനം അറിയിച്ചാലും. പത്രൊബാസിനും ഹെർമാസിനും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുക.

[15] ഫിലോലോഗോസ്, യൂനിയ, നെരെയുസ്, അവന്റെ സഹോദരി, ഒലുമ്പാസ് എന്നിവരെയും അവരുടെ കൂടെയുള്ള എല്ലാ ക്രിസ്തുവിശ്വാസികളെയും വന്ദനം അറിയിക്കുക.

[16] ക്രിസ്തീയ സ്നേഹചുംബനത്താൽ എല്ലാവരും പരസ്പരം വന്ദനംചെയ്യുക. ക്രിസ്തുവിന്റെ എല്ലാ സഭയും വന്ദനം അറിയിക്കുന്നു.

[17] സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക.

[18] അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു.

[19] നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

[20] സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെ വേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും. കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കട്ടെ.

[21] എന്റെ സഹപ്രവർത്തകനായ തിമോത്തിയോസും എന്റെ ബന്ധുക്കളായ ലൂക്യൊസ്, യാസോൻ, സോസിപത്രോസ് എന്നിവരും നിങ്ങളെ വന്ദനംചെയ്യുന്നു.

[22] ഈ ലേഖനം കേട്ടെഴുതിയ തെർതോസ് എന്ന ഞാൻ കർത്താവിലുള്ള കൂട്ടായ്മയിൽ നിങ്ങളെ വന്ദനംചെയ്യുന്നു.

[23] എനിക്കും ഇവിടെയുള്ള സഭയ്ക്കുമുഴുവനും ആതിഥ്യം അരുളുന്ന ഗായൊസ് നിങ്ങളെ വന്ദനംചെയ്യുന്നു. നഗരത്തിലെ ധനകാര്യ ഉദ്യോഗസ്ഥനായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വർത്തോസും നിങ്ങളെ വന്ദനംചെയ്യുന്നു.

[24] കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കട്ടെ, ആമേൻ!

[25] കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഞാൻ പ്രഘോഷിക്കുന്ന എന്റെ സുവിശേഷത്തിന് അനുസൃതമായി, നിങ്ങളെ സുസ്ഥിരരാക്കാൻ കഴിയുന്ന ദൈവത്തിന് എല്ലാ മഹത്ത്വവും ഉണ്ടാകട്ടെ. ഈ സുവിശേഷമാണ്, അനാദികാലത്തിനുമുമ്പേ യെഹൂദേതരരെക്കുറിച്ച് ഗുപ്തമായിരുന്നതും

[26] നിത്യനായ ദൈവത്തിന്റെ നിയോഗമനുസരിച്ച് പ്രവാചകലിഖിതങ്ങളിലൂടെ ഇപ്പോൾ വെളിപ്പെട്ടതുമായ ദൈവികരഹസ്യം; വിശ്വാസത്തിലൂടെ സംജാതമാകുന്ന അനുസരണത്തിലേക്ക് യെഹൂദേതരരും വന്നുചേരും എന്നതാണ്.

[27] സർവജ്ഞാനിയായ ഏകദൈവത്തിന് യേശുക്രിസ്തുവിലൂടെ യുഗാനുയുഗം മഹത്ത്വം! ആമേൻ.

റോമർക്ക് എഴുതിയ ലേഖനം — Chapters