Skip to content
Opens in a new window
Listen to this chapter • 2:55

[1] സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന.

[2] ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

[3] എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ച് ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണ് വേണ്ടത്.

[4] നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല.

[5] അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും.

[6] ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്ക് ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അത് വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ.

[7] ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ.

[8] മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.

[9] സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക.

[10] സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.

[11] ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക.

[12] പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക.

[13] സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.

[14] നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കാൻ പാടില്ല.

[15] ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.

[16] പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.

[17] നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും

[18] നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക.

[19] സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അത് നിർവഹിച്ചുകൊള്ളട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരം ചെയ്യുന്നവൻ, ഞാൻ പകരം വീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

[20] എന്നാൽ, “നിന്റെ ശത്രുവിന് വിശക്കുന്നു എങ്കിൽ ഭക്ഷണം നൽകുക; ദാഹിക്കുന്നു എങ്കിൽ കുടിക്കാൻ നൽകുക. ഇങ്ങനെ ചെയ്യുമ്പോൾ, നീ ശത്രുവിന്റെ തലമേൽ തീക്കനൽ കൂമ്പാരം കൂട്ടുകയാണ് ചെയ്യുക.”

[21] നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണ് വേണ്ടത്.

റോമർക്ക് എഴുതിയ ലേഖനം — Chapters