Skip to content
Opens in a new window
Listen to this chapter • 3:33

[1] തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക.

[2] എല്ലാം ഭക്ഷിക്കാം എന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനനായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു.

[3] എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്.

[4] മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.

[5] ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം.

[6] ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അത് ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു.

[7] നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല.

[8] നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്.

[9] ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്.

[10] പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായംവിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണ് എന്ന് ഓർക്കുക.

[11] “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഞാൻ ജീവിക്കുന്നു;’ ‘എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും; എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ.

[12] അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്.

[13] അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്ന് ദൃഢനിശ്ചയം ചെയ്യാം.

[14] കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരുകാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായും ഇരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്.

[15] നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം വിനാശകരമാകരുത്.

[16] ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല.

[17] ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്.

[18] മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.

[19] അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.

[20] ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്.

[21] മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.

[22] ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗൃഹീതൻ.

[23] എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തത് എല്ലാം പാപമാണ്.

റോമർക്ക് എഴുതിയ ലേഖനം — Chapters