[1] ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രഹാമിന്റെ പിന്മുറക്കാരനായി, ബെന്യാമിൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ.
[2] ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്ക് അറിയില്ലേ?
[3] “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയുംചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.”
[4] എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.”
[5] അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു.
[6] കൃപയാൽ എങ്കിൽ, അത് പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല.
[7] അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അത് ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു.
[8] “ദൈവം അവർക്കു മരവിച്ച ആത്മാവും കാണാത്ത കണ്ണുകളും കേൾക്കാത്ത കാതുകളും നൽകി. അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു” എന്നെഴുതിയിരിക്കുന്നല്ലോ!
[9] ദാവീദ് പറയുന്നത് ഇങ്ങനെയാണ്: “അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ. അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ.
[10] കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ മുതുക് എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.”
[11] ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്ക് രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്.
[12] എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും!
[13] ഇസ്രായേല്യർ അല്ലാത്ത നിങ്ങളോട് ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു;
[14] കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയ ഉളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ.
[15] അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും?
[16] ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ.
[17] ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത്
[18] മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ട് എന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നു എങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നത് എന്ന് ഓർക്കുക.
[19] “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്.
[20] ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക.
[21] സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.
[22] അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും.
[23] അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ!
[24] പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം!
[25] സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്നു ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു.
[26] ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവിടന്നു യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും.
[27] ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി” എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ.
[28] സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവപിതാക്കന്മാരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ.
[29] കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്.
[30] ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു.
[31] അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു.
[32] എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്.
[33] ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം! അവിടത്തെ വിധികൾ എത്ര അപ്രമേയം! അവിടത്തെ വഴികൾ എത്ര അഗോചരം!
[34] “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്? അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”
[35] “തിരികെ വാങ്ങുവാനായി ദൈവത്തിന് കടംകൊടുത്തവനാര്?”
[36] സകലവും ദൈവത്തിൽനിന്ന്, ദൈവത്തിലൂടെ, ദൈവത്തിലേക്കു തന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം ആമേൻ!