Skip to content
Opens in a new window
Listen to this chapter • 3:26

[1] സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോട് പ്രാർഥിക്കുകയുംചെയ്യുന്നു.

[2] ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല.

[3] കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു.

[4] ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണമായതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏതൊരാളും നീതീകരിക്കപ്പെടും.

[5] ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ, “ഇവ പൂർണമായി അനുസരിക്കുന്ന മനുഷ്യൻ ഇവയാൽ ജീവിക്കും” എന്ന് എഴുതിയിരിക്കുന്നു.

[6] എന്നാൽ, വിശ്വാസത്താലുള്ള നീതിയാകട്ടെ, ഇപ്രകാരമാണു പറയുന്നത്: “ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ, ‘ആരു സ്വർഗത്തിൽക്കയറും?’ എന്നോ

[7] ‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആരു പാതാളത്തിൽ ഇറങ്ങും?’ ” എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്.

[8] എന്നാൽ തിരുവെഴുത്ത് എന്തു പറയുന്നു? “വചനം നിനക്കു സമീപമാകുന്നു; അത് നിന്റെ അധരത്തോടും നിന്റെ ഹൃദയത്തോടും അടുത്തിരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്.

[9] “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

[10] അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വായ്കൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു.

[11] “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ.

[12] യെഹൂദനും യെഹൂദേതരനും തമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു.

[13] “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.

[14] എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും?

[15] അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്തയുമായി വരുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് ആലേഖനംചെയ്തിരിക്കുന്നല്ലോ.

[16] എന്നാൽ, എല്ലാ ഇസ്രായേല്യരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങളുടെസന്ദേശം ആരു വിശ്വസിച്ചിരിക്കുന്നു?” എന്ന് യെശയ്യാവു ചോദിക്കുന്നുണ്ടല്ലോ.

[17] അങ്ങനെ വിശ്വാസം ദൈവികസന്ദേശത്തിന്റെ കേൾവിയാലും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള വചനത്താലും ഉണ്ടാകുന്നു.

[18] എന്നാൽ, അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. തീർച്ചയായും അവർ കേട്ടിരിക്കുന്നു. “അവരുടെ ശബ്ദം സർവഭൂമിയിലും അവരുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ.

[19] ഇസ്രായേൽ ഗ്രഹിച്ചില്ലയോ? എന്നു ഞാൻ വീണ്ടും ചോദിക്കുന്നു. ആദ്യമായി “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്ക് അസൂയ ജനിപ്പിക്കും; പരിജ്ഞാനമില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ നിങ്ങളെ പ്രകോപിപ്പിക്കും.” എന്നിങ്ങനെ മോശ പറയുന്നു.

[20] അതുപോലെ യെശയ്യാവും ധൈര്യപൂർവം പറയുന്നു: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ആവശ്യപ്പെടാത്തവർക്കു ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി.”

[21] എന്നാൽ ഇസ്രായേലിനെക്കുറിച്ചാകട്ടെ, “അനുസരണകെട്ടവരും നിഷേധികളുമായ ജനങ്ങളിലേക്കു ഞാൻ ദിവസം മുഴുവനും കൈ നീട്ടി” എന്നാണ് അദ്ദേഹം പറയുന്നത്.

റോമർക്ക് എഴുതിയ ലേഖനം — Chapters