Skip to content
Opens in a new window
Listen to this chapter • 6:07

[1] യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി.

[2] ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു.

[3] ഇത് കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.

[4] യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്?

[5] ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു.

[6] “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് ഭവനത്തിലേക്ക് മടങ്ങുക” എന്ന് ആജ്ഞാപിച്ചു.

[7] ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി.

[8] ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി.

[9] യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതിപിരിവു നടത്താൻ ഇരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. മത്തായി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു.

[10] പിന്നീടൊരിക്കൽ യേശു മത്തായിയുടെ ഭവനത്തിൽ, വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു.

[11] ഇതു കണ്ട പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങളുടെ ഗുരു നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്ന് ചോദിച്ചു.

[12] ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.

[13] ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്’ എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് പറഞ്ഞു.

[14] അപ്പോൾ യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർവന്ന് യേശുവിനോട്, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കുന്നു; എന്നാൽ, അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” എന്ന് ചോദിച്ചു.

[15] അതിനു മറുപടിയായി യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് വിലപിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അപ്പോൾ അവർ ഉപവസിക്കും.

[16] “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്താൽ ആ തുണ്ട് ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയുംചെയ്യും.

[17] ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല. അങ്ങനെ ചെയ്താൽ ആ തുകൽക്കുടങ്ങൾ പൊട്ടി വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയുംചെയ്യും. അവർ പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിൽത്തന്നെ പകർന്നുവയ്ക്കുന്നു. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”

[18] യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗംവീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങു വന്ന് അവളുടെമേൽ കൈവയ്ക്കേണമേ; എന്നാൽ അവൾ ജീവിക്കും” എന്ന് പറഞ്ഞു.

[19] യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി; ശിഷ്യന്മാരും അനുഗമിച്ചു.

[20] അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു.

[21] “അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിലെങ്കിലും തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും,” എന്ന് അവൾ ഉള്ളിൽ പറഞ്ഞിരുന്നു.

[22] യേശു തിരിഞ്ഞ് അവളെ നോക്കി, “മകളേ, ധൈര്യമായിരിക്കൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്ന് പറഞ്ഞു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായിത്തീർന്നു.

[23] യേശു പള്ളിമുഖ്യന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഓടക്കുഴൽ വായിക്കുന്നവരെയും കരഞ്ഞ് ബഹളം കൂട്ടുന്ന ജനസമൂഹത്തെയും കണ്ട്,

[24] “ഇവിടെനിന്ന് മാറിനിൽക്കൂ, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്ന് പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു.

[25] ജനക്കൂട്ടത്തെ പുറത്താക്കിയശേഷം യേശു അകത്തുചെന്ന് കുട്ടിയെ കൈക്കുപിടിച്ച് ഉയർത്തി. അവൾ എഴുന്നേറ്റു.

[26] ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.

[27] യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ” എന്ന് നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു.

[28] യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിത് ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്ന് ചോദിച്ചു. “തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു.

[29] അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്ന് പറഞ്ഞു.

[30] തൽക്ഷണം അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി.

[31] എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു.

[32] അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.

[33] യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യഭരിതരായി, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്ന് പറഞ്ഞു.

[34] എന്നാൽ പരീശന്മാരാകട്ടെ, “ഇദ്ദേഹം ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യിക്കുന്നത്” എന്ന് പറഞ്ഞു.

[35] യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയുംചെയ്തു.

[36] ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരുന്നതുകണ്ട് യേശുവിന് അവരോട് സഹതാപം തോന്നി.

[37] അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം.

[38] അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്ന് പറഞ്ഞു.

മത്തായി എഴുതിയ സുവിശേഷം — Chapters