Skip to content
Opens in a new window
Listen to this chapter • 2:49

[1] ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി.

[2] അപ്പോൾ, കർത്താവിന്റെ ഒരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതിനാൽ അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ദൈവദൂതൻ വന്ന് ആ വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു.

[3] ആ ദൂതൻ മിന്നൽപ്പിണരിനു സദൃശനും, വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും ആയിരുന്നു.

[4] കാവൽക്കാർ ദൂതനെക്കണ്ട് ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി.

[5] ദൂതൻ സ്ത്രീകളോട്, “നിങ്ങൾ പരിഭ്രമിക്കേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം.

[6] യേശു ഇവിടെ ഇല്ല! അവിടന്ന് പറഞ്ഞിരുന്നതുപോലെതന്നെ, അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! യേശുവിന്റെ മൃതദേഹം വെച്ചിരുന്ന സ്ഥലം വന്നു കാണുക.

[7] നിങ്ങൾ പെട്ടെന്നുതന്നെ ചെന്ന്, ‘യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും’ എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ അറിയിക്കുക. ഇതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്” എന്ന് പറഞ്ഞു.

[8] സ്ത്രീകൾ ഭയപരവശരായിരുന്നെങ്കിലും ദൂതൻ അറിയിച്ച വാർത്ത ശിഷ്യന്മാരെ അറിയിക്കാൻ അത്യധികം ആനന്ദത്തോടുകൂടി കല്ലറയുടെ അടുത്തുനിന്ന് വേഗം ഓടിപ്പോയി.

[9] അപ്പോൾത്തന്നെ യേശു അവർക്ക് അഭിമുഖമായി വന്ന്, “നിങ്ങൾക്കു വന്ദനം” എന്ന് പറഞ്ഞു. അവർ അടുത്തുചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ച് അദ്ദേഹത്തെ നമസ്കരിച്ചു.

[10] അപ്പോൾ യേശു അവരോട്, “ഭയപ്പെടേണ്ട, നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകാൻ പറയുക. അവിടെ അവർ എന്നെ കാണും” എന്ന് പറഞ്ഞു.

[11] ആ സ്ത്രീകൾ മടങ്ങിപ്പോകുന്നതിനിടയിൽ, സൈനികരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചതെല്ലാം പുരോഹിതമുഖ്യന്മാരെ അറിയിച്ചു.

[12] പുരോഹിതമുഖ്യന്മാർ സമുദായനേതാക്കന്മാരുമായി കൂടിയാലോചിച്ച് സൈനികർക്കു വലിയൊരു തുക കോഴയായി നൽകിയിട്ട്,

[13] അവരോട്, “ ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ, യേശുവിന്റെ ശിഷ്യന്മാർവന്ന് അദ്ദേഹത്തിന്റെ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങൾ പറയണം,

[14] ഈ വിവരം ഭരണാധികാരിയുടെ അടുത്തെത്തിയാൽ, ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതെ നോക്കിക്കൊള്ളാം” എന്ന് പറഞ്ഞു.

[15] അതനുസരിച്ച് സൈനികർ ആ പണം വാങ്ങി തങ്ങളോടു നിർദേശിച്ചതുപോലെതന്നെചെയ്തു. ഈ കഥ ഇന്നുവരെയും യെഹൂദരുടെമധ്യേ പരക്കെ പ്രചരിച്ചിരിക്കുന്നു.

[16] ശിഷ്യന്മാർ പതിനൊന്നുപേരും ഗലീലയിലേക്ക്, യേശു തങ്ങളോടു പോകണമെന്ന് കൽപ്പിച്ചിരുന്ന മലയിലേക്കുതന്നെ യാത്രതിരിച്ചു.

[17] യേശുവിനെ കണ്ടപ്പോൾ അവർ അവിടത്തെ നമസ്കരിച്ചു; ചിലരോ, സംശയിച്ചു.

[18] യേശു തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് വന്ന്, “സ്വർഗത്തിലും ഭൂമിയിലും സകലഅധികാരവും എനിക്ക് നൽകിയിരിക്കുന്നു.

[19] അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം” എന്ന് കൽപ്പിച്ചു.

മത്തായി എഴുതിയ സുവിശേഷം — Chapters