Skip to content
Opens in a new window
Listen to this chapter • 3:34

[1] അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:

[2] അബ്രഹാമിൽനിന്ന് ഇസഹാക്ക് ജനിച്ചു ഇസഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.

[3] യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്. പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.

[4] ആരാമിൽനിന്ന് അമ്മീനാദാബും അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു. നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.

[5] സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്. ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്; ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.

[6] യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്. ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബത്ത്ശേബ) ആയിരുന്നു.

[7] ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു. രെഹബ്യാമിൽനിന്ന് അബീയാവും അബീയാവിൽനിന്ന് ആസായും ജനിച്ചു.

[8] ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.

[9] ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു. യോഥാമിൽനിന്ന് ആഹാസും ആഹാസിൽനിന്ന് ഹിസ്കീയാവും ജനിച്ചു.

[10] ഹിസ്കീയാവ് മനശ്ശെയുടെ പിതാവ്, മനശ്ശെ ആമോന്റെ പിതാവ്, ആമോൻ യോശീയാവിന്റെ പിതാവ്.

[11] യോശീയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബിലോണ്യ പ്രവാസകാലഘട്ടത്തിലായിരുന്നു.

[12] ബാബിലോണ്യ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ ശലഥിയേലിൽനിന്ന് സെരുബ്ബാബേൽ ജനിച്ചു.

[13] സെരുബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു അബീഹൂദിൽനിന്ന് എല്യാക്കീമും എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.

[14] ആസോരിൽനിന്ന് സാദോക്ക് ജനിച്ചു. സാദോക്കിൽനിന്ന് ആഖീമും ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.

[15] എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു. എലീയാസറിൽനിന്ന് മത്ഥാനും മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.

[16] യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസഫ്. ഈ മറിയയാണ് “ക്രിസ്തു” എന്ന് വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.

[17] ഇങ്ങനെ തലമുറകൾ ആകെ, അബ്രഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബിലോണ്യ പ്രവാസംവരെ പതിന്നാലും ബാബിലോണ്യപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.

[18] യേശുക്രിസ്തുവിന്റെ ജനനം ഇവ്വിധമായിരുന്നു: യേശുവിന്റെ മാതാവ് മറിയയും യോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിന് മുമ്പേ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി.

[19] മറിയ ഗർഭവതിയായ വിവരം അറിഞ്ഞ നീതിനിഷ്ഠനായ യോസഫ്, അവൾ സമൂഹമധ്യേ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചു.

[20] അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കേ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദ് വംശജനായ യോസഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല.

[21] അവൾ ഒരു പുത്രന് ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്ന് നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്ന് പറഞ്ഞു.

[22] “ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു പേരുവിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.

[24] യോസഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു.

[25] എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസഫ് അവളുമായി സഹധർമം ചെയ്തില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് നാമകരണംചെയ്തു.

മത്തായി എഴുതിയ സുവിശേഷം — Chapters