Skip to content
Opens in a new window
Listen to this chapter • 4:57

[1] യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചശേഷം ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു.

[2] വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു. അവിടെവെച്ച് അദ്ദേഹം അവരിൽ രോഗബാധിതരായിരുന്നവരെ സൗഖ്യമാക്കി.

[3] ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി, “ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്ന് ചോദിച്ചു.

[4] അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ മനുഷ്യസൃഷ്ടി ചെയ്തത് ‘പുരുഷനും സ്ത്രീയുമായിട്ടാണ്.’

[5] അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്ന് നിങ്ങൾ വായിച്ചിട്ടില്ലേ?

[6] അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”

[7] “അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു.

[8] യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല.

[9] ഞാൻ നിങ്ങളോട് പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.”

[10] അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു.

[11] യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം.

[12] ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.”

[13] അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.

[14] എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്ക് സ്വന്തം!” എന്ന് പറഞ്ഞു.

[15] യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു.

[16] അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരുവേ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്ക് കഴിയുന്നത്?” എന്ന് ചോദിച്ചു.

[17] യേശു അതിന്, “നല്ല കർമം എന്ത് എന്ന് എന്നോട് ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു.

[18] “ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു. “ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്,

[19] നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെ സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു.

[20] ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്ന് മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു.

[21] യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്ന് പറഞ്ഞു.

[22] വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി.

[23] അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത് പ്രയാസം എന്ന് നിശ്ചയമായും ഞാൻ നിങ്ങളോട് പറയുന്നു.

[24] ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് ഏറെ എളുപ്പം.”

[25] ഇത് കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യഭരിതരായി, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്ക് കഴിയും?” എന്ന് ചോദിച്ചു.

[26] യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല” എന്ന് പറഞ്ഞു.

[27] അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണ് ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു.

[28] യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ, മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്ന് നിശ്ചയമായും ഞാൻ നിങ്ങളോട് പറയുന്നു.

[29] എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയുംചെയ്യും.

[30] എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.

മത്തായി എഴുതിയ സുവിശേഷം — Chapters