Skip to content
Opens in a new window
Listen to this chapter • 4:35

[1] ആ കാലത്ത് ഗലീലയിലെ ഭരണാധികാരി യായിരുന്ന ഹെരോദാവ് യേശുവിനെക്കുറിച്ചുള്ള വാർത്ത കേട്ട്,

[2] തന്റെ സേവകന്മാരോട്, “ഇദ്ദേഹം യോഹന്നാൻസ്നാപകൻതന്നെയാണ്. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്” എന്ന് പറഞ്ഞു.

[3] ഹെരോദാവ്, തന്റെ സഹോദരൻ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, നേരത്തേ യോഹന്നാനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടച്ചിരുന്നു.

[4] “നീ നിയമവിരുദ്ധമായാണ് അവളെ സ്വന്തമാക്കിയിരിക്കുന്നത്,” എന്ന് യോഹന്നാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നതിനാലാണ് അപ്രകാരം ചെയ്തത്.

[5] യോഹന്നാനെ വധിക്കാൻ ഹെരോദാവ് ആഗ്രഹിച്ചെങ്കിലും ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്ന് കരുതിയിരുന്നതിനാൽ രാജാവ് ജനത്തെ ഭയപ്പെട്ടിരുന്നു.

[6] ഹെരോദാരാജാവിന്റെ ജന്മദിനത്തിൽ ഹെരോദ്യയുടെ പുത്രി രാജസദസ്സിൽ നൃത്തം ചെയ്ത്, അദ്ദേഹത്തെ വളരെ പ്രസാദിപ്പിച്ചതിനാൽ

[7] അവൾ എന്തു ചോദിച്ചാലും കൊടുക്കാമെന്ന് രാജാവ് സത്യംചെയ്തുപറഞ്ഞു.

[8] അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദേശപ്രകാരം, “യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ എനിക്ക് തരേണമേ” എന്ന് അപേക്ഷിച്ചു.

[9] രാജാവ് ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ ആഗ്രഹം നിറവേറ്റാൻ ആജ്ഞ നൽകി.

[10] അങ്ങനെ കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു;

[11] അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്ന് ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.

[12] യോഹന്നാന്റെ ശിഷ്യന്മാർവന്ന് അദ്ദേഹത്തിന്റെ ശരീരം എടുത്ത് സംസ്കരിച്ചു. പിന്നെ അവർ ഈ വിവരം യേശുവിനെ അറിയിച്ചു.

[13] യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു.

[14] യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനസഞ്ചയത്തെക്കണ്ടു; അദ്ദേഹത്തിന് അവരോട് സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി.

[15] സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്ന് പറഞ്ഞു.

[16] അതിന് മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്ന് പറഞ്ഞു.

[17] “ഇവിടെ ഞങ്ങളുടെ പക്കൽ അഞ്ച് അപ്പവും രണ്ട് മീനും അല്ലാതെ ഒന്നുമില്ല,” എന്ന് ശിഷ്യന്മാർ മറുപടി പറഞ്ഞു.

[18] “എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട്

[19] ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ കൽപ്പിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി.

[20] എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

[21] ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.

[22] യേശു ജനസഞ്ചയത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്ക് പോകാൻ അവരെ നിർബന്ധിച്ചു.

[23] ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു.

[24] അപ്പോൾ വള്ളം കരയിൽനിന്ന് വളരെദൂരം പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ വള്ളം തിരകളാൽ ആടിയുലയുകയുമായിരുന്നു.

[25] രാത്രി മൂന്നുമണിക്ക് ശേഷം യേശു തടാകത്തിന് മീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി.

[26] അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.

[27] ഉടനെതന്നെ യേശു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട” എന്ന് അവരോട് പറഞ്ഞു.

[28] അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കേണമേ” എന്ന് അപേക്ഷിച്ചു.

[29] “വരിക,” അദ്ദേഹം പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്ക് നടന്നു.

[30] എന്നാൽ, അയാൾ കൊടുങ്കാറ്റ് കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. “കർത്താവേ, രക്ഷിക്കേണമേ,” അയാൾ നിലവിളിച്ചു.

[31] യേശു ഉടൻതന്നെ കൈ നീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്ന് ചോദിച്ചു.

[32] പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു.

[33] വള്ളത്തിൽ ഉണ്ടായിരുന്നവർ, “അങ്ങ് ദൈവപുത്രൻതന്നെ സത്യം” എന്നു പറഞ്ഞ് അദ്ദേഹത്തെ വീണുവണങ്ങി.

[34] അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തുവില്ലേജിൽ എത്തി.

[35] ആ ദേശനിവാസികൾ യേശുവിനെ തിരിച്ചറിഞ്ഞപ്പോൾ, യേശു വന്ന വിവരം സമീപപ്രദേശങ്ങളിലെല്ലാം അറിയിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.

[36] അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ രോഗികൾക്ക് അനുവാദം നൽകണമെന്ന് അവർ യാചിച്ചു; തൊട്ടവർക്കെല്ലാം സൗഖ്യവും ലഭിച്ചു.

മത്തായി എഴുതിയ സുവിശേഷം — Chapters