Skip to content
Opens in a new window
Listen to this chapter • 5:44

[1] ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്ന് ചോദിച്ചു.

[2] അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെ മധ്യത്തിൽ നിർത്തിയശേഷം

[3] ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം.

[4] അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി.

[5] ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു.

[6] “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്.

[7] മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം!

[8] നിന്റെ കയ്യോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ള വ്യക്തിയായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലുമുള്ള വ്യക്തിയായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.

[9] നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് ദൂരെ എറിയുക. ഒറ്റക്കണ്ണുള്ള വ്യക്തിയായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ള വ്യക്തിയായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.

[10] “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിക്കുക.

[11] സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥപിതാവിന്റെ മുഖം എപ്പോഴും ദർശിക്കുന്നു എന്ന് ഞാൻ നിങ്ങളോട് പറയുന്നു. കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.

[12] “ഒരു മനുഷ്യന്റെ നൂറ് ആടുകളിൽ ഒന്ന് കൂട്ടം തെറ്റിപ്പോയാൽ അദ്ദേഹം എന്ത് ചെയ്യും, എന്താണ് നിങ്ങളുടെ അഭിപ്രായം? തൊണ്ണൂറ്റിയൊൻപതിനെയും കുന്നിൻചെരുവിൽ വിട്ടശേഷം കൂട്ടം തെറ്റിയതിനെ തേടി പോകുകയില്ലേ?

[13] അയാൾ അതിനെ കണ്ടെത്തിയാൽ, ആ ഒരാടിനെക്കുറിച്ച് ഉണ്ടാകുന്ന ആനന്ദം കൂട്ടം തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത് ആടുകളെക്കുറിച്ചുള്ളതിലും അധികം ആയിരിക്കും എന്ന് നിശ്ചയമായി ഞാൻ നിങ്ങളോട് പറയുന്നു.

[14] അതുപോലെ, ഈ ചെറിയവരിൽ ഒരാൾപോലും നശിച്ചുപോകാൻ നിങ്ങളുടെ സ്വർഗസ്ഥപിതാവ് ആഗ്രഹിക്കുന്നില്ല.

[15] “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി;

[16] കേൾക്കുന്നില്ലെങ്കിലോ, നിന്റെ കൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’

[17] അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.

[18] “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്ന് നിശ്ചയമായി ഞാൻ നിങ്ങളോട് പറയുന്നു.

[19] “നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും.

[20] രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെ മധ്യത്തിൽ ഞാൻ ഉണ്ട്.”

[21] അപ്പോൾ പത്രോസ് യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ ഒരു സഹോദരനോ സഹോദരിയോ എന്നോട് പാപംചെയ്താൽ ഞാൻ എത്രതവണ അവരോട് ക്ഷമിക്കണം, ഏഴു തവണ മതിയോ?” എന്ന് ചോദിച്ചു.

[22] അതിന് യേശു, “ഏഴു പ്രാവശ്യം എന്നല്ല, ഏഴ് എഴുപതുപ്രാവശ്യം” എന്ന് ഉത്തരം പറഞ്ഞു.

[23] “സ്വർഗരാജ്യം, തന്റെ ദാസരുടെ ബാധ്യത തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോട് ഉപമിക്കാം.

[24] ബാധ്യത തീർക്കാൻ ആരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരിക്കുന്ന ഒരാൾ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു.

[25] എന്നാൽ, കടം വീട്ടാനുള്ള പ്രാപ്തി അയാൾക്ക് ഇല്ലാതിരുന്നതിനാൽ, രാജാവ്, അയാളും ഭാര്യയും മക്കളും അയാൾക്കുള്ള സകലതും വിറ്റ് കടം വീട്ടണമെന്ന ഉത്തരവിട്ടു.

[26] “എന്നാൽ, ആ ദാസൻ രാജസന്നിധിയിൽ സാഷ്ടാംഗംവീണ്, ‘എന്നോട് കനിവ് തോന്നേണമേ, ഞാൻ എല്ലാം അടച്ചുതീർക്കാം’ ” എന്ന് യാചിച്ചു.

[27] രാജാവിന് ആ ദാസനോട് സഹതാപം തോന്നി, കടം ക്ഷമിച്ച് അയാളെ സ്വതന്ത്രനാക്കി.

[28] “എന്നാൽ ആ ദാസൻ പോകുമ്പോൾ, അയാൾക്കു നൂറുദിനാർ മാത്രം കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അയാളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ‘നീ എന്റെ കടം തന്നുതീർക്കുക’ എന്ന് പറഞ്ഞു.

[29] “ആ സഹഭൃത്യൻ സാഷ്ടാംഗംവീണ്, ‘എനിക്ക് അൽപ്പം അവധി തരേണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം’ എന്ന് കേണപേക്ഷിച്ചു.

[30] “എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല എന്നുമാത്രമല്ല, തനിക്ക് കടപ്പെട്ടിരുന്നത് മുഴുവനും വീട്ടുന്നതുവരെ സഹഭൃത്യനെ കാരാഗൃഹത്തിൽ അടപ്പിക്കുകയുംചെയ്തു.

[31] ഈ സംഭവം രാജാവിന്റെ മറ്റുള്ള വേലക്കാർ കണ്ട് വളരെ ദുഃഖിതരായി. അവർ ചെന്ന് സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.

[32] “രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു. ‘മ്ലേച്ഛദാസാ, നിന്റെ അപേക്ഷനിമിത്തം ഞാൻ നിന്റെ സകലകടവും ഇളച്ചുതന്നു.

[33] എനിക്കു നിന്നോട് കരുണ തോന്നിയതുപോലെതന്നെ നിനക്കു നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ?’ എന്ന് ചോദിച്ചു.

[34] രാജാവ് കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ കഠിനതടവ് വിധിച്ച് അയാളെ കാരാഗൃഹത്തിൽ അടയ്ക്കാൻ ജയിലധികാരികളെ ഏൽപ്പിച്ചു.

[35] “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സഹോദരങ്ങളോട് ആത്മാർഥമായി ക്ഷമിക്കാതിരുന്നാൽ ഇങ്ങനെയായിരിക്കും എന്റെ സ്വർഗസ്ഥപിതാവ് നിങ്ങളോടും ചെയ്യുന്നത്.”

മത്തായി എഴുതിയ സുവിശേഷം — Chapters