Skip to content
Opens in a new window
Listen to this chapter • 6:13

[1] “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെ മുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.

[2] “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.

[3] നിങ്ങളുടെ വലംകൈ ചെയ്യുന്നത് എന്തെന്ന് ഇടംകൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും.

[4] നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകും.

[5] “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്ന് ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു.

[6] എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലം നൽകും.

[7] നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്.

[8] അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ പിതാവിന് നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങൾ യാചിക്കുന്നതിന് മുമ്പുതന്നെ അറിയാം.

[9] “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ,

[10] അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.

[11] അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകേണമേ.

[12] ഞങ്ങളോട് അപരാധങ്ങൾ ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധങ്ങളും ക്ഷമിക്കേണമേ.

[13] ഞങ്ങളെ പരീക്ഷയിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കേണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’

[14] നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും.

[15] എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.

[16] “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു.

[17] എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക.

[18] അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയുംചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയുംചെയ്യും.

[19] “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്;

[20] പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക.

[21] നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.

[22] “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നൈർമല്യമുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശപൂരിതമായിരിക്കും.

[23] കണ്ണ് അശുദ്ധമെങ്കിൽ ശരീരം മുഴുവൻ ഇരുൾമയവുമായിരിക്കും. നിന്നിലുണ്ട് എന്ന് കരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!

[24] “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയുംചെയ്യും. ദൈവത്തെയും ധനത്തെയും സേവിക്കുക അസാധ്യം.

[25] “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയട്ടെ: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലചിത്തരാകരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ?

[26] ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ മൂല്യമേറിയവരാണ് നിങ്ങൾ!

[27] വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?

[28] “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്ന് നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല.

[29] എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[30] ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെയും കരുതുമെന്നതിന് എത്രയേറെ ഉറപ്പുണ്ട്!

[31] അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്.

[32] ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്ക് ആവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിനറിയാം.

[33] നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

[34] അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലചിത്തരാകരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

മത്തായി എഴുതിയ സുവിശേഷം — Chapters