Skip to content
Opens in a new window
Listen to this chapter • 10:17

[1] ഈ സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്,

[2] “ഇനി രണ്ട് ദിവസംമാത്രമേ പെസഹായ്ക് ശേഷിക്കുന്നുള്ളൂ എന്ന് നിങ്ങൾക്ക് അറിയാമല്ലോ; അന്ന് ക്രൂശിൽ തറച്ച് കൊല്ലാനായി മനുഷ്യപുത്രൻ ഏൽപ്പിക്കപ്പെടും” എന്ന് പറഞ്ഞു.

[3] ആസമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി;

[4] യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി.

[5] “ജനമധ്യത്തിൽ കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല,” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.

[6] യേശു ബെഥാന്യയിൽ, കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ,

[7] ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന്, ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു.

[8] ഇതുകണ്ട് കുപിതരായ ശിഷ്യന്മാർ, “ഈ പാഴ്ചെലവ് എന്തിന്?

[9] ഈ സുഗന്ധതൈലം വലിയൊരുതുകയ്ക്കു വിറ്റ് ആ പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്ന് ചോദിച്ചു.

[10] യേശു ഇത് മനസ്സിലാക്കിയിട്ട് അവരോട് പറഞ്ഞത്: “നിങ്ങൾ ഈ സ്ത്രീയെ വിമർശിക്കുന്നതെന്തിന്? അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ.

[11] ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.

[12] അവൾ ഈ സുഗന്ധതൈലം എന്റെ ശരീരത്തിന്മേൽ ഒഴിച്ചുകൊണ്ട്; ശവസംസ്കാരത്തിന് എന്നെ ഒരുക്കുകയായിരുന്നു.

[13] ലോകമെങ്ങും, ഈ സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്കായി പ്രസ്താവിക്കപ്പെടും നിശ്ചയം എന്ന് ഞാൻ നിങ്ങളോട് പറയുന്നു.”

[14] അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്,

[15] “യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്ന് ചോദിച്ചു. അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു.

[16] യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.

[17] പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങേയ്ക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്?” എന്ന് ചോദിച്ചു.

[18] അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പരാമർശിക്കുന്ന വ്യക്തിയുടെ അടുക്കൽചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്ന് പറയുക’ ” എന്ന് പറഞ്ഞു.

[19] യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി.

[20] സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു.

[21] അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും, നിശ്ചയം” എന്ന് യേശു പറഞ്ഞു.

[22] ഇത് കേട്ട് അവർ അത്യന്തം ദുഃഖിതരായി. “കർത്താവേ, അതു ഞാനല്ലല്ലോ?” എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.

[23] അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും.

[24] മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവന് എത്ര നന്നായിരുന്നേനെ!”

[25] അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്ന് ചോദിച്ചു. “നീതന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു.

[26] അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്ന് പറഞ്ഞു.

[27] പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്ക് നൽകിക്കൊണ്ട് പറഞ്ഞത്: “എല്ലാവരും ഇതിൽനിന്ന് പാനം ചെയ്യുക,

[28] ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.

[29] എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”

[30] ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.

[31] പിന്നെ യേശു അവരോടു പറഞ്ഞത്: “ഈ രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും. “ ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻപറ്റം ചിതറിപ്പോകും.’ എന്ന് തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നല്ലോ.

[32] എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”

[33] അപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ പരിത്യജിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല” എന്ന് പറഞ്ഞു.

[34] അതിന് യേശു, “ഈ രാത്രിയിൽത്തന്നെ, കോഴി കൂവുന്നതിനുമുമ്പ്, നിശ്ചയമായും നീ എന്നെ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്ന് ഞാൻ നിന്നോട് പറയുന്നു” എന്ന് മറുപടി പറഞ്ഞു.

[35] “ഒരിക്കലുമില്ല, അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല.” പത്രോസ് പ്രഖ്യാപിച്ചു. മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു.

[36] യേശു ശിഷ്യന്മാരുമൊത്ത് ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. “ഞാൻ അവിടെവരെ പ്രാർഥിക്കാൻ പോകുന്നു, അതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക,” എന്ന് ശേഷം ശിഷ്യന്മാരോട് പറഞ്ഞിട്ട്,

[37] പത്രോസിനെയും സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനായി വ്യാകുലപ്പെടാൻ തുടങ്ങി.

[38] അപ്പോൾ യേശു, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞ് കവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോട് പറഞ്ഞു.

[39] പിന്നെ യേശു, അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റേണമേ; എങ്കിലും എന്റെ അഭീഷ്ടംപോലെയല്ല, അവിടത്തെ അഭീഷ്ടംപോലെതന്നെ ആകട്ടെ” എന്ന് പ്രാർഥിച്ചു.

[40] അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, “ഒരു മണിക്കൂർപോലും എന്നോടുകൂടെ ഉണർന്നിരിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ?” എന്ന് അദ്ദേഹം പത്രോസിനോട് ചോദിച്ചു.

[41] “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.”

[42] യേശു രണ്ടാമതും പോയി, “എന്റെ പിതാവേ, ഞാൻ പാനം ചെയ്യാതെ ഈ പാനപാത്രം നീങ്ങിപ്പോകുക സാധ്യമല്ലെങ്കിൽ അവിടത്തെ അഭീഷ്ടംതന്നെ നിറവേറട്ടെ” എന്ന് പ്രാർഥിച്ചു.

[43] അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ട്,

[44] വീണ്ടും അവരെ വിട്ടുപോയി, മൂന്നാമതും അതേകാര്യംതന്നെ പറഞ്ഞു പ്രാർഥിച്ചു.

[45] പിന്നെ അദ്ദേഹം ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്ന്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ, വന്നിരിക്കുന്നു.

[46] എഴുന്നേൽക്കുക, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്ന് പറഞ്ഞു.

[47] യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു.

[48] ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു.

[49] അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്ക് ചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.

[50] യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക” എന്ന് പ്രതിവചിച്ചു. ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു.

[51] അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈ നീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.

[52] അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും.

[53] എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ?

[54] അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്ന് പറഞ്ഞു.

[55] അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട്, “ഞാൻ ഒരു വിപ്ലവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?

[56] എന്നാൽ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്ന് പറഞ്ഞു. അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.

[57] യേശുവിനെ അറസ്റ്റ്ചെയ്തവർ അദ്ദേഹത്തെ കയ്യഫാ മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. അവിടെ വേദജ്ഞരും സമുദായനേതാക്കന്മാരും ഒരുമിച്ചുകൂടിവന്നിരുന്നു.

[58] അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന്, എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു.

[59] പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന വ്യാജതെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു.

[60] കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ള ഒന്നും അവർക്ക് ലഭിച്ചില്ല. അവസാനം രണ്ടുപേർ മുന്നോട്ടു വന്ന്,

[61] “ ‘എനിക്ക് ദൈവാലയം തകർക്കാൻ കഴിയും; മൂന്ന് ദിവസത്തിനകം അത് പുനർനിർമിക്കാനും എനിക്ക് സാധിക്കും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്ന് ബോധിപ്പിച്ചു.

[62] അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു.

[63] യേശുവോ നിശ്ശബ്ദനായിരുന്നു. മഹാപുരോഹിതൻ അദ്ദേഹത്തോട്, “ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: നീ ദൈവപുത്രനായ ക്രിസ്തുവെങ്കിൽ ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.

[64] അതിന് യേശു, “താങ്കൾ പറഞ്ഞതുപോലെതന്നെ. ഞാൻ നിങ്ങളോട് എല്ലാവരോടുമായി പ്രഖ്യാപിക്കുകയാണ്: ഇന്നുമുതൽ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്ന് പറഞ്ഞു.

[65] ഇത് കേട്ടയുടൻതന്നെ മഹാപുരോഹിതൻ തന്റെ വസ്ത്രം കീറിക്കൊണ്ട്, “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്തിന്? ഇതാ, ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ.

[66] നിങ്ങൾ എന്ത് വിധിക്കുന്നു?” എന്ന് ചോദിച്ചു. “അയാൾ വധശിക്ഷയ്ക്ക് അർഹൻ,” എന്ന് അവർ മറുപടി പറഞ്ഞു.

[67] അപ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയുംചെയ്തു. ചിലർ അദ്ദേഹത്തെ അടിച്ചുകൊണ്ട്,

[68] “ക്രിസ്തുവേ, ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്ന് പറഞ്ഞു.

[69] പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച്, “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ” എന്ന് പറഞ്ഞു.

[70] എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അത് നിഷേധിച്ച്, “നീ എന്താണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ലല്ലോ” എന്ന് പറഞ്ഞു.

[71] പിന്നെ അദ്ദേഹം അങ്കണകവാടത്തിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെയുണ്ടായിരുന്നവരോട്, “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്ന് പറഞ്ഞു.

[72] അയാൾ വീണ്ടും അത് നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്ന് പറഞ്ഞു.

[73] അൽപ്പസമയം കഴിഞ്ഞ്, അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽചെന്ന്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ” എന്ന് പറഞ്ഞു.

[74] അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോട് പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി. ഉടനെ കോഴി കൂവി.

[75] അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോട് പറഞ്ഞിരുന്ന വാക്ക് പത്രോസ് ഓർത്തു പുറത്തേക്കു പോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.

മത്തായി എഴുതിയ സുവിശേഷം — Chapters