Skip to content
Opens in a new window
Listen to this chapter • 4:33

[1] “മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും.

[2] നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും, നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.

[3] “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നത് ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരട് ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?

[4] നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻ കഴിയും?

[5] കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും.

[6] “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.

[7] “അപേക്ഷിക്കുക, നിങ്ങൾക്ക് അത് ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.

[8] അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.

[9] “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ല് കൊടുക്കുക?

[10] അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്?

[11] മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോട് അപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!

[12] അതുകൊണ്ട്, മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവർക്കും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.

[13] “ഇടുങ്ങിയ കവാടത്തിലൂടെ പ്രവേശിക്കുക. വിനാശത്തിലേക്കു നയിക്കുന്ന കവാടം വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്.

[14] എന്നാൽ, ജീവനിലേക്കു നയിക്കുന്ന കവാടം എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.

[15] “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്.

[16] അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ?

[17] നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു.

[18] നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല.

[19] സൽഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു.

[20] ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.

[21] “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം.

[22] ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും.

[23] അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’

[24] “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ഒരു ബുദ്ധിയുള്ള മനുഷ്യനു തുല്യം.

[25] പേമാരി ചൊരിഞ്ഞു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല.

[26] എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ.

[27] പേമാരി ചൊരിഞ്ഞു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”

[28] യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.

[29] കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.

മത്തായി എഴുതിയ സുവിശേഷം — Chapters