[1] അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു;
[2] ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു:
[3] നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്.
[4] നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക.
[5] ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ.
[6] അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.
[7] ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ട്. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും,
[8] ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട്
[9] ഹെരോദാവ് അസ്വസ്ഥനായി. ഞാൻ യോഹന്നാന്റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ് എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
[10] അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി.
[11] എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു.
[12] സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കണം എന്നു പറഞ്ഞു.
[13] അവൻ അവരോട്: നിങ്ങൾ തന്നേ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ എന്നു അവർ ചോദിച്ചു.
[14] ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
[15] അവർ അങ്ങനെ എല്ലാവരെയും ഇരുത്തി.
[16] അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തുകൊണ്ട് സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
[17] എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ട് കൊട്ട ശേഖരിച്ചു.
[18] അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചു.
[19] യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
[20] യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
[21] ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു.
[22] മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു.
[23] പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.
[24] ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
[25] ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം?
[26] ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
[27] എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[28] ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി.
[29] അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു.
[30] രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നേ.
[31] അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
[32] പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ട്.
[33] അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു താൻ പറയുന്നത് എന്താണ് എന്ന് അറിയാതെ പറഞ്ഞു.
[34] ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
[35] മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
[36] ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
[37] പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
[38] ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.
[39] ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.
[40] അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
[41] അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
[42] അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
[43] എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്:
[44] നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
[45] ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
[46] അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
[47] യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി:
[48] ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.
[49] നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്
[50] യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
[51] യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, തനിക്കുമുമ്പായി ദൂതന്മാരെ അയച്ചു.
[52] അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്ന്.
[53] എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല.
[54] അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ എന്നു ചോദിച്ചു.
[55] അവൻ തിരിഞ്ഞു അവരെ ശാസിച്ചു: “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
[56] മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.
[57] അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
[58] യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
[59] വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
[60] യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
[61] മറ്റൊരുവൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
[62] യേശു അവനോട്: കലപ്പയ്ക്ക് കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.