Skip to content
Opens in a new window
Listen to this chapter • 8:08

[1] ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

[2] അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

[3] ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.

[4] ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.

[5] പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;

[6] എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:

[7] അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക

[8] അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[9] യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.

[10] യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[11] എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?

[12] മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?

[13] അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

[14] ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.

[15] അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.

[16] വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.

[17] പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.

[18] സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.

[19] ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.

[20] എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.

[21] ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

[22] അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.

[23] എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

[24] അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.

[25] അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.

[26] അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.

[27] ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

[28] അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

[29] പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.

[30] യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.

[31] തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

[32] നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.

[33] വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിൻ കീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.

[34] ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.

[35] ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.

[36] നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.

[37] അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.

[38] എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.

[39] കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

[40] മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?

[41] അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.

[42] പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.

[43] പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;

[44] നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.

[45] ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.

[46] അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.

[47] നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.

[48] അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.

[49] അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.

[50] ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ

[51] ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[52] ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താ‍ക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.

[53] അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും

[54] അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

ലൂക്കോസ് — Chapters