[1] ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു.
[2] ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു.
[3] അതുകൊണ്ട് നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്,
[4] അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
[5] യെഹൂദ്യരാജാവായ ഹെരോദാവിന്റെ ഭരണകാലത്ത് അബീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.
[6] ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.
[7] എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ട് അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
[8] സെഖര്യാവ് തന്റെ ഗണത്തിന്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
[9] പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
[10] അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
[11] അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.
[12] സെഖര്യാവ് അവനെ കണ്ട് പരിഭ്രമിച്ചു.
[13] ദൂതൻ അവനോട് പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്റെ ഭാര്യ എലിസബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവന് യോഹന്നാൻ എന്നു പേർ ഇടേണം.
[14] നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.
[15] അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
[16] അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
[17] അവൻ കർത്താവിന് മുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.
[18] സെഖര്യാവ് ദൂതനോട്; ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
[19] ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു.
[20] തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
[21] ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.
[22] അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ട് എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആംഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു.
[23] അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
[24] ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു:
[25] മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ച് മാസം ഒളിച്ചു പാർത്തു.
[26] എലിസബെത്ത് ഗർഭിണിയായി ആറ് മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു.
[27] അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു.
[28] ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്ന്: കൃപ ലഭിച്ചവളേ, നിനക്ക് വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
[29] അവൾ ആ വാക്ക് കേട്ട് ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
[30] ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.
[31] നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കണം.
[32] അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും
[33] അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
[34] മറിയ ദൂതനോട്: ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
[35] അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
[36] നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം.
[37] ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല എന്നു ഉത്തരം പറഞ്ഞു.
[38] അതിന് മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
[39] കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്ന്,
[40] അവിടെ സെഖര്യാവിന്റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു.
[41] മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു,
[42] ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.
[43] എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി.
[44] നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി.
[45] കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
[46] അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
[47] എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
[48] അവൻ തന്റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
[49] സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം ആകുന്നു.
[50] അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു.
[51] അവൻ തന്റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
[52] പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു.
[53] വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു.
[54] നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു,
[55] തന്റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു”.
[56] മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.
[57] എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
[58] കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു.
[59] എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ട് വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്റെ പേർപോലെ അവന് സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു.
[60] അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
[61] അവർ അവളോട്: നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ എന്നു പറഞ്ഞു.
[62] പിന്നെ അവന് എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
[63] അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
[64] ഉടനെ അവന്റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
[65] അയൽക്കാർക്കെല്ലാം ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി
[66] കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.
[67] അവന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
[68] “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും.
[69] ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ
[70] അവൻ ശക്തനായ രക്ഷകനെ തന്റെ ദാസനായ ദാവീദിന്റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു.
[71] അവൻ നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
[72] അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു.
[73] നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി.
[74] നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ
[75] വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
[76] നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വഴി ഒരുക്കുവാനും
[77] നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവന് മുമ്പായി നടക്കും.
[78] സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
[79] ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു”.
[80] പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.